Connect with us

Gulf

ജി സി സിയില്‍ ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ വന്‍ വര്‍ധന

Published

|

Last Updated

മസ്‌കത്ത്:ഇന്റര്‍നെറ്റ് ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ ജി സി സി രാജ്യങ്ങളില്‍ വന്‍ വര്‍ധന. 2017 ആകുമ്പോഴേക്കും ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ 20 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ മേഖലയിലെ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് വന്‍ തുക ചെലവഴിക്കും. ഈ വര്‍ഷത്തിനേക്കാള്‍ 25 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്ന് ഓറിയന്റ് പ്ലാനറ്റ് റിസര്‍ച്ചിന്റെ ജി സി സി ഓണ്‍ലൈന്‍ അഡ്വര്‍ടൈസിംഗ് മാര്‍ക്കറ്റ് പറയുന്നു.

ഓണ്‍ലൈന്‍ പരസ്യങ്ങളിലൂടെയുള്ള ഇന്റര്‍നെറ്റ് വ്യാപാരത്തില്‍ അറബ് മേഖലയില്‍ വലിയ വളര്‍ച്ചയുണ്ട്. ഇതിന്റെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 2020 വരെ 11.9 ശതമാനമായി വളരും. ആഗോള മേഖലയിലാകെ പരസ്യങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം 53,100 കോടി ഡോളറാണ് ചെലവഴിച്ചത്. ഇതില്‍ മൊത്തം തുകയുടെ 27 ശതമാനവും ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കാണ് ചെലവാക്കിയത്. 2017 ആകുമ്പോഴേക്കും അറബ് ലോകത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 19.7 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്റര്‍നെറ്റ് മേഖലയിലെ പരസ്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകും.
ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ ഗള്‍ഫ് മേഖലയിലും വലിയ ചലനങ്ങളുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ജനപ്രിയ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വന്‍തോതില്‍ നല്‍കി. യു എ ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്വര്‍, സഊദി അറേബ്യ എന്നീ ജി സി സി രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ വന്‍തോതില്‍ ഗുണം ചെയ്തു. ഇത് മേഖലയിലെ വ്യാപാര വിപണിക്ക് വലിയ നേട്ടമുണ്ടാക്കി.
ജി സി സിയില്‍ കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ചെലവഴിച്ചത് യു എ ഇയിലാണ്. 158 കോടി ഡോളറാണ് യു എ ഇയില്‍ മാത്രം പരസ്യയിനത്തില്‍ ചെലവാക്കിയത്. സഊദി അറേബ്യ- 130 കോടി, കുവൈത്ത് 73.5 കോടി, ഒമാന്‍ 27.5 കോടി, ഖത്വര്‍- 75 കോടി, ബഹ്‌റൈന്‍ 8.5 കോടി ഡോളര്‍ എന്നിങ്ങനെയാണ് ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് ചെലവഴിച്ചത്.
സാങ്കേതികതയിലൂടെ ഒരുപാട് വളര്‍ന്ന സമൂഹത്തില്‍ ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ വലിയതോതില്‍ ഗുണം ചെയ്യുമെന്ന് ഓറിയന്റ് പ്ലാനറ്റ് റിസര്‍ച്ച് കണ്‍സള്‍ട്ടന്റ് അബ്ദുല്‍ ഖാദിര്‍ അല്‍ കാമില്‍ പറഞ്ഞു.
നൂതനമായ പരിപാടികളിലൂടെ ഓണ്‍ലൈനുകളെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കമ്പനികള്‍ക്ക് സാധിച്ചു. മിഡില്‍ ഈസ്റ്റിലാകെ തങ്ങളുടെ ഉത്പന്നങ്ങളുടെ വില്‍പന വര്‍ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ പരസ്യങ്ങളിലൂടെ സാധിക്കുമെന്ന് കമ്പനികള്‍ തെളിയിച്ചുവെന്നാണ് പഠനം കാണിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Latest