എന്‍ എസ് ജി: ഇന്ത്യയുടെ ഉത്സാഹവും യു എസ് താത്പര്യവും

Posted on: June 27, 2016 6:41 am | Last updated: June 27, 2016 at 12:45 am

modi obamaയുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുള്‍പ്പെടെ വിവിധ രാഷ്ട്രങ്ങളുമായുണ്ടാക്കിയ സിവിലിയന്‍ ആണവ സഹകരണ കരാര്‍ പ്രാബല്യത്തിലാക്കലും ആണവ സാമഗ്രികളുടെ വിതരണക്കാരായ രാജ്യങ്ങളുടെ സംഘടനയിലുള്ള അംഗത്വവും ഇന്ത്യന്‍ യൂനിയന്‍ ഭരിക്കുന്ന സര്‍ക്കാറുകളുടെ മുഖ്യ അജന്‍ഡയിലുള്ള വിഷയമായിട്ട് പതിറ്റാണ്ടോളമായി. സൈനികേതര ആണവ സഹകരണ കരാറുകളുടെ പ്രാബല്യത്തിലാക്കല്‍, ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാക്കിയ ആണവ ബാധ്യതാ നിയമത്തിലെ ചില വ്യവസ്ഥകളില്‍ തട്ടിയാണ് നീണ്ടുപോയത്. പ്രതിപക്ഷത്തായിരിക്കെ ബി ജെ പിയുടെ കൂടി നിര്‍ബന്ധത്തെത്തുടര്‍ന്ന് ഉള്‍പ്പെടുത്തിയ വ്യവസ്ഥയില്‍ ഇളവ് നല്‍കി, ആണവ അപകടങ്ങളുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുന്നതിന് 1,500 കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് നിധിയുണ്ടാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചതോടെ കരാറുകളുടെ പ്രയോഗവത്കരണം സമീപകാല സാധ്യതയായി നില്‍ക്കുന്നു.

ആന്ധ്രാ പ്രദേശിലും ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊക്കെ നിര്‍ദേശിക്കപ്പെട്ട റിയാക്ടര്‍ പാര്‍ക്കുകളുടെ നിര്‍മാണം വൈകാതെ ആരംഭിക്കുമെന്നാണ് മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇവയുടെ നിര്‍മാണത്തിനാവശ്യമായ സാമഗ്രികളുടെ കൈമാറ്റത്തിന് ആണവ സാമഗ്രികളുടെ ദാതാക്കളായ രാജ്യങ്ങളുടെ സംഘടന (ന്യൂക്ലിയര്‍ സപ്ലയേഴ്‌സ് ഗ്രൂപ്പ് – എന്‍ എസ് ജി) ഒറ്റത്തവണ അനുമതി ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്.

നിലവില്‍ നിര്‍ദേശിക്കപ്പെട്ട റിയാക്ടറുകളുടെ നിര്‍മാണത്തിന് തടസ്സമില്ലെന്നിരിക്കെ എന്‍ എസ് ജിയില്‍ അംഗത്വം നേടിയെടുക്കാന്‍ ഇന്ത്യന്‍ യൂനിയന്‍ ഊര്‍ജിതശ്രമം തുടരുന്നത് എന്തിന് വേണ്ടിയാണ്? എന്‍ എസ് ജി അംഗത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, നിരന്തര വിദേശ സന്ദര്‍ശനം നടത്തി, ലോക നേതാക്കളെയാകെ ഇന്ത്യയുടെ ആവശ്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ച സാഹചര്യത്തില്‍ കൂടിയാണ് ഈ ചോദ്യമുയരുന്നത്. ഇന്ത്യക്ക് അംഗത്വം നേടിക്കൊടുക്കാനായി അമേരിക്ക നേരിട്ട് നയതന്ത്ര നീക്കങ്ങള്‍ നടത്തുകയും ചെയ്തു. ഉത്തരവാദിത്തമുള്ള ആണവരാഷ്ട്രമെന്ന അന്തസ്സ് സ്വന്തമാക്കാന്‍ എന്‍ എസ് ജി അംഗത്വം സഹായിക്കുമെന്നായിരിക്കും നരേന്ദ്ര മോദിയുടെ പ്രതീക്ഷ.

