രോഗി ഉണര്‍ന്നിരിക്കെ വേദനരഹിത തലച്ചോര്‍ ശസ്ത്രക്രിയ

Posted on: June 28, 2016 1:40 am | Last updated: June 28, 2016 at 12:42 am
SURGERY
രാജഗിരി ആശുപത്രിയില്‍ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന അവേയ്ക്ക് ക്രേനിയോട്ടമി ശസ്ത്രക്രിയ

ആലുവ: രാജഗിരി ആശുപത്രിയില്‍ നടന്ന അത്യപൂര്‍വമായ അവേയ്ക്ക് ക്രേനിയോട്ടമി ശസ്ത്രക്രിയ വിജയകരം. രോഗിയെ മയക്കി കിടത്താതെ തന്നെ തലച്ചോറിലെ കൈ കാലുകളുടെ പ്രവര്‍ത്തനം അല്ലെങ്കില്‍ സംസാര ശേഷി എന്നിവയെ നിയന്ത്രിക്കുന്ന ഭാഗത്ത് ഉണ്ടാകുന്ന ട്യൂമര്‍ വേദന രഹിതവും ശാസ്ത്രീയവുമായി നീക്കം ചെയ്യുന്നതിനാണ് അവേയ്ക്ക് ക്രേനിയോട്ടമി ശസ്ത്രക്രിയ ഉപകരിക്കുന്നത്. ഈ അവസരത്തില്‍ രോഗിക്ക് ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തുവാനും സാധിക്കും.

സംഭാഷണം ഇടക്കുവെച്ച് തടസ്സപ്പെടുന്ന സ്പീച്ച് അറസ്റ്റ് സംഭവിക്കുന്ന അപൂര്‍വമായ അപസ്മാര രോഗവുമായി ആലുവയിലെ രാജഗിരി ആശുപത്രിയിലെത്തിയ 57കാരനാണ് ശസ്ത്രക്രിയക്ക് വിധേയനായത്. തുടര്‍ന്ന് എം ആര്‍ ഐ സ്‌കാനിംഗ് അടക്കമുള്ള പരിശോധനയില്‍നിന്ന് ഇദ്ദേഹത്തിന്റെ തലച്ചോറില്‍ മുഴ കണ്ടെത്തിയത്. സംസാര ശേഷിയുടെ ഉത്ഭവം എന്ന് കരുതപ്പെടുന്ന ബ്രോക്കാസ് ഏരിയക്ക് സമീപം കണ്ടെത്തിയ മുഴ അനിയന്ത്രിതമായി വളരുന്നതായി സ്ഥിരീകരിച്ചതോടെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്കുള്ള നിര്‍ദേശം നല്‍കി.
ഇത്തരം മുഴകള്‍ നീക്കം ചെയ്യുമ്പോള്‍, രോഗിയുടെ സംസാരശേഷി പൂര്‍ണമായും നഷ്ടമായേക്കാവുന്ന ഗുരുതര സാഹചര്യമുണ്ട്. അതിനാല്‍ സംസാരശേഷി ഉത്ഭവിക്കുന്ന ഭാഗം ഏതെന്ന് മനസ്സിലാക്കി അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യമുണ്ട്. ശസ്ത്രക്രിയ പുരോഗമിക്കുമ്പോള്‍ തലച്ചോറിന്റെ ഉപരിഭാഗത്ത് വൈദ്യുതിയാല്‍ ഉത്തേജിപ്പിക്കുമ്പോള്‍ ആ ഭാഗം താത്കാലികമായി പ്രവര്‍ത്തന രഹിതമാകുന്നു. അപ്പോള്‍ സംസാരം നിലക്കുന്നു. ഉത്തേജനം നിര്‍ത്തുമ്പോള്‍ അല്‍പ്പനേരംകൊണ്ട് സംസാരം വീണ്ടെടുക്കുന്നു. ഇത്തരത്തില്‍ സംരക്ഷിക്കേണ്ട ഭാഗം മനസ്സിലാക്കാം. ഇതിനെ ‘ബ്രെയിന്‍ മേപ്പിംഗ്’ എന്ന് പറയുന്നു. ഇതിനോടൊപ്പം ന്യൂറോ നാവിഗേഷന്‍, നൂതനമായ ഫഌറസന്‍സ് മൈക്രോസ്‌കോപ്പ് എന്നിവ ഉപയോഗിച്ച് ട്യൂമര്‍ കൃത്യമായി കണ്ടുപിടിക്കുകയും പൂര്‍ണമായും നീക്കുകയും ചെയ്തു.
ശസ്ത്രക്രിയ പുരോഗമിക്കുമ്പോള്‍ വിദഗ്ധര്‍ രോഗിയുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തിക്കൊണ്ടിരുന്നു. ശസ്ത്രക്രിയ പൂര്‍ണമായ ഉടന്‍ രോഗിക്ക് സാധാരണപോലെ സംസാരിക്കുവാനും ബന്ധുക്കളുമായി സംവദിക്കുവാനും സാധിച്ചു. രോഗി ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ഡോ. ജഗത് ലാല്‍ ഗംഗാധരന്‍(ന്യൂറോസര്‍ജന്‍), ഡോ. ആനി തോമസ്, ഡോ. സച്ചിന്‍ ജോര്‍ജ് (അനസ്തറ്റിസ്റ്റ്) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചു. ദിവ്യ കെ തോമസ്(ന്യൂറോ സൈക്കോളജിസ്റ്റ്), സാറാ പോള്‍(സ്പീച്ച് തെറാപ്പിസ്റ്റ്), ശാലിനി, ശ്രീനാഥ്(ന്യൂറോഫിസിയോളജിസ്റ്റ്) എന്നിവരും പങ്കെടുത്തു.