സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളജ് പ്രവേശനം: കരാര്‍ ഒപ്പുവെച്ചു

Posted on: June 28, 2016 11:09 pm | Last updated: June 29, 2016 at 11:05 am
SHARE

ENGINEERINGതിരുവനന്തപുരം: മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സര്‍ക്കാര്‍ നിലപാടിന് മുന്നില്‍ എന്‍ജിനീയറിംഗ് മാനേജ്‌മെന്റ് അസോസിയേഷന്‍ വഴങ്ങി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥുമായി അവസാനവട്ടം നടത്തിയ ചര്‍ച്ചക്കൊടുവില്‍ അസോസിയേഷന്‍ പ്രതിനിധികള്‍ സര്‍ക്കാറുമായി കരാര്‍ ഒപ്പുവെച്ചു. പ്രവേശന പരീക്ഷയില്‍ കുറഞ്ഞത് പത്ത് മാര്‍ക്ക് ലഭിക്കാത്തവരെ മാനേജ്‌മെന്റ് സീറ്റിലേക്ക് പരിഗണിക്കണമെന്ന അവസാന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചില്ല. മാര്‍ക്ക് ഏകീകരണത്തിനു മുമ്പുള്ള പട്ടികയില്‍ നിന്ന് പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നായിരുന്നു മാനേജ്‌മെന്റുകള്‍ തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, പ്രവേശന പരീക്ഷയില്‍ യോഗ്യത നേടാത്തവരെ ഒരുകാരണവശാലും പരിഗണിക്കില്ലെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നിലപാടെടുത്തു. അതേസമയം, ഒഴിവുള്ള മാനേജ്‌മെന്റ് സീറ്റുകളില്‍ പ്ലസ്ടുവിന് അറുപത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവരെ പ്രവേശിപ്പിക്കുന്നതിന് അനുമതി വേണമെന്ന ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് മാത്രമാണ് മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഉറപ്പ്.
ആകെ 98 സ്വാശ്രയ എന്‍ജിനീയിറിംഗ് കോളജുകളാണ് സര്‍ക്കാറുമായി കരാറില്‍ ഏര്‍പ്പെട്ടത്. കരാറൊപ്പിട്ട 57 കോളജുകളില്‍ അമ്പത് ശതമാനം മെറിറ്റ് സീറ്റില്‍ അമ്പതിനായിരം രൂപയായിരിക്കും ഫീസ്. നേരത്തെ ഈ കോളജുകളില്‍ പകുതി സീറ്റില്‍ 75,000 രൂപയും ശേഷിക്കുന്ന പകുതിയില്‍ പാവപ്പെട്ടവര്‍ക്ക് അമ്പതിനായിരം രൂപയുമായിരുന്നു ഫീസ്. ഇതാണിപ്പോള്‍ ഏകീകരിച്ച് എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ അമ്പതിനായിരമായി നിശ്ചയിച്ചത്. 41 കോളജുകളില്‍ 75,000 രൂപ ഫീസ് ഈടാക്കും. ഇവിടെ ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് 25,000 രൂപ സ്‌കോളര്‍ഷിപ്പായി തിരിച്ചുനല്‍കും.
സ്വാശ്രയ കോളജുകളിലേക്ക് മൂന്ന് അലോട്ട്‌മെന്റുകള്‍ നടത്തും. പട്ടിക വിഭാഗങ്ങളുടെയും സംവരണ വിഭാഗങ്ങളുടെയും സീറ്റുകള്‍ മെറിറ്റിലേക്ക് വകമാറ്റും മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രത്യേക വിജ്ഞാപനമിറക്കി കുട്ടികളെ ഇക്കാര്യം അറിയിക്കും. സംവരണ വിഭാഗങ്ങളിലെ കുട്ടികള്‍ ശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കിയെങ്കില്‍ മാത്രമേ സീറ്റുകള്‍ വകമാറ്റൂവെന്ന് ചര്‍ച്ചക്കു ശേഷം മന്ത്രി പറഞ്ഞു.
കരാര്‍ ഒപ്പുവെക്കുന്നത് സംബന്ധിച്ച് മാനേജ്‌മെന്റ് അസോസിയേഷനുമായി മൂന്ന് തവണ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ഇന്നലെ രാവിലെ പതിനൊന്നിന് മുമ്പ് നിലപാട് അറിയിക്കണമെന്ന് മാനേജ്‌മെന്റ് അസോസിയേഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മാനേജ്‌മെന്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നാണ് അന്തിമ തീരുമാനമെടുത്തത്. സംസ്ഥാന എന്‍ട്രന്‍സിനു പുറമെ അഖിലേന്ത്യാ എന്‍ട്രന്‍സ്, സ്വാശ്രയ എന്‍ട്രന്‍സ് പരീക്ഷകളില്‍ യോഗ്യത നേടിയവര്‍ക്കും പ്രവേശനം നേടാം. ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി അസോസിയേഷന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു.
മാര്‍ക്ക് ഏകീകരണത്തിനു മുമ്പുള്ള പട്ടികയില്‍ നിന്ന് പ്രവേശനം വേണമെന്ന ആവശ്യം മുഖ്യമന്ത്രിയോടും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെയാണ് പ്ലസ്ടുവിന് അറുപത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവരെ മാനേജ്‌മെന്റ് സീറ്റിലേക്ക് പ്രവേശിപ്പിക്കാനുള്ള അനുമതി നല്‍കണമെന്ന ആവശ്യം അസോസിയേഷന്‍ ഉന്നയിച്ചത്. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് നടത്തുന്ന പരീക്ഷയില്‍ ഓരോ പേപ്പറിനും പത്ത് മാര്‍ക്കെങ്കിലും ലഭിക്കാത്തവരെ സ്വാശ്രയ എന്‍ജിനീയറിഗ് പ്രവേശനത്തിന് പരിഗണിക്കേണ്ടെന്ന് പ്രവേശന മേല്‍നോട്ട സമിതിയായ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയില്‍ നേരത്തെ തീരുമാനമായതാണ്. നിലവില്‍ 12,000 ലധികം എന്‍ജിനീയറിംഗ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇത്തവണ സര്‍ക്കാര്‍ ഇത്തരമൊരു നിലപാടുകൂടി സ്വീകരിച്ചതോടെ കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമെന്നാണ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ചയില്‍ അറിയിച്ചത്. എന്‍ജിനീയറിംഗ് പ്രവേശനത്തിന് ഓപ്ഷന്‍ നല്‍കാനുള്ള സമയം മുപ്പത് വരെ കമ്മീഷണര്‍ നീട്ടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here