Connect with us

Health

കേരളം പനിച്ച് വിറക്കുന്നു

Published

|

Last Updated

കൊച്ചി:കാലവര്‍ഷം തുടങ്ങുന്നതിനു മുമ്പെ പകര്‍ച്ചാവ്യാധികളുടെ പിടിയിലായ കേരളമിപ്പോള്‍ പതിവിലും കവിഞ്ഞ് പനിച്ച് വിറക്കുകയാണ്. പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയില്‍പേരാണ് പ്രതിദിനം പനിബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയെത്തുന്നത്. സ്വകാര്യ ആശുപത്രികളില്‍ ഇതിനേക്കാളേറെയും. ഈ മാസത്തില്‍ തിങ്കളാഴ്ച ഉച്ച വരെയുള്ള ഔദ്യോഗിക കണക്കനുസരിച്ച് 2,50,276 പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി ചികിത്സ തേടിയത്. ഇന്നലെ മാത്രം 13,861 പേര്‍ പനിബാധിച്ച് ചികിത്സ തേടി. ഇതോടെ ഈ വര്‍ഷം സംസ്ഥാനത്ത് പനിബാധിച്ചവരുടെ എണ്ണം 11.18 ലക്ഷം കവിഞ്ഞു. ഈ മാസത്തെ ഒമ്പത് മരണമുള്‍പ്പെടെ ഈ വര്‍ഷത്തെ പകര്‍ച്ചാവ്യാധി മരണങ്ങളുടെ എണ്ണം അമ്പതായി.

ഇന്നലെ സംസ്ഥാനത്ത് 55 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 143 പേര്‍ ഡെങ്കിപ്പനി സംശയത്തില്‍ നിരീക്ഷണത്തിലാണ്. അഞ്ച് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. തൃശൂര്‍ ഏങ്ങണ്ടിയൂര്‍, വടക്കേക്കാട്, കോഴിക്കോട് പനങ്ങാട്, കാസര്‍ക്കോട് മധൂര്‍, ചെറുവത്തൂര്‍ എന്നിവിടങ്ങളിലാണ് ഇന്നലെ മലേറിയ സ്ഥിരീകരിച്ചത്. തിരുവനന്തപുരം (പത്ത്), കൊല്ലം (13), പത്തനംതിട്ട (11), കോട്ടയം (എട്ട്), ആലപ്പുഴ (മൂന്ന്), എറണാകുളം (മൂന്ന്), തൃശൂര്‍ (രണ്ട്), വയനാട് (മൂന്ന്), കാസര്‍കോട് (രണ്ട്) എന്നിങ്ങനെയാണ് ഡെങ്കിപ്പനി സ്ഥിരീകരണം. തിരുവനന്തപുരം ജില്ലയിലെ തമ്പാനൂര്‍, പൂജപ്പുര, വള്ളക്കടവ്, കാരക്കുളം വട്ടിയൂര്‍ക്കാവ്, എറണാകുളം ജില്ലയിലെ മുളവുകാട്, പള്ളിപ്പുറം, വയനാട് ജില്ലയിലെ പൊരുന്നനൂര്‍, പനമരം എന്നിവിടങ്ങളില്‍ എലിപ്പനിയും ഇന്നലെ സ്ഥിരീകരിച്ചു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, മലേറിയ തുടങ്ങിയ തുടങ്ങിയ ഗുരുതര രോഗങ്ങളുടെ വ്യാപനം വന്‍തോതിലാണ് ഉയര്‍ന്നിരിക്കുന്നത്. 4,089 പേര്‍ക്കാണ് ഈ മാസം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 922 പേര്‍ക്ക് മാത്രമായിരുന്നു. എന്നാല്‍, മരണനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ പത്ത് പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചപ്പോള്‍ ഇത്തവണ രണ്ട് മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിട്ടുണ്ടെങ്കിലും പകര്‍ച്ചവ്യാധികളെ നിയന്ത്രണവിധേയമാക്കാനായിട്ടില്ല. മഴ കുറഞ്ഞതാണ് പകര്‍ച്ചവ്യാധികളുടെ വ്യാപ്തി അല്‍പ്പമെങ്കിലും കുറച്ചത്. കാലവര്‍ഷം കനക്കുന്നതോടെ റെക്കോര്‍ഡ് വര്‍ധനയാകും പകര്‍ച്ചാവ്യാധികളുടെ കാര്യത്തിലുണ്ടാകുക.

മാലിന്യ നിര്‍മാര്‍ജനത്തിലും പരിസര ശുചീകരണത്തിലും കൊതുക് നിവാരണത്തിലുമെല്ലാം പ്രത്യേക ശ്രദ്ധചെലുത്തണമെന്നാണ് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ചാറ്റല്‍ മഴ നനയുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ സ്വയം ചികിത്സ നടത്തുന്നതും ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു.

Latest