എ ബി വാജ്പയി പ്രധാനമന്ത്രിയായിരിക്കെ രണ്ടാമത്തെ ആയുധ പരീക്ഷണം പൊഖ്‌റാനില്‍ നടത്തി, രണ്ട് വര്‍ഷത്തിനപ്പുറം ആണവായുധ ശക്തിയായി ഇന്ത്യ മാറിയെന്ന് അന്നത്തെ അമേരിക്കന്‍ ഭരണകൂടത്തെക്കൊണ്ട് പറയിച്ചതിന് തുല്യമായ നേട്ടമായി എന്‍ എസ് ജി അംഗത്വത്തെ മോദി കാണുന്നുണ്ടാകണം. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാതെ തന്നെ രാജ്യത്തെ ഈ ഗ്രൂപ്പില്‍ അംഗമാക്കുക, അത് സാധിച്ചെടുത്ത പ്രധാനമന്ത്രി എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക, എന്‍ എസ് ജി അംഗത്വം കൂടി ലഭിച്ചാല്‍ ആണവ സാമഗ്രികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്ന എല്ലാ സമിതികളിലുമുള്‍പ്പെട്ട രാഷ്ട്രമായി ഇന്ത്യ മാറുകയും ചെയ്യും. ഡോ. മന്‍മോഹന്‍ സിംഗിന് സാധിക്കാത്തത് തനിക്ക് സാധിച്ചുവെന്ന് ‘ഭായിയോ ബഹനോ…’ എന്ന അഭിസംബോധനയുടെ അകമ്പടിയോടെ അവകാശപ്പെടാം. ആനന്ദലബ്ധിക്ക് ഇതിലപ്പുറമെന്ത് വേണം!

എന്‍ എസ് ജിയുടെ ഒറ്റത്തവണ അനുമതിയുടെ അടിസ്ഥാനത്തില്‍, റിയാക്ടര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് കരാറുണ്ടാക്കിയിരിക്കുന്നത് അമേരിക്ക, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളുമായാണ്. ആസ്‌ത്രേലിയ, കാനഡ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് യുറേനിയം ഇറക്കുമതി ചെയ്യുന്നതിനും കരാറുണ്ടാക്കിയിരിക്കുന്നു. കാല്‍ നൂറ്റാണ്ടു കാലത്തേക്ക് ഇതിലപ്പുറമൊന്നും രാജ്യത്തിന് വേണ്ടിവരില്ല, അല്ലെങ്കില്‍ ഇതിലപ്പുറമൊന്നും വഹിക്കാനുള്ള സാമ്പത്തിക ശേഷി രാജ്യത്തിനില്ല. അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ആന്ധ്രാ പ്രദേശില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിന് യു എസ് കമ്പനിയായ വെസ്റ്റിംഗ്ഹൗസ് ഇലക്ട്രിക് കോര്‍പ്പറേഷനും ഇന്ത്യയുടെ ആണവോര്‍ജ കോര്‍പ്പറേഷനും തമ്മില്‍ ധാരണയായത്. ഇതനുസരിച്ച് ആണവ നിലയത്തിനായി ഇന്ത്യ കണ്ടെത്തിയ സ്ഥലം പരിശോധിച്ച് പദ്ധതിയുടെ രൂപകല്‍പ്പന വെസ്റ്റിംഗ്ഹൗസ് വൈകാതെ ആരംഭിക്കും.

പദ്ധതിയുടെ നിര്‍മാണത്തിനുള്ള കരാര്‍ 2017 ജൂണില്‍ ഒപ്പുവെക്കുമെന്നാണ പ്രതീക്ഷിക്കുന്നത്. ഗുജറാത്തിലെ മിതി വിര്‍ധിയില്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതിയാണ്, അവിടുത്തെ കര്‍ഷകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ആന്ധ്രാ പ്രദേശിലെ ശ്രീകാകുളത്തെ കൊവ്വദയിലേക്ക് മാറ്റിയത്. ആയിരം മെഗാവാട്ട് വീതം ഉത്പാദനശേഷിയുള്ള ആറ് റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിന് 600 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നാണ് കണക്ക്. എന്നാല്‍ ആണവ പദ്ധതി സുരക്ഷിതമാക്കുന്നതിന് പരിസരത്ത് കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും. 30,000 ഏക്കറെന്നാണ് അനൗദ്യോഗിക കണക്ക്.

