എന്തുകൊണ്ട് സിവില്‍ സര്‍വീസ് അഴിച്ചുപണിയണം?

Posted on: June 28, 2016 6:23 am | Last updated: June 28, 2016 at 12:29 am

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവണ്‍മെന്റ് നമ്മുടെ ഭരണരംഗത്തെ ജനാധിപത്യവത്കരിക്കാനുള്ള ഒരു’ഭഗീരഥയത്‌നം ഏറ്റെടുത്തിരിക്കുകയാണ്. സെക്രട്ടറിയേറ്റ് ജീവനക്കാരോട് മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രസംഗം ഭരണനവീകരണത്തിനുള്ള നയപ്രഖ്യാപനമായി കഴിഞ്ഞിരിക്കുന്നു. സിവില്‍സര്‍വീസിലെ അഴിമതി അവസാനിപ്പിച്ച് സദ്ഭരണം ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുന്നണിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ രണ്ടാം ഭരണപരിഷ്‌കാര കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്നും ഇ-ഗവേണന്‍സ് ഫലപ്രദമാക്കുമെന്നുമാണ് പറഞ്ഞിട്ടുള്ളത്. എല്ലാ പരാതികളിലും പ്രശ്‌നങ്ങളിലും 30 ദിവസത്തിനകം സര്‍ക്കാര്‍ തലത്തില്‍ തീര്‍പ്പുണ്ടാക്കുമെന്നും പരാതികളോ ആവശ്യങ്ങളോ നിരസിക്കപ്പെട്ടാല്‍ അവ പുനപരിശോധിച്ച് വ്യക്തത ഉണ്ടാക്കുന്നതിന് ജനപങ്കാളിത്തത്തോടെയുള്ള സംവിധാനം രൂപപ്പെടുത്തുമെന്നും മാനിഫെസ്റ്റോ ഉറപ്പുനല്‍കിയിട്ടുണ്ട്.

ഒരു ജനപക്ഷ സിവില്‍ സര്‍വീസിനെക്കുറിച്ചുള്ള കാഴ്ചപ്പാടും നിര്‍ദ്ദേശങ്ങളുമാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഫയലുകളില്‍ കിടന്ന് അനിശ്ചിതമായി നീണ്ടുപോകുന്ന പ്രശ്‌നങ്ങള്‍ക്ക് യഥോചിതമായി പരിഹാരം ഉണ്ടാകണമെന്നാണ് കാണുന്നത്. അതിനായി ഇന്നത്തെ സെക്രട്ടറിയേറ്റ് അടിസ്ഥാനമായ സംവിധാനം മാറ്റി കേന്ദ്രസര്‍ക്കാറിനെപ്പോലെ ഡയറക്ടറേറ്റ് രീതിയില്‍ വികേന്ദ്രീകൃതവും ഫലപ്രദവുമായ സംവിധാനം രൂപപ്പെടുത്തേണ്ടതുണ്ട്.

കോണ്‍ഗ്രസ്, ബി ജെ പി മുന്നണികള്‍ പിന്‍പറ്റുന്ന നിയോലിബറല്‍ നയങ്ങള്‍ സര്‍ക്കാറിന്റെ ഡൗണ്‍സൈസിംഗും സിവില്‍ സര്‍വീസിന്റെ പരിമിതപ്പെടുത്തലുമാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാറിനെ ഒരു സേവനദാതാവ് എന്ന നിലയില്‍ നിന്നും ഒരു ഫെസിലിറ്റേറ്റര്‍ റോളിലേക്ക് ചുരുക്കുകയാണ് ഈ നയങ്ങള്‍ ലോകത്തെല്ലായിടത്തും ചെയ്തുകൊണ്ടിരിക്കുന്നത്. ക്ഷേമരാഷ്ട്ര സങ്കല്‍പവുമായി ചേര്‍ന്ന് വികസിച്ചുവന്ന ആധുനിക സിവില്‍ സര്‍വീസിനെ ഇല്ലാതാക്കുന്നത് സേവന മേഖലകളില്‍ നിന്നും ക്ഷേമപദ്ധതികളില്‍ നിന്നും പിന്‍മാറുന്ന നയത്തിന്റെ ഭാഗമായിട്ടാണല്ലോ. എല്ലാം വാണിജ്യവത്കരിക്കുകയും സ്വകാര്യവത്കരിക്കുകയും വിപണിയുടെ നിയമങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്ന നിയോലിബറല്‍ നയങ്ങള്‍ തകര്‍ക്കുകയും അഴിമതിഗ്രസ്ഥമാക്കുകയും ചെയ്യുന്ന സിവില്‍സര്‍വീസിന്റെ അഴിച്ചുപണിയാണ് ജനോപകാരപ്രദമായ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ മുന്നുപാധിയെന്ന തിരിച്ചറിവാണ് ഇടതുപക്ഷത്തിനുള്ളത്.

