മൃതദേഹം കിണറ്റിലെറിഞ്ഞ സംഭവം: പ്രതി അറസ്റ്റില്‍

Posted on: June 28, 2016 12:17 am | Last updated: June 28, 2016 at 12:17 am
SHARE

ബദിയടുക്ക: കാട്ടുമൃഗങ്ങളെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുത വേലിയില്‍ തട്ടി മരിച്ചയാളുടെ മൃതദേഹം കിണറ്റിലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റില്‍. പെര്‍ള ബജ കൂഡ്‌ലുവിലെ സുന്ദര (44)യുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പ്രതിചേര്‍ക്കപ്പെട്ട അയല്‍വാസി വാമനനായകിനെ(52)യാണ് വിദ്യാനഗര്‍ സി ഐ പ്രമോദ് അറസ്റ്റ് ചെയ്തത്. സുന്ദരയുടെ മരണം അസ്വാഭാവികമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ള ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് സുന്ദരയുടെ മൃതദേഹം വീടിനടുത്തുള്ള കിണറ്റില്‍ കണ്ടെത്തിയത്. ഞായറാഴ്ചയാണ് സുന്ദര വീട്ടില്‍ നിന്നിറങ്ങിയത്. ഇയാള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണതായിരിക്കുമെന്ന സംശയമാണ് ആദ്യം ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
മൃതദേഹം വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയതോടെ വൈദ്യുതാഘാതമേറ്റാണ് സുന്ദര മരിച്ചതെന്നും വെള്ളത്തില്‍ മുങ്ങിയല്ലെന്നുമായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അയല്‍വാസിയായ വാമനനായക് പന്നികളുടെയും മറ്റും ശല്യം ഒഴിവാക്കാന്‍ സ്ഥാപിച്ച വൈദ്യുതകമ്പിയില്‍ തട്ടി സുന്ദര ഷോക്കേറ്റ് മരിച്ചതാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. സുന്ദര മരിച്ചുകിടക്കുന്നതുകണ്ട വാമനനായക് മരണത്തിനുത്തരവാദി താനാകുമെന്ന് ഭയന്ന് മൃതദേഹം കിണറ്റിലിടുകയായിരുന്നു. ഞണ്ടിനെ പിടിക്കാനായി സുന്ദര വീടിന് സമീപത്തെ തോട്ടിലേക്ക് പോകുമ്പോഴാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here