Connect with us

Ongoing News

സ്‌പെയിനിനെ തകര്‍ത്ത് ഇറ്റലി യൂറോ കപ്പ് ക്വാര്‍ട്ടറില്‍

Published

|

Last Updated

പാരീസ്: നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ തകര്‍ത്ത് ഇറ്റലി യൂറോ കപ്പ് ക്വാര്‍ട്ടറില്‍. ജര്‍മനിയാണ് ക്വാര്‍ട്ടറില്‍ ഇറ്റലിയുടെ എതിരാളികള്‍.എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഡെല്‍ബോസ്‌കിന്റെ ടീം തോല്‍വി വഴങ്ങിയത്. 33ാം മിനിറ്റില്‍ ജോര്‍ജിയോ ചെല്ലിനിയും 90ാം മിനിറ്റില്‍ ഗ്രാസിയാനോ പെല്‌ളെയുമാണ് ഗോള്‍ നേടിയത്. കളിയില്‍ പന്ത് കൂടുതല്‍ നേരം കൈവശം വച്ചത് സ്‌പെയിനായിരുന്നെങ്കിലും ഫിനിഷിംഗിലെ പോരായ്്മയാണ് ജേതാക്കള്‍ക്കു തിരിച്ചടിയായത്.

അതേ സമയം ഹംഗറിയെ തകര്‍ത്ത് ബെല്‍ജിയവും യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഹംഗറിയെ ഏകപക്ഷീയമായ നാല് ഗോളിന് കീഴടക്കിയാണ് ബെല്‍ജിയം അവസാന എട്ടില്‍ കടന്നത്. വെയ്ല്‍സാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍. ഈ യൂറോയിലെ ഏറ്റവും വലിയ വിജയ മാര്‍ജിന്‍ കുറിച്ചാണ് ബെല്‍ജിയത്തിന്റെ കുതിപ്പ്. ടോബി ആല്‍വീറെല്‍ഡിലൂടെയാണ് ബെല്‍ജിയം ആദ്യം സ്‌കോര്‍ ചെയ്തത്. ഫ്രീ കിക്കിലൂടെ എത്തിയ പന്ത് മനോഹരമായ ഒരു ഹെഡ്ഡറിലൂടെ ആല്‍വീറെല്‍ഡ് വലയിലെത്തിച്ചു. തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയ ഹംഗറിയെ എളുപ്പത്തില്‍ മറികടക്കാന്‍ ബെല്‍ജിയത്തിനായില്ല. ഒടുവില്‍ ഹംഗറിയുടെ പ്രതിരോധക്കോട്ട പൊളിച്ച് 78ാം മിനുട്ടില്‍ രണ്ടാം ഗോള്‍ പിറന്നു. പകരക്കാരനായി ഇറങ്ങിയ മിക്കി ബഷൗയിയാണ് ഇത്തവണ സ്‌കോര്‍ ചെയ്തത്. രണ്ട് മിനിറ്റ് തികയും മുമ്പ് വീണ്ടും ബെല്‍ജിയം ലീഡുയര്‍ത്തി. ഈഡന്‍ ഹസാര്‍ഡായിരുന്നു ഇത്തവണ ഹംഗറിയുടെ ഹൃദയം തകര്‍ത്തത്. അധിക സമയത്തെ ആദ്യ മിനുട്ടില്‍ യാനിക് കാറസ്‌കോയിലൂടെ നാലാം ഗോളും വീണതോടെ ഹംഗറിയുടെ പതനം പൂര്‍ത്തിയായി.

Latest