ഖത്വറില്‍ വാറ്റിനൊപ്പം ഗള്‍ഫില്‍ അയ്യായിരം പുതിയ ജോലിയും

Posted on: June 28, 2016 8:32 pm | Last updated: June 29, 2016 at 8:39 pm

Gcc ministers meetദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ 2018ല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ള മൂല്യ വര്‍ധിത നികുതി (വാറ്റ്) പുതിയ അയ്യായിരം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ടാക്‌സ്, അക്കൗണ്ടന്‍സി മേഖലയിലാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. വന്‍കിട അക്കൗണ്ടിഗ്, ഓഡിറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്കും സാധ്യതയുണ്ട്. ഈ രംഗത്ത് പ്രമുഖ സ്ഥാപനങ്ങള്‍ ഇതിനകം തന്നെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങല്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് വ്യവസയാ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
2018 മുതല്‍ വാറ്റ് നടപ്പിലാക്കാന്‍ ഇക്കഴിഞ്ഞ 16ന് ജിദ്ദയില്‍ ചേര്‍ന്ന ഗള്‍ഫ് ധനകാര്യമന്ത്രിമാരുടെ യോഗമാണ് അന്തിമമായി തീരുമാനിച്ചത്. നികുതിയുടെ പ്രയോഗവത്കരണം സംബന്ധിച്ച് പൂര്‍ണമായ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ ജി സി സിയിലെ ആറു രാജ്യങ്ങളും 2018 ജനുവരി മുതല്‍ വാറ്റ് നടപ്പലാക്കിത്തുടങ്ങുമെന്നായിരുന്നു മന്ത്രിമാരുടെ യോഗത്തിന്റെ പ്രഖ്യാപനം.
ഖത്വറും യു എ ഇയുമായിരിക്കും ആദ്യമായി വാറ്റ് ഏര്‍പ്പെടുത്തിത്തുടങ്ങുന്ന രാജ്യം. എന്നാല്‍ കുവൈത്ത്, സഊദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും 2018ല്‍ തന്നെ വാറ്റ് ആരംഭിക്കുമെന്ന് രാജ്യാന്തര കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ നേരത്തേ വിപണിക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ലോകത്തെ ‘ബിഗ് 4’ എന്നറിയപ്പെട്ടുന്ന നാലു അക്കൗണ്ടന്‍സി സ്ഥാപനങ്ങളായ പി ഡബ്ല്യു സി, ഡിലോയിറ്റ്, ഇ വൈ, കെ പി എം ജി എന്നീ സ്ഥാപനങ്ങള്‍ ഗള്‍ഫിലെ വാറ്റിനു വേണ്ടി തയാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്ത് തങ്ങളുടെ ക്ലൈന്റുകള്‍ക്കു വേണ്ടി സേവനം ചെയ്യാന്‍ സന്നദ്ധമാകുകയാണ് കമ്പനികള്‍. വാറ്റ് രംഗത്ത് വൈദഗ്ധ്യം നേടിയ ജീവനക്കാര്‍ക്കു വേണ്ടി മത്സര സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് ഇവൈ ഇന്‍ഡയറക്ട് ടാക്‌സ് ലീഡര്‍ ഫിന്‍ബര്‍ സെക്സ്റ്റണ്‍ പറഞ്ഞു. വാറ്റില്‍ അവഗാഹം നേടിയ ജീവനക്കാരുടെ കുറവ് നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മികച്ച ജീവനക്കാരെ കിട്ടാന്‍ മത്സരം നേരിടും. നേരത്തേ വാറ്റ് നടപ്പിലാക്കിയ രാജ്യങ്ങളായ ഇന്ത്യയില്‍ നിന്നും ഈജിപ്തിയില്‍നിന്നുമാണ് കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടക്കുക. ഈ രാജ്യങ്ങളിലും വിദഗ്ധരുടെ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാറ്റിനായി യു എ ഇയിലായിരിക്കും കൂടുതല്‍ ജോലികള്‍ സൃഷ്ടിക്കപ്പെടുക. ഖത്വര്‍, സഊദി രാജ്യങ്ങളും തൊട്ടു പിറകേയുണ്ടാകും. റീട്ടെയില്‍ വ്യവസായ രംഗത്തെ വളര്‍ച്ച കൂടി കണക്കിലെടുക്കുമ്പോള്‍ ഖത്വറില്‍ കൂടുതല്‍ വാറ്റ് ജീവനക്കാര്‍ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഗള്‍ഫില്‍ ചുരുങ്ങിയത് അയ്യായിരം പുതിയ ജോലികളെങ്കിലും സൃഷ്ടിക്കപ്പെടുമെന്ന് വിദഗ്ധര്‍ ചൂണ്ടാക്കാട്ടുന്നത്. പുതിയ നികുതി സമ്പ്രദായം രാജ്യത്തെ ബിസിനസ് രംഗത്ത് മാറ്റം വരുത്തും. ഇന്‍വോയ്‌സിംഗ്, ലൊജിസ്റ്റിക്‌സ്, പ്രൊക്യുര്‍മെന്റ്, ട്രെയ്‌നിംഗ്, എച്ച് ആര്‍ എന്നീ രംഗങ്ങളിലെല്ലാം മാറ്റം വരുത്തുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തേ വാറ്റ് നടപ്പിലാക്കിയ മലേഷ്യയുടെ അനുഭവങ്ങള്‍ പഠനവിധേയമാക്കാനാണ് ഗള്‍ഫ് നാടുകള്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇവിടെ ചരക്ക്, സേവന നികുതി നടപ്പിലാക്കിയത്. അവിടെ ചില പിഴവുകള്‍ സംഭവിച്ചിരുന്നു. അത് ആവര്‍ത്തിക്കാതിരിക്കാനാണ് ഗള്‍ഫ് രാജ്യങ്ങളും കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളും മുന്‍കരുതല്‍ സ്വീകരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് പുതിയ ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് നടക്കുക. ഒന്നാംഘട്ടത്തില്‍ സീനിയര്‍ അഡൈ്വസര്‍മാരും മാനേജര്‍മാരും നിയോഗിക്കപ്പെടും. വാറ്റ് നടപ്പിലാക്കുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയാണ് ദൗത്യം. രണ്ടാംഘട്ടത്തില്‍ വാറ്റ് പ്രയോഗത്തിലാകുമ്പോള്‍ ജോലി ചെയ്യുന്നതിനു വേണ്ടിയുള്ളവരും നിയോഗിക്കപ്പെടും.