പിശാചിനെ സൂക്ഷിക്കുക

Posted on: June 28, 2016 2:34 am | Last updated: June 28, 2016 at 12:35 am
SHARE

നന്മ വിളയണമെന്ന് നാം ഓരോരുത്തരും കൊതിക്കുന്നു. ശാന്തിയും സമാധാനവുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ധര്‍മാധിഷ്ഠിത സമൂഹത്തെയാണ് ലക്ഷ്യംവെക്കുന്നതും. നല്ല വഴി കൊതിക്കുന്ന മനുഷ്യന്‍ പക്ഷേ, ചെന്നുവീഴുന്നത് തിന്മയുടെ ചളിക്കുണ്ടില്‍. പള്ളിയില്‍നിന്ന് സുന്ദരമായ വാങ്കൊലിയുടെ ശബ്ദം, അംഗസ്‌നാനം ചെയ്ത് രണ്ട് റക്അത്ത് നിസ്‌കരിക്കുകയാണ് ചെയ്യേണ്ടത്. പക്ഷേ, പള്ളിയിലേക്ക് നടക്കാനൊരുങ്ങുന്ന കാലുകള്‍ക്ക് മടി, മനസ്സിനൊരു വിമ്മിട്ടം. അങ്ങാടിയിലേക്കാണല്ലോ പോകുന്നത്, അവിടെചെന്ന് നിസ്‌കരിക്കാം; മനസ്സ് മന്ത്രിക്കുന്നു. അങ്ങാടിയിലെത്തുമ്പോള്‍ ചിന്തമാറുന്നു, വീട്ടില്‍നിന്ന് നിസ്‌കരിക്കാമെന്ന്. ഇങ്ങനെ ആരാധനകളില്‍നിന്ന് പിന്തിരിപ്പിക്കുന്ന ശക്തിയുണ്ട്. അതിനെ തിരിച്ചറിയണം. ഒരു നന്മചെയ്യാന്‍ ഉദ്ദേശിച്ച് പുറപ്പെട്ടതാണ്. പക്ഷേ, മനസ്സില്‍ ഒരസ്വസ്ഥത. അതിന്റെ ഗുണഗണങ്ങളെപ്പറ്റി അനേകം ചിന്തകള്‍. ആ നന്മയില്‍നിന്ന് നമ്മെ പിന്തിരിപ്പിക്കാനുള്ള ഒരദൃശ്യശക്തിയുടെ സാമീപ്യം നമുക്കനുഭവപ്പെടുന്നു.
തിന്മ ചെയ്യാന്‍ നാം ആഗ്രഹിക്കുന്നില്ല. അവ നാം ഏറെ വെറുക്കുകയും ചെയ്യുന്നു. എന്നിട്ടും തിന്മയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അതിന്റെ കാന്തശക്തിയില്‍ സ്വാധീനിക്കപ്പെടുന്നു. ഒരു പ്രത്യേക നിമിഷത്തില്‍ തെറ്റുചെയ്യുന്നു. ഈ ഉള്‍പ്രേരണയുടെ ചാലകശക്തിയാണ് പിശാച്. ഉറക്കത്തിലും ഉണര്‍വിലും അവന്റെ കെണിയില്‍ നാം അകപ്പെടുകയാണ്.

പിശാചിന്റെ കെണി വിശാലമാണ്. അവന്റെ കുതന്ത്രങ്ങള്‍ ഏറെ ആഴമുള്ളതാണ്. പിശാചിന്റെ തേരോട്ടത്തെക്കുറിച്ച് ഈ വചനം നോക്കൂ. നബി (സ) പറയുന്നു: ‘രക്തം സഞ്ചരിക്കുന്നിടത്തെല്ലാം പിശാച് സഞ്ചരിക്കുന്നു. അതിനാല്‍ വിശപ്പുകൊണ്ട് രക്തധമനികള്‍ നിങ്ങള്‍ ഇടുക്കമാക്കുക”.
പിശാച് മനുഷ്യനെ പിഴപ്പിക്കാന്‍ വേണ്ടി പ്രതിജ്ഞ എടുത്തിരിക്കുന്നു. പക്ഷേ, എല്ലാ മനുഷ്യരെയും വഴിതെറ്റിച്ചു നരകവാസികളാക്കാനുള്ള കഴിവും ശക്തിയും അല്ലാഹു അവനു നല്‍കിയിട്ടില്ല. ഖുര്‍ആന്‍ പറയുന്നു: ”അവരെ മുഴുവനും ഞാന്‍ വഴിതെറ്റിക്കും. പക്ഷേ, നിന്റെ നിഷ്‌കളങ്കരായ അടിമകളൊഴികെ” (സൂറതുസ്വാദ്). അല്ലാഹുവിനെ ഭയക്കുന്നവരില്‍ പിശാചിന് യാതൊരു സ്വാധീനവുമില്ലെന്ന് മറ്റു ഖുര്‍ആനിക സൂക്തങ്ങളും വ്യക്തമാക്കുന്നുണ്ട്.