മൂന്ന് മുതല്‍ 23 വരെ ഗ്രാമങ്ങള്‍ ഇതിനായി ഒഴിപ്പിക്കേണ്ടിവരുമെന്നും പൗരാവകാശ സംഘടനകള്‍ പറയുന്നു. മിതി വിര്‍ധിയിലും മഹാരാഷ്ട്രയിലെ ജെയ്താപൂരിലുമൊക്കെ ആണവ പാര്‍ക്കുകള്‍ക്കെതിരെ ഉയര്‍ന്നുവന്നതുപോലൊരു പ്രക്ഷോഭത്തിന്റെ സാധ്യത കൊവ്വദയിലുമുണ്ടെന്ന് സാരം. പരിസ്ഥിതി ആഘാത പഠനം, പദ്ധതിക്ക് പ്രാദേശിക ജനസഭകളുടെ അനുമതി വാങ്ങിയെടുക്കല്‍ തുടങ്ങി നിയമമനുസരിച്ചുള്ള പ്രക്രിയകള്‍ വേറെയുമുണ്ട്.

വെസ്റ്റിംഗ്ഹൗസുമായി കരാറുണ്ടാക്കുന്നതിനുള്ള അടുത്ത തടസ്സം റിയാക്ട്‌റുകളുടെ വിലയാണ്. അമേരിക്ക ഇപ്പോള്‍ നിര്‍മിക്കുന്ന റിയാക്ടറുകള്‍ക്ക് വലിയ വിലയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ നിര്‍മിക്കുന്ന റിയാക്ടറുകളുമായി താരതമ്യം ചെയ്താല്‍ മൂന്നിരട്ടി അധികം വേണ്ടിവരും. ആന്ധ്രയിലേതുള്‍പ്പെടെ അമേരിക്ക വാഗ്ദാനം ചെയ്യുന്ന 12 റിയാക്ടറുകള്‍ക്കായി 11 ലക്ഷം കോടി രൂപയോളം (ഇന്നത്തെ നിലയില്‍) ചെലവാകും. ഇത് രാജ്യത്തിന് താങ്ങാനാകുമോ എന്ന് കണ്ടറിയണം. തര്‍ക്കങ്ങളും വേണ്ട പഠനങ്ങളും പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിച്ചാല്‍ തന്നെ പദ്ധതി, 2032ല്‍ പൂര്‍ത്തിയാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. രാജ്യത്തെ നടപ്പ് രീതികള്‍ കൂടി പരിഗണിച്ചാല്‍ 2037ല്‍ പ്രതീക്ഷിച്ചാല്‍ മതിയാകും.

