സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ നിരുത്തരവാദപരമെന്ന് ഹൈക്കോടതി

Posted on: June 28, 2016 1:30 am | Last updated: June 28, 2016 at 12:08 am

കൊച്ചി: സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ നിരുത്തരവാദപരമാണെന്ന് ഹൈക്കോടതി. ആലപ്പുഴയിലെ രാജാ കേശവദാസ് നീന്തല്‍കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതിനെതിരായ ഹരജിയിലാണ് കോടതിയുടെ വിമര്‍ശം.
സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനത്തില്‍ കൗണ്‍സില്‍ അലംഭാവം കാട്ടിയതായി ആക്ടിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് കുറ്റപ്പെടുത്തി. സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ കലക്ടറും സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സര്‍ക്കാറിന്റെ ഉത്തരവാദപ്പെട്ടവര്‍ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കായിക രംഗത്തെ പദ്ധതി പൂര്‍ത്തിയാവാതെ ഇഴയുന്നത് പണനഷ്ടമുണ്ടാക്കുന്നുവെന്നും ഇത് ഗൗരവകരമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിര്‍മിച്ച നീന്തല്‍ ക്കുളത്തിന്റെ പ്രവര്‍ത്തനം കെടുകാര്യസ്ഥതമൂലം ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലച്ചുവെന്നും ഇതിന്റെ പ്രയോജനം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സേവ് ആലപ്പി ഫോറം എന്ന സംഘടന കോടതിയെ സമര്‍പ്പിച്ചത്.
2010 ജനുവരി 25ന് നീന്തല്‍ക്കുളം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ സ്‌പേര്‍ട്‌സ് കൗണ്‍സില്‍ നേരത്തെ കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും പദ്ധതി പൂര്‍ത്തിയാക്കിയില്ലെന്നും ഹരജിയില്‍ പറയുന്നു. നീന്തല്‍ക്കുളത്തിന്റെ നവീകരണത്തിനായി സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചിരുന്നു. ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ വൈമനസ്യം കാണിക്കുന്നുവെന്നും കൂടുതല്‍ തുക അനുവദിക്കുന്നതില്‍ കാലതാമസമുണ്ടായതാണ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വൈകിയതെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എതിര്‍ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു.