യുറോ കപ്പില്‍ ഐസ്‌ലന്‍ഡിനോട് പരാജയപ്പെട്ട് ഇംഗ്ലണ്ട് പുറത്ത്

Posted on: June 28, 2016 9:12 am | Last updated: June 28, 2016 at 9:24 am

iceland2നൈസ്: കന്നി യൂറോക്കെത്തിയ ഐസ്‌ലന്‍ഡിനോട്് പരാജയപ്പെട്ട് ഇംഗ്ലണ്ട് യൂറോ ക്വാര്‍ട്ടര്‍ പ്രവേശം കിട്ടാതെ പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഐസ്‌ലന്‍ഡ്് ഇംഗ്ലണ്ടിനെ അട്ടിമറിച്ചത്. മത്സരത്തില്‍ ആദ്യം ഗോളടിച്ചത് ഇംഗ്ലണ്ടാണ്. റഹീം സ്റ്റിര്‍ലിങിനെ ബോക്‌സില്‍ വെച്ച് ഐസ്‌ലന്‍ഡ് ഗോളി ഹാല്‍ഡോര്‍സ്സന്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയിലൂടെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ റൂണിയാണ് നാലാം മിനിറ്റില്‍ ഗോളടിച്ചത്.

മൂന്നു മിനിറ്റിനുള്ളില്‍ ഐസ്‌ലന്‍ഡ് ഗോള്‍ തിരിച്ചടിച്ചു. ഐസ്‌ലന്‍ഡിനായി റാഗ്‌നര്‍ സിഗ്രൂഡ്‌സന്‍ ഗോള്‍ നേടിയത്. അധികം വൈകാതെ പതിനെട്ടാം മിനിറ്റില്‍ സിഗ്‌തോര്‍സന്റെ വക വിജയഗോളും പിറന്നു. ഇംഗ്ലണ്ട് ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയെങ്കിലും ഫലമുണ്ടായില്ല. ഐസ്‌ലന്‍ഡ് ഗോള്‍ കീപ്പര്‍ ഹാല്‍ഡോര്‍സന്റെ ഉജ്ജ്വല പ്രകടനം കൂടിയായപ്പോള്‍ കന്നി യൂറോയ്‌ക്കെത്തിയവരോട് പൊരുതി പുറത്തുപോകാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. ക്വാര്‍ട്ടറില്‍ ഐസ്‌ലന്‍ഡ് ഫ്രാന്‍സിനെ നേരിടും. തോല്‍വിയെ തുടര്‍ന്ന് ഇംഗ്ലണ്ട് ടീം കോച്ച് റോയ് ഹഡ്‌സണ്‍ രാജിവച്ചു.