കാലിക്കറ്റ് റാങ്ക് ലിസ്റ്റ്:അന്വേഷണ വിവരങ്ങള്‍ വി സി സര്‍ക്കാറിനെ അറിയിച്ചു

Posted on: June 28, 2016 2:00 am | Last updated: June 27, 2016 at 11:59 pm

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പ്യൂണ്‍-വാച്ച്മാന്‍ റാങ്ക് ലിസ്റ്റ് ചോര്‍ന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ കണ്ടെത്തലുകള്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബശീര്‍ സര്‍ക്കാറിനെ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് വി സി ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ രേഖാമൂലം സര്‍വകലാശാല പ്രോ ചാന്‍സിലറായ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് ഇ-മെയില്‍ വഴി നല്‍കിയത്.

സര്‍വകലാശാല പ്രസിദ്ധീകരിക്കും മുമ്പ് പുറത്തുവന്ന റാങ്ക് ലിസ്റ്റ് ഒറിജിനല്‍ തന്നെയാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജോയിന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അറിയിച്ച വി സി വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പ്രോ വൈസ് ചാന്‍സിലര്‍ അധ്യക്ഷനായി പുതിയ സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും സര്‍ക്കാറിനെ ഔദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അറിയിക്കാന്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് വി സി മറുപടി നല്‍കിയത്.