Connect with us

Kerala

ഗുല്‍ബര്‍ഗ റാഗിംഗ്: ശില്‍പ്പയും കുടുംബവും ഒളിവില്‍

Published

|

Last Updated

കടുത്തുരുത്തി: ഗുല്‍ബര്‍ഗ റാഗിംഗ് കേസിലെ നാലാം പ്രതി ശില്‍പ്പ സി ജോസും കുടുംബവും ഒളിവില്‍. ശില്‍പ്പയെ തേടി കര്‍ണാടക കലബുറഗി എസ് പി ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ കോതനല്ലൂര്‍ ചാമക്കാലയിലുള്ള വീട്ടിലത്തെിയെങ്കിലും വീട് അടഞ്ഞുകിടക്കുകയാണ്. അയല്‍വാസികളോട് അന്വേഷിച്ചെങ്കിലും എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കും അറിവില്ലെന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് അയല്‍വാസികളില്‍ നിന്ന് ശില്‍പ്പയുടെ അടുത്ത ബന്ധുക്കളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു.
ഞായറാഴ്ച രാത്രിയാണ് പോലീസ് സ്ഥലത്ത് എത്തിയത്. മൂന്ന് ദിവസമായി വീട് അടച്ചിട്ടിരിക്കുകയാണെന്ന് അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കി. സമീപത്തെ ലോഡ്ജില്‍ താമസിച്ച പോലീസ് ഇന്നലെ പുലര്‍ച്ചെയാണ് ശില്‍പ്പയുടെ വീട്ടിലെത്തെിയത്. കോഴിക്കോട്ട് നിന്നുള്ള കേരളാ പോലീസും കര്‍ണാടക പോലീസിനൊപ്പമുണ്ട്. ഇവര്‍ ശില്‍പ്പയുടെ ഏതു ബന്ധുവിന്റെ വീട്ടിലേക്കാണ് പോയതെന്ന് വ്യക്തമല്ല. ഏതാനും ദിവസം കര്‍ണാടക പോലീസ് കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ അന്വേഷണം നടത്തുമെന്നും കസ്റ്റഡിയിലെടുത്ത ശേഷമേ പോലീസ് മടങ്ങുകയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ സൂചന നല്‍കി.
കലബുറഗി നഴ്‌സിംഗ് കോളജില്‍ മലയാളി വിദ്യാര്‍ഥിനിയായ അശ്വതി റാഗിംഗിനിരയായ കേസില്‍ കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി കൃഷ്ണപ്രിയ, ആതിര എന്നിവരെ കലബുറഗി സെഷന്‍സ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. അതേസമയം, റാഗിംഗ് നടന്നിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കോളജ് അധികൃതര്‍.

Latest