ഈയൊരു വീക്ഷണവും അത് പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള പ്രതിബദ്ധതയുമാണ് സെക്രട്ടറിയേറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലുടനീളം തിളച്ചുനിന്നത്. അഴിമതിരഹിതവും സുതാര്യവും കാര്യക്ഷമവുമായ ഭരണവും സിവില്‍സര്‍വീസും ഉറപ്പുവരുത്താന്‍ ജീവനക്കാരുടെ വീക്ഷണങ്ങളിലും മനോഭാവങ്ങളിലും മാറ്റമുണ്ടാകണമെന്ന അഭ്യര്‍ഥനയാണ് പിണറായിയുടെ പ്രസംഗത്തിലുടനീളം ഉണ്ടായിരുന്നത്. സിവില്‍സര്‍വീസിന്റെ നവീകരണമെന്നത് ഭരണത്തിന്റെ ജനായത്തവത്കരണമാണ്. വികസിതമായ ഒരു പുതിയ കേരളം കെട്ടിപ്പടുക്കാന്‍ സിവില്‍സര്‍വീസിനെ മാറ്റിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.

അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിക്കിടക്കുന്ന സിവില്‍സര്‍വീസിനെ ഇച്ഛാശക്തിയോടെ ജനോപകാരപ്രദമായ സംവിധാനമാക്കാനുള്ള നടപടികള്‍ക്കാണ് ഇടതുമുന്നണി സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.
വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെ നീളുന്ന കൈക്കൂലിയും അഴിമതിയും ബ്യൂറോക്രാറ്റിക് മനോഭാവവും സാധാരണക്കാര്‍ക്ക് അസഹനീയമായി കഴിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവ് ജീവനക്കാര്‍ക്ക് ഉണ്ടാവണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചത്.

തന്റെ പ്രസംഗത്തില്‍ സൗഹാര്‍ദപൂര്‍വം എന്നാല്‍ നിശിതമായ ഭാഷയില്‍ ജീവനക്കാരോട് സുതാര്യവും അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍സര്‍വീസിനുവേണ്ടി സ്വയം പരിവര്‍ത്തനപ്പെടാനാണ് ആവശ്യപ്പെട്ടത്.”ഓരോ ഫയലും ഓരോ ജീവിതമാണ്’ എന്ന തിരിച്ചറിവ് ജീവനക്കാര്‍ക്ക് ഉണ്ടാകണം എന്ന സന്ദേശമാണ് നല്‍കിയത്. മനുഷ്യജീവിതത്തെയും പ്രശ്‌നങ്ങളെയും ചുവപ്പുനാടകളില്‍ തളച്ചിടാന്‍ ഒരു ഉദേ്യാഗസ്ഥനും അധികാരമില്ല. തീരുമാനമെടുക്കാന്‍ വൈകുന്ന ഓരോ പരാതിയും ഫയലും സാധാരണ മനുഷ്യരുടെ ജീവിതത്തെയാണ് തകര്‍ക്കുന്നതെന്ന ബോധമുണ്ടാകണം.

സിവില്‍സര്‍വീസ് എന്നാല്‍ വെറുമൊരു തൊഴിലല്ലെന്നും അതൊരു സേവനമാണെന്നുമുള്ള ബോധം ഓരോ ജീവനക്കാരനുമുണ്ടാകണം. മുതലാളിത്തം സൃഷ്ടിച്ച വ്യക്തിവത്കരണത്തിന്റെയും സ്വാര്‍ഥതയുടെയും അനാശാസ്യകരമായ പ്രവണതകളെ ഓരോ ജീവനക്കാരനും ഉയര്‍ന്ന സാമൂഹിക ബോധം കൊണ്ട് മറികടക്കേണ്ടതുണ്ട്. തങ്ങളിലര്‍പ്പിതമായ ഉത്തരവാദിത്വവും അധികാരവും ജനങ്ങളെ സേവിക്കാനുള്ളതാണെന്ന ബോധമാണ് ഓരോ ജീവനക്കാരനെയും നയിക്കേണ്ടത്. സങ്കുചിത താത്്പര്യങ്ങളും പ്രതിബദ്ധതയില്ലായ്മയും സാമൂഹികമായൊരു കുറ്റകൃത്യമാണെന്ന ബോധം ജീവനക്കാരനുണ്ടാകണം. ജീവനക്കാരുടെ താത്്പര്യരാഹിത്യവും പ്രൊഫഷണലിസമില്ലായ്മയും ഇന്നത്തെ സിവില്‍സര്‍വീസിനെ ജനവിരുദ്ധമാക്കിയിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.

