വി എം സുധീരനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം

Posted on: June 28, 2016 1:02 am | Last updated: June 28, 2016 at 12:04 am

joseph m puthusseryകോട്ടയം: മദ്യ വ്യവസായി ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തതിനെതിരെ കേരള കോണ്‍ഗ്രസ് എം രംഗത്ത്. യു ഡി എഫ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി കള്ളക്കഥകള്‍ പ്രചരിപ്പിച്ച മദ്യവ്യവസായിയുടെ മകളുടെ വിവാഹനിശ്ചയത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തതോടെ ബാര്‍കോഴ വിഷയത്തില്‍ കെ എം മാണിക്കെതിരെ ഗൂഢാലോചന നടന്നു എന്നത് സാധൂകരിക്കുന്നതാണെന്ന് കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി ആരോപിച്ചു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചടങ്ങില്‍ പങ്കെടുത്തത് കടുത്ത പ്രതിഷേധാര്‍ഹമാണ്. ബിജു രമേശിന്റെ മകളുടെ വിവാഹചടങ്ങില്‍ ഇരുവരും പങ്കെടുത്തതിന് ഒരു ന്യായീകരണവുമില്ല. അത് ഒഴിവാക്കേണ്ടതായിരുന്നു. ഇത്തരം കാര്യങ്ങളില്‍ ഔചിത്യം കാണിക്കണം. വിവാഹ നിശ്ചയം സ്വകാര്യ ചടങ്ങാണെന്ന് പറഞ്ഞ് അതിനെ ലഘൂകരിക്കുകയോ മഹത്വവത്കരിക്കുകയോ ചെയ്യാം.

എന്നാല്‍, യാഥാര്‍ഥ്യം അതല്ല. യു ഡി എഫിനെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയ വ്യക്തിയാണ് ബിജു രമേശ്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളില്‍ അകലം പാലിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ബാധ്യസ്ഥരാണ്. മുന്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷ എം എല്‍ എയുടെ വീട്ടില്‍ ഗൂഢാലോചന നടന്നുവെന്ന് പറഞ്ഞവര്‍തന്നെ ചടങ്ങിന് പോയത് അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ സുധീരന്റെ നിലപാടിനൊപ്പമാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പെന്നും പുതുശേരി കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കെ പി സി സി പ്രസിഡന്റിന്റെ നിലപാടിനെതിരെ ചിലര്‍ വിവാദം ഉയര്‍ത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ സുധീരനൊപ്പമാണെന്ന് പുതുശേരി ആവര്‍ത്തിച്ചു.
സുധീരനെതിരെ ഈ വിഷയത്തില്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തുറന്ന പോരിനിറങ്ങുകയും ഹൈക്കമാന്‍ഡിന് പരാതി നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ അനുകൂല നിലപാടുമായി കേരളാ കോണ്‍ഗ്രസ് രംഗത്തത്തെിയത് ഉമ്മന്‍ ചാണ്ടിക്കും രമേശിനും തിരിച്ചടിയുമായായി.