മനുഷ്യ ഹൃദയത്തിലേക്ക് പ്രവേശിക്കാന്‍ പിശാച് സദാ ശ്രമിച്ചുകൊണ്ടിരിക്കും. ഹൃദയമെന്ന മനുഷ്യസിംഹാസനത്തെ സ്വാധീനിച്ചാല്‍ അവന്റെ പ്രവൃത്തി എളുപ്പമായി. അവിടേക്ക്പിശാച് പ്രവേശിക്കാതെ നോക്കുകയാണ് ഒരു സത്യവിശ്വാസിയുടെ കടമ. ഇഹപര സൗഭാഗ്യത്തിന് ഇത് നിര്‍ബന്ധവുമാണ്. ഇതിന് ഹൃദയത്തിലേക്ക് കടക്കാനുള്ള അവന്റെ കവാടം ഏതെന്ന് അറിയേണ്ടതാണെന്ന് ഇമാം ഗസാലി (റ) ഇഹ്‌യയില്‍ വിശദമായി വിവരിച്ചിട്ടുണ്ട്.
ഹൃദയത്തിലേക്ക് ഇബ്‌ലീസിന് പ്രവേശിക്കാനുള്ള വിശാലമായൊരു കവാടമാണ് കാമം. കാമം കത്തുന്ന ഹൃദയത്തിലേക്ക് അവന് പ്രവേശിക്കാന്‍ എളുപ്പമാണ്. ഇബ്‌ലീസ് ഒരിക്കല്‍ മൂസാനബി (അ) യോട് പറഞ്ഞു: ”നിങ്ങള്‍ അന്യസ്ത്രീയുമായി തനിച്ചാകരുത്. അങ്ങനെ തനിച്ചാകുമ്പോള്‍ അവരുടെ ഇടയിലുള്ള കൂട്ടുകാരന്‍ ഞാന്‍ മാത്രമാകുന്നതാണ്. ഇതിന് എന്റെ അനുയായികളില്‍ ആരെയും ഞാന്‍ നിയോഗിക്കുകയില്ല. ഞാന്‍ തന്നെ അക്കാര്യം ഏറ്റെടുക്കുന്നതാണ്. അങ്ങനെ അവനെയും അവളെയും ഞാന്‍ കുഴപ്പത്തിലാക്കുന്നതാണ്”.
ഹൃദയത്തിലേക്ക് ഇബ്‌ലീസിന് എളുപ്പം പ്രവേശിക്കാന്‍ കഴിയുന്ന മറ്റൊരു കവാടമാണ് കോപം. ഇബ്‌ലീസ് മൂസാനബി(അ)യോട് പറഞ്ഞു: ”നീ ദേഷ്യംപിടിക്കുമ്പോള്‍ ഉടനെ എന്നെ ഓര്‍ക്കുക. മനുഷ്യന്‍ കോപിക്കുമ്പോള്‍ ഞാനവന്റെ മൂക്കില്‍ ഊതുന്നു. പിന്നീട് എന്താണ് ചെയ്യേണ്ടതെന്നവന് അജ്ഞാതമാകുന്നു” (ഇഹ്‌യ).
അസൂയ മുഖേനയും മനുഷ്യഹൃദയത്തിലേക്ക് പിശാചിന് കടന്നുകയറാന്‍ കഴിയുന്നു. നമ്മുടെ മനസ്സില്‍ നിന്ന് അസൂയയെ അകറ്റാന്‍ ശ്രമിക്കണം. നൂഹ്‌നബി(അ)യോട് ഇബ്‌ലീസ് പറഞ്ഞ വാക്കുകള്‍: ”ജനങ്ങളെ ഞാന്‍ നശിപ്പിക്കുന്നത് രണ്ട് കാര്യങ്ങള്‍ കൊണ്ടാണ്. അസൂയയും ആര്‍ത്തിയും. അസൂയ കൊണ്ടാണ് ഞാന്‍ ശപിക്കപ്പെട്ടത്. ഞാന്‍ ആട്ടപ്പെട്ടതും പിശാചായതും ഇതുകൊണ്ടാണ്”.
ഇങ്ങനെ നിരവധി വഴികളിലൂടെ പിശാച് മനുഷ്യഹൃദയത്തിലേക്ക് കടന്നുകയറുകയും തിന്മ പ്രേരിപ്പിച്ച് കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു. നിതാന്തജാഗ്രതയോടെ പിശാചിനെതിരെ പോരാടേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here