ബ്രിട്ടനില്‍ വീണ്ടുവിചാരം?

Posted on: June 27, 2016 6:02 am | Last updated: June 27, 2016 at 12:27 am

ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വേര്‍പെട്ട് പോകണമെന്ന ഹിതപരിശോധനാ ഫലം ആഗോള തലത്തില്‍ തന്നെ വലിയ ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. കമ്പോളത്തിന്റെ പൊതുസ്വഭാവം ഇവിടെയും ദൃശ്യമായി. ഹിതപരിശോധനാ വോട്ടെടുപ്പില്‍ ലീവ് പക്ഷം വിജയിച്ചെങ്കിലും വിട്ടുപോകല്‍ പ്രക്രിയ ഉടന്‍ നടപ്പാകാന്‍ പോകുന്നില്ല. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ പ്രധാനമന്ത്രി ഒക്‌ടോബറിലേ വരൂ. വിട്ടുപോകലിനെതിരെ റിമെയ്ന്‍ പക്ഷത്ത് ശക്തമായി നിലയുറപ്പിച്ചയാളാണ് കാമറൂണ്‍. വേര്‍പിരിയലിന് നേതൃത്വം കൊടുക്കാന്‍ അദ്ദേഹം തയ്യാറാകില്ല.
എന്നുവച്ചാല്‍ ഒക്‌ടോബറിലേ പ്രക്രിയ തുടങ്ങുകയുള്ളൂ. തുടങ്ങിയാല്‍ തന്നെ പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷമെങ്കിലും എടുക്കും. ബ്രെക്‌സിറ്റ് ഉയര്‍ത്തുന്ന സാമ്പത്തിക ആശങ്കകള്‍ എത്രമാത്രം യഥാര്‍ഥമാണെന്നത് ഇനി നടക്കുന്ന കൂടിയാലോചനകളെ ആസ്പദമാക്കിയാണിരിക്കുന്നത്. അതുകൊണ്ട് ഇപ്പോള്‍ നാണയ വിപണിയിലും ഓഹരി വിപണിയിലും ദൃശ്യമാകുന്ന ഉരുള്‍പ്പൊട്ടലുകള്‍ തികച്ചും വൈകാരികമായ പ്രതിഫലനം മാത്രമാണ്. ബ്രിട്ടന്‍ ഇപ്പോഴും ഇ യുവില്‍ തന്നെയാണ്. ഇ യുവില്‍ നിലനില്‍ക്കുന്നത് പോലുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ഇനിയും സാധ്യതയുണ്ട് താനും. ആ നിലക്ക് ഇന്ത്യന്‍ ഓഹരി വിപണിയടക്കം പ്രധാന വിപണികളെല്ലാം ഇങ്ങനെ കൂപ്പുകുത്തേണ്ട ഒരു കാര്യവുമില്ല. അനാവശ്യമായ ഭീതിയുടെ പുറത്താണ് ഇതെല്ലാം നടക്കുന്നത്. പൗണ്ടിന്റെ മൂല്യത്തിലുള്ള ചലനം രൂപയെയും സ്വാധീനിക്കുന്നുണ്ട്. ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളും വലിയ ആശങ്കയിലാണ്. ഈ ആശങ്കകളും വൈകാരിക ചലനങ്ങളും മറികടക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യന്‍ പണ അധികാരികളില്‍ നിന്നും സര്‍ക്കാറില്‍ നിന്നുമുണ്ടാകേണ്ടത്. വിട്ടുപോകല്‍ പ്രക്രിയ വേഗത്തലാക്കണമെന്നാണ് യൂറോപ്യന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്, യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ജീന്‍ ക്ലൗഡ് ജങ്കാര്‍, യൂറോപ്യന്‍ പാര്‍ലിമെന്റ് മേധാവി മാര്‍ട്ടിന്‍ ഷൂള്‍സ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യാഘാതങ്ങള്‍ വേഗത്തില്‍ പുറത്ത് വരണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. അല്ലെങ്കില്‍ ബ്രിട്ടന് മേല്‍ സമ്മര്‍ദം ശക്തമാക്കി അവരുടെ വിലപേശല്‍ ശക്തി കുറക്കുകയുമാകാം ലക്ഷ്യം. ഒരു സമ്പദ്‌വ്യവസ്ഥയും ഇന്ന് അടച്ചിടാന്‍ ആകാത്തതിനാലും വിപണി സൂചികകള്‍ അത്യന്തം സെന്‍സിറ്റീവ് ആയതിനാലും നമ്മുടെ രാജ്യവും പുതിയ സാഹചര്യങ്ങളെ കരുതലോടെ നേരിടണം.