ഇത്രയൊക്കെ ചെലവിട്ട് നിര്‍മിക്കുന്ന റിയാക്ടറുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കിലോവാട്ടിന് 26 രൂപ വരെ വിലവരും. കൂടിയ വിലക്ക് വൈദ്യുതി വാങ്ങേണ്ടിവരുമെന്ന് ചുരുക്കം. കേരളത്തിലെ കായംകുളം താപ വൈദ്യുതി നിലയത്തില്‍ ഇന്ധനം നാഫ്തയാണ്. അവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് പതിനൊന്ന് രൂപയോളം നല്‍കണം. അതുകൊണ്ട് അവിടെ നിന്ന് വൈദ്യുതി പതിവായി വാങ്ങാന്‍ കേരളം തയ്യാറാകാറില്ല. സ്ഥിതി ഇതായിരിക്കെ ഉയര്‍ന്ന വില നല്‍കി ആണവ വൈദ്യുതി വാങ്ങാന്‍ ആര് തയ്യാറാകുമെന്ന ചോദ്യം പ്രസക്തമാണ്. ആണവ വൈദ്യുതിക്ക് കിലോവാട്ടിന് 26 രൂപവരെ നല്‍കേണ്ടിവരുമ്പോള്‍ സൗരോര്‍ജത്തെ അധിഷ്ഠിതമാക്കിയുള്ള വൈദ്യുതിക്ക് കിലോവാട്ടിന് മൂന്ന് രൂപയേ ഉണ്ടാകൂ എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ആണവ വൈദ്യുതിയുടെ പിറകെ ഇന്ത്യന്‍ യൂനിയന്‍ ഇത്രമാത്രം തിടുക്കപ്പെട്ട് സഞ്ചരിക്കുന്നതിന് പിറകിലെ അമേരിക്കന്‍ താത്പര്യവും പരിഗണിക്കേണ്ടതുണ്ട്. വെസ്റ്റിംഗ് ഹൗസിനും ജനറല്‍ ഇലക്ട്രിക്കല്‍സിനും റിയാക്ടര്‍ നിര്‍മാണത്തിന് നിലവില്‍ കരാറുകളൊന്നുമില്ല. ഇന്ത്യയില്‍ നിന്നുള്ള കരാര്‍ ലഭിച്ചാല്‍ ചുരുങ്ങിയത് 20 വര്‍ഷത്തേക്ക് അവര്‍ക്ക് ജോലിയായി. റിയാക്ടര്‍ നിര്‍മാണത്തിന് നേരിട്ടും അല്ലാതെയും അവിടെ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥക്ക് ആശ്വാസമാണ്. ഫുകുഷിമ ദുരന്തത്തിന് ശേഷം ആണവപദ്ധതികളോട് ജപ്പാനും ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളും വിയോജിപ്പ് പ്രകടിപ്പിച്ചത് വെസ്റ്റിംഗ്ഹൗസിന്റെ രക്ഷാകര്‍തൃ കമ്പനിയായ തോഷിബയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. അതിന്റെ ആഘാതം വെസ്റ്റിംഗ്ഹൗസ് കൂടി നേരിടുന്നുണ്ട്.

2012നും 2014നുമിടയില്‍ വെസ്റ്റിംഗ്ഹൗസിന്റെ പ്രവര്‍ത്തനനഷ്ടം 143 കോടി ഡോളറായിരുന്നു. അമേരിക്കന്‍ സര്‍ക്കാറിലേക്ക് നികുതിയൊടുക്കാന്‍ ത്രാണിയില്ലാത്ത കമ്പനിയായി വെസ്റ്റിംഗ്ഹൗസ് മാറിയെന്ന് ചുരുക്കം. ഈ അവസ്ഥയിലുള്ള കമ്പനിക്ക് ‘മൃതസഞ്ജീവനി’യാണ് ശ്രീകാകുളം. ഇന്ത്യന്‍ യൂനിയന്റെ ഊര്‍ജ സ്വയംപര്യാപ്തത എന്നതിനേക്കാള്‍ വലിയ ലക്ഷ്യം ഇതായിരിക്കണം. അത് സാധിച്ചെടുക്കാന്‍ അമേരിക്കന്‍ ഭരണകൂടം നടത്തുന്ന ഊര്‍ജിത ശ്രമങ്ങളുടെ ഭാഗമാണ് എന്‍ എസ് ജിയില്‍ ഇന്ത്യക്ക് അംഗത്വം നേടിക്കൊടുക്കാന്‍ അവര്‍ നടത്തുന്ന നയതന്ത്ര നീക്കങ്ങള്‍.

