Connect with us

Kerala

കാത്തിരിക്കാനില്ല ഈ തറവാട്

Published

|

Last Updated

ആലപ്പുഴ: കുട്ടനാടിന്റെ പച്ചപ്പും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കരുത്തും ഗന്ധവുമെല്ലാം കണ്ടും കേട്ടും വളര്‍ന്ന കാവാലത്തില്‍ സാഹിത്യം മുളപെട്ടാനുളള എല്ലാ ചേരുവകകളും ബാല്യകാലം മുതലെ കാവാലം ഗ്രാമത്തിലും ചാലില്‍ തറവാട്ടിലുമുണ്ടായിരുന്നു. കാവാലത്തിന്റെ കുട്ടിക്കാലത്ത് അമ്മാവന്‍ സര്‍ദാര്‍ കെ എം പണിക്കര്‍ വീട്ടിലെത്തുമ്പോള്‍ ചാലയില്‍ തറവാട്ടില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷമായിരുന്നു നടന്നിരുന്നത്. കഥകളി, മോഹിനിയാട്ടം, നാടകം, സംഗീതം അടക്കമുള്ള കലാരൂപങ്ങള്‍ ഓരോ ദിവസവും വീട്ടില്‍ അരങ്ങേറിയിരുന്നെങ്കിലും നാടന്‍ കലാരൂപങ്ങളോടായിരുന്നു കാവലത്തിന് താത്പര്യം. നാടന്‍ പാട്ടുകള്‍, നാടകങ്ങള്‍ എന്നിവയില്‍ ആകൃഷ്ടനായിരുന്നു കുട്ടിക്കാലത്ത് തന്നെ നാരായണപ്പണിക്കര്‍. പണ്ഡിതന്‍, പത്രപ്രവര്‍ത്തകന്‍, ചരിത്രകാരന്‍, നയതന്ത്രപ്രതിനിധി, ഭരണജ്ഞന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ സര്‍ദാര്‍ കെ എം പണിക്കര്‍ എന്ന സര്‍ദാര്‍ കാവാലം മാധവ പണിക്കരുടെ അനന്തിരവനും ആധുനികതയെ മലയാള സാഹിത്യലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്ത അയ്യപ്പപ്പണിക്കരുടെ ബന്ധുവുമായ കാവാലം നാരായണപ്പണിക്കര്‍ സാധാരണക്കാര്‍ക്കിടയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചയാളാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം തന്റെ നാടകാവതരണത്തിന് പുതിയ ശൈലി തന്നെ രൂപപ്പെടുത്തിയത്.

നാടോടിക്കലകളുടെ സ്വീകാര്യമായ അംശങ്ങള്‍ സംയോജിപ്പിച്ച് നൃത്തം, ഗീതം, വാദ്യം എന്നിവയില്‍ അധിഷ്ഠിതമായ തൗര്യത്രിക രംഗാവതരണരീതിയാണ് കാവാലം നാരായണപണിക്കര്‍ തന്റെ നാടകങ്ങളില്‍ പ്രയോഗിച്ചത്. നിറപ്പൊലിമയോടുകൂടിയ രംഗചലനങ്ങളോടും താളാത്മകമായ ചുവടുവെപ്പുകളോടും കൂടി പാരമ്പര്യ നാടകവേദികളില്‍ നിന്നും വ്യതിചലിച്ച് തുറസ്സായ സ്ഥലത്തു പോലും അവതരിപ്പിക്കപ്പെടുന്ന കാവാലത്തിന്റെ ശൈലി ഏറെ പ്രേക്ഷകരുടെ മനം കവരുന്നു. തികച്ചും ശൈലീകൃതമായ രംഗാവതരണരീതി കേരളത്തില്‍ വേരുറക്കുന്നത് കാവാലത്തിന്റെ നാടകാവതരണങ്ങളിലൂടെയാണ്. കുട്ടിക്കാലത്ത് ചാലയില്‍ തറവാട് ആഘോഷങ്ങളുടെ കേന്ദ്രമായിരുന്നു. കൃഷി മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ തറവാടായിരുന്നതിനാല്‍ തന്നെ കുട്ടനാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും ചാലയില്‍ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. പ്രസിദ്ധിയിലേക്ക് ഉയര്‍ന്നപ്പോള്‍ തന്റെ തട്ടകം കാവലത്ത് നിന്നും മാറിയെങ്കിലും സമയം കിട്ടുമ്പോഴെല്ലാം ആ ഗൃഹാതുരത്വം ഉണര്‍ത്താന്‍ ഓടിയെത്തുമായിരുന്നു. തന്റെ എല്ലാ സാഹിത്യ സൃഷ്ടികളിലും കുട്ടനാടിന്റെ പച്ചപ്പ് എന്നും സൃഷ്ടിക്കുകയെന്നത് കാവലത്തിന് ഹരമായിരുന്നു. ജന്മനാട്ടില്‍ എത്തുമ്പോള്‍ പമ്പയാറിനു സമീപമുള്ള മക്കളുടെ പേരില്‍ പണിത ശ്രീഹരിയില്‍ വീട്ടില്‍ സമയം ചെലവഴിക്കാനാണ് കാവാലം ആഗ്രഹിച്ചിരുന്നത്. മലയാള സാഹിത്യം നിലനില്‍ക്കുന്നിടത്തോളം നാടകാചാര്യനായ കാവാലം നാരായണപ്പണിക്കരെന്ന കാവാലം കാലാതീതനായി വിരാജിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.