Connect with us

Kerala

ഒടുവില്‍ അവര്‍ സ്‌നേഹ തീരത്തെത്തി

Published

|

Last Updated

ബ്രിട്ടീഷ് നാവിക സേനയില്‍ നിന്ന് മോചിതരായ മത്സ്യത്തൊഴിലാളികള്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കൊപ്പം

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനും നയതന്ത്ര ഇടപെടലിനും ശേഷം ഡിയോഗാര്‍ഷ്യയില്‍ നിന്നും തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ ഒന്നരമാസത്തോളം നീണ്ടു നിന്ന ദുരിതജീവിതം പങ്കുവെച്ചു. മെയ് 14നാണ് 19 മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി രണ്ട് ബോട്ടുകളില്‍ കൊച്ചിയില്‍ നിന്നും പുറപ്പെട്ടത്. മത്സ്യസമ്പത്ത് തേടി ഇവര്‍ 2000 കിലോമീറ്റര്‍ അകലെയുളള ഡിയോഗാര്‍ഷ്യയില്‍ 27ന് എത്തി. അവിടെ വെച്ച് ബ്രിട്ടന്റെ അതിര്‍ത്തി ലംഘിച്ചതിന് ബട്ടീഷ് സര്‍വലന്‍സ് കപ്പല്‍ പിടികൂടി. രണ്ട് ബോട്ടുകളെയും തീരത്തടുപ്പിച്ചു. മത്സ്യത്തൊഴിലാളികള്‍ ബ്രിട്ടീഷ് നേവിയുടെ കസ്റ്റഡിയിലുമായി.

കേരളത്തിലെ പൂവാര്‍, പൂന്തുറ, പൊഴിയൂര്‍ എന്നിവിടങ്ങളില്‍ നിന്നുളളവരും തമിഴ്‌നാട്ടിലെ വളളവിള, മാര്‍ത്താണ്ഡംതുറ, നീരോടി എന്നിവിടങ്ങളില്‍ നിന്നുളളവരുമാണ് ബ്രട്ടീഷ് നേവിയുടെ പിടിയിലകപ്പെട്ടത്. ആദ്യത്തെ മൂന്ന് നാള്‍ ഇവരെ മുറിയിലടച്ചു. എന്നാല്‍ ഇവര്‍ ഭക്ഷണം കഴിക്കാന്‍ തയാറായില്ല. ഭക്ഷണം കഴിക്കാത്തതിനെതുടര്‍ന്ന് ഇവരെ ബോട്ടില്‍ കഴിയാന്‍ അനുവദിച്ചു. തുടര്‍ന്ന് നാട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ അനുവാദം നല്‍കി. വീട്ടിലേക്ക് ഫോണ്‍ ചെയ്ത് വിവരം അറിഞ്ഞതിനെതുടര്‍ന്ന് ബന്ധുക്കള്‍ സംസ്ഥാന സര്‍ക്കാറിനെയും ഫിഷറീസ് വകുപ്പിനെയും അറിയിച്ചു. തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വിഷയത്തില്‍ ഇടപെട്ടു. സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 6,40,000 രൂപ പിഴയടക്കണമെന്ന് അവിടുത്തെ കോടതി വിധിച്ചു. അതും ഈ മാസം 17-ാം തീയതിക്കകം വേണം. ഒടുവില്‍ വീട്ടുകാരും ബന്ധുക്കളും കടം വാങ്ങിയും മറ്റും തുക സംഘടിപ്പിച്ചു. ബേങ്ക് വഴി തുക അയച്ചു കൊടുത്തു.

ബോട്ടിലുണ്ടായിരുന്ന വലയും മറ്റ് മത്സ്യ ബന്ധനോപകരണങ്ങളും ബ്രട്ടീഷ് നേവി പിടിച്ചെടുത്തതായി ബോട്ടുടമ ജഗന്‍ പറഞ്ഞു. അതുവഴി 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഒടുവില്‍ രണ്ട് ബോട്ടുകളില്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ കൊച്ചിയിലേക്ക് തിരിച്ചു. ശനിയാഴ്ച്ച കൊച്ചിയിലെത്തി. കൊച്ചിയില്‍ എത്തുന്നതിന് മുമ്പ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും ബോട്ടുകള്‍ ഇന്ത്യയുടെ തീരദേശത്ത് നിന്നും അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് മത്സ്യതൊഴിലാളികളുടെ ബോട്ടിന് അകമ്പടി സേവിച്ചു.

ശനിയാഴ്ച്ച കൊച്ചിയിലെത്തി. ആന്റണി, ജോയ് ആന്റണി, അജിത്ത്കുമാര്‍, ജനീസ്, അന്തോണീസ്, അന്തോണി ആര്‍ പിച്ച, സുനില്‍, ആന്റണി പ്രസാദ്, റൂഡോ, ജെറിന്‍, കെന്നഡി, പവ്യാന്‍സ്, ലോറന്‍സ്, സൈജന്‍, ഏണസ്റ്റ്, അഗസ്റ്റിന്‍ദാസ്, കുഞ്ഞുമോന്‍, മൊയ്ദീന്‍ അന്‍വര്‍,ജോസഫ് എന്നിവരാണ് തിരിച്ചെത്തിയത്.
ഡിയോഗാര്‍ഷ്യയില്‍ നിന്നും ഒമ്പത് ദിവസമെടുത്തു തിരിച്ചെത്താന്‍. നാട്ടിലെത്തിയപ്പോഴാണ് ഇവര്‍ക്ക് ആശ്വസമായത്. ഇന്നലെ മത്സ്യത്തൊഴിലാളികള്‍ ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയുമായി കൂടിക്കാഴ്ച്ച നടത്തി. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില്‍ കൊണ്ടുവരുമെന്നു മന്ത്രി അറിയിച്ചു.

 

Latest