നമ്മുടെ ഭരണഘടനയനുസരിച്ച് നിയമങ്ങളോടും നടപടിക്രമങ്ങളോടും കൂറും വിധേയത്വവും പുലര്‍ത്തി ജനങ്ങള്‍ക്ക് സേവനം നല്‍കുക എന്നതാണ് ഓരോ സര്‍ക്കാര്‍ ഉദേ്യാഗസ്ഥന്റെയും അടിസ്ഥാന ഉത്തരവാദിത്വം. ഇത് വിസ്മരിക്കുന്ന, എല്ലാ സാമൂഹിക മൂല്യങ്ങളെയും നിരസിക്കുന്ന ജീവനക്കാരാണ് സിവില്‍സര്‍വീസിനെ ജനവിരുദ്ധമാക്കുന്നത്. തീര്‍ച്ചയായും സ്വകാര്യസ്വത്തുടമസ്ഥതയില്‍ അധിഷ്ഠിതമായ വ്യവസ്ഥ സൃഷ്ടിക്കുന്ന മൂല്യങ്ങളും സ്വാര്‍ഥതയും ജീവനക്കാരനെ ജനസേവന മനോഭാവങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നുണ്ട് എന്നത് സര്‍വീസ് സംഘടനകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഗൗരവമായിതന്നെ കാണണം.

ഇച്ഛാശക്തിയോടെ സിവില്‍സര്‍വീസിനെ ജനകീയവത്കരിക്കാനുള്ള നിരന്തരമായ ഇടപെടല്‍ സര്‍വീസ് സംഘടനകളുടെ പ്രധാന ഉത്തരവാദിത്വമാണ്. ഇടതു മുന്നണി ഭാവനാപൂര്‍ണമായ നടപടികളിലൂടെ സിവില്‍സര്‍വീസിനെ നവീകരിച്ച് സദ്’ഭരണം ഉറപ്പാക്കാനാവശ്യമായ പരിശ്രമങ്ങളിലാണ്. ഇത് ജീവനക്കാരെ വിശ്വാസത്തിലെടുത്തും മാറ്റിത്തീര്‍ത്തുകൊണ്ടും മാത്രമേ സാധ്യമാകൂ. അവരുടെ സേവനവേതന വ്യവസ്ഥകള്‍ ഉറപ്പുവരുത്തിക്കൊണ്ട് ജനോപകാരപ്രദമായ ഒരു സംവിധാനമായി സിവില്‍സര്‍വീസിനെ കാര്യക്ഷമമാക്കണമെന്നാണ് കാണുന്നത്.

ജനസൗഹൃദമായ ഒരു സിവില്‍സര്‍വീസ് സര്‍ക്കാരും ജീവനക്കാരും പൊതുസമൂഹവും സംവാദാത്മകമായ ഇടപെടലുകളിലൂടെ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് സെക്രട്ടറിയേറ്റ് ജീവനക്കാരോടുള്ള പ്രസംഗത്തില്‍ മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചത്. കേരളത്തിലെ സിവില്‍സര്‍വീസിനെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും അഴിമതിയെയും ജീവനക്കാരുടെ അലസതയെയും ഉദേ്യാഗസ്ഥ മേധാവിത്ത സമീപനത്തെയും കുറിച്ചുള്ള ആക്ഷേപങ്ങളാണ്. ഇത് ജീവനക്കാര്‍ ആത്മവിമര്‍ശനപരമായി തന്നെ പരിശോധിക്കേണ്ട പ്രശ്‌നമാണെന്ന് പിണറായി വിജയന്‍ സെക്രട്ടറിയേറ്റിലെ ജീവനക്കാരോട് പറഞ്ഞു.

കേരളം ഇന്നുകാണുന്ന സാമൂഹിക പുരോഗതിക്ക് വലിയ സംഭാവന നല്‍കിയവരാണ് കേരളത്തിലെ സിവില്‍സര്‍വീസില്‍ പണിയെടുക്കുന്നവരെന്നകാര്യം കാണാതിരിക്കരുത്.
കേരളം നേടിയ വികസനക്ഷേമ നേട്ടങ്ങള്‍ക്കുപിറകില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച എത്രയോ ജീവനക്കാരുടെ പങ്കുണ്ടെന്നത് അനിഷേധ്യമായൊരു വസ്തുതയാണ്. ജീവനക്കാരുടെ സംഘടിത യൂനിയനുകളുടെ സമ്പൂര്‍ണമായ സഹായത്തോടെ സവില്‍സര്‍വീസിനെ കാലാനുസൃതമായി മാറ്റിയെടുക്കാനും നവീകരിക്കാനും കഴിയണം. അഴിമതിയും കെടുകാര്യസ്ഥതയും അടക്കമുള്ള ദുര്‍മേദസ്സുകളില്‍ നിന്ന് സിവില്‍സര്‍വീസിനെ മോചിപ്പിച്ചെടുക്കാനും ജനോപകാരപ്രദമാക്കാനുമുള്ള ധീരമായ ഇടപെടലാണ് ഇന്നാവശ്യം.

അതിനാണ് കേരളത്തിന്റെ മുഖ്യമന്ത്രി ജീവനക്കാരോടൊപ്പം നിന്ന് തുടക്കം കുറിച്ചിരിക്കുന്നത്. ഇത് സവില്‍സര്‍വീസിന്റെ നവീകരണവും ഭരണത്തിന്റെ ജനാധിപത്യവത്കരണവുമാണ്.