ഈ കച്ചവടത്തെ ‘ദേശീയത’യിലും ‘രാജ്യസ്‌നേഹ’ത്തിലും മറച്ചുവെക്കാന്‍ എന്‍ എസ് ജിയിലെ അംഗത്വം സഹായിക്കുമെന്ന പ്രതീക്ഷ നരേന്ദ്ര മോദിക്കും കൂട്ടര്‍ക്കുമുണ്ടാകും. പൊഖ്‌റാനില്‍ ആദ്യ ആണവായുധ പരീക്ഷണം നടത്താന്‍ ഇന്ദിരാഗാന്ധി തീരുമാനിച്ചതിനെത്തുടര്‍ന്ന് ആണവസാമഗ്രികളുടെ വിപണിയില്‍ ഇന്ത്യക്കുണ്ടായിരുന്ന തൊട്ടുകൂടായ്മ പൂര്‍ണമായി നീക്കാന്‍ ’56 ഇഞ്ച് നെഞ്ചളവുള്ള’ പ്രധാനമന്ത്രിക്ക് സാധിച്ചുവെന്ന് ഗീര്‍വാണം മുഴക്കി, ആണവോര്‍ജത്തിന്റെ പ്രയോജനമൊന്നും ലഭിക്കാനിടയില്ലാത്ത ദരിദ്രകോടികളെ വികാരഭരിതമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ.
പ്രായോഗികമായി എന്തു നടന്നുവെന്നതില്ല, പലതും നടക്കാന്‍ പോകുന്നുവെന്ന പ്രതീതിയില്‍ വീര്‍പ്പിക്കപ്പെടുന്ന ബലൂണിലാണ് ജനപിന്തുണ ഉറങ്ങുന്നത് എന്ന് ഇത്രത്തോളം മനസ്സിലാക്കിയ മറ്റൊരു നേതാവും സ്വതന്ത്ര ഇന്ത്യന്‍ യൂനിയന്‍ നിലവില്‍ വന്നതിന് ശേഷം രാജ്യം ഭരിച്ചിട്ടുണ്ടാകില്ല.

സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ ശതമാനക്കണക്കിലുള്ള വളര്‍ച്ച വലിയതോതിലുണ്ടായെന്നും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ എണ്ണം വലിയതോതില്‍ കുറഞ്ഞുവെന്നും (ദാരിദ്ര്യരേഖ വരയുന്നതിന്റെ മാനദണ്ഡം മാറ്റിയാണെങ്കില്‍ക്കൂടി) ഡോ. മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്ത് അവകാശപ്പെട്ടിരുന്നു. ആ ബലൂണിനെ കൂടുതല്‍ വലുതാക്കി നിര്‍ത്താന്‍ ശ്രമിക്കുന്നതിനൊപ്പമാണ് പുതിയ ബലൂണുകളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കാറ്റുനിറക്കുന്നത്.

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാഷ്ട്രത്തിന് എന്‍ എസ് ജി അംഗത്വം നല്‍കേണ്ടതില്ലെന്ന് ചില അംഗരാഷ്ട്രങ്ങളെങ്കിലും തത്കാലം നിലപാടെടുത്തോടെ, മോദി സര്‍ക്കാറിന്റെ ശ്രമം സോളില്‍ വിജയം കണ്ടില്ല. ഇന്ത്യക്ക് അംഗത്വം നല്‍കുകയാണെങ്കില്‍ അത് പാക്കിസ്ഥാന് കൂടി നല്‍കണമെന്നും ഇല്ലെങ്കില്‍ മേഖലയില്‍ ആണവമത്സരം വര്‍ധിക്കാനിടയുണ്ടെന്നുമുള്ള വാദം ചൈന ശക്തമായി ഉന്നയിക്കുന്ന സാഹചര്യത്തില്‍ എന്‍ എസ് ജി അംഗത്വമെന്നത് അടുത്തകാലത്തൊന്നും എത്തിപ്പിടിക്കാവുന്ന ഒന്നാണെന്ന് തോന്നുന്നുമില്ല. എങ്കിലും അംഗത്വമുറപ്പിക്കാനെന്ന പേരിലുള്ള നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങള്‍ തുടരുമെന്ന് തന്നെ കരുതണം. അടുത്ത സ്വാതന്ത്ര്യ ദിനത്തില്‍ വികാരഭരിതമായ ശബ്ദത്തില്‍ ‘ആണവ ഇന്ത്യാ….’ എന്ന ലക്ഷ്യം പ്രഖ്യാപിക്കാനും മതി.