എന്തൊക്കെ വിമര്‍ശങ്ങളുണ്ടെങ്കിലും ജനാധിപത്യപരമായ വലിയ മാതൃകയാണ് ഹിതപരിശോധന. ജനങ്ങളുടെ ഹിതം നിശ്ചയിക്കാന്‍ അവര്‍ക്ക് അവസരമൊരുക്കയാണ് ചെയ്യുന്നത്. സര്‍ക്കാറുകള്‍ തങ്ങളുടെ പ്രാതിനിധ്യ ജനാധിപത്യ അധികാരമുപയോഗിച്ച് എടുക്കുന്ന തീരുമാനങ്ങളില്‍ യഥാര്‍ഥ ജനഹിതം പ്രതിഫലിപ്പിച്ചു കൊള്ളണമെന്നില്ല. ചിലപ്പോള്‍ ചില തര്‍ക്ക വിഷയങ്ങളില്‍ കൃത്യമായ തീരുമാനത്തിലെത്താന്‍ സാധിക്കാതെ വരികയും ചെയ്യും. കീഴ്‌വഴക്കങ്ങള്‍ പലതും പുതിയ കാലത്ത് അപ്രസക്തമായിരിക്കും. സര്‍ക്കാറുകളെ വീഴ്ത്തുകയും വാഴിക്കുകയും ചെയ്യുന്ന കൃത്യമായ ഇടവേള വെച്ചുള്ള തിരഞ്ഞെടുപ്പുകളില്‍ ഒരു പാട് വിഷയങ്ങള്‍ കടന്ന് വരുന്നതിനാല്‍ ഒരു പ്രത്യേക വിഷയത്തിലുള്ള ജനഹിതം അതില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചെന്നു വരില്ല. ഈ പരിമിതികളെയാണ് ഹിതപരിശോധന മറികടക്കുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രൂപം കൊണ്ട യൂറോപ്യന്‍ ഇക്കണോമിക് കമ്മ്യൂണിറ്റിയാണ് (ഇ ഇ സി) ഇ യുവിന്റെ ആദ്യ രൂപം. 1975ല്‍ ബ്രിട്ടന്‍ ഇ ഇ സിയില്‍ നില്‍ക്കണോയെന്നതിന് ജനഹിത പരിശോധന നടന്നെങ്കിലും അനുകൂല നിലപാടിനായിരുന്നു ഭൂരിപക്ഷം. സ്‌കോട്ട്‌ലാന്‍ഡ് ഗ്രേറ്റ് ബ്രിട്ടന്‍ വിട്ടുപോകണോ വേണ്ടയോ എന്നതിലും ഹിതപരിശോധന നടന്നിരുന്നു. അന്ന് സ്‌കോട്ട്‌ലാന്‍ഡിന് സ്വാതന്ത്ര്യം വേണ്ടെന്നാണ് ജനം വിധിയെഴുതിയത്.
യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വേര്‍പെടണോ വേണ്ടയോ എന്ന് നിശ്ചയിക്കാനുള്ള, ബ്രെക്‌സിറ്റ് എന്ന് വിളിക്കപ്പെട്ട ഹിതപരിശോധനയില്‍ ഇരു പക്ഷവും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ. 51.9 ശതമാനം പേര്‍ ഇ യുവില്‍ ബ്രിട്ടന്‍ തുടരേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ യൂനിയനില്‍ തുടരണമെന്ന് 48.1 ശതമാനം പേര്‍ വിധിയെഴുതി. വിട്ടു പോകാനുള്ള തീരുമാനത്തെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് പരിതപിച്ച് നിരവധി പേര്‍ ഇപ്പോള്‍ രംഗത്ത് വരുന്നുണ്ട്. മാത്രമല്ല രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതിവൈകാരികമായിരുന്നു ‘ലീവ്’ തീരുമാനമെന്ന് ബ്രിട്ടീഷ് ജനത തന്നെ സമ്മതിക്കുകയാണ്. അപകടകരമായ കുടിയേറ്റവിരുദ്ധതയും വംശീയതയും തീവ്രവലതുപക്ഷ അവബോധവുമാണ് ബ്രെക്സ്റ്റിലൂടെ വെന്നിക്കൊടി പാറിച്ചിരിക്കുന്നതെന്ന് ശക്തമായ വിലയിരുത്തല്‍ വന്നതോടെ ലീവ് പക്ഷത്തിനായി പോളിംഗ് ബൂത്തില്‍ ഇരച്ചെത്തിയ പലര്‍ക്കും വീണ്ടു വിചാരം തുടങ്ങിയിരിക്കുന്നു. ഇ യുവില്‍ നിന്ന് പുറത്ത് കടന്നാല്‍ ഗ്രേറ്റ് ബ്രിട്ടന്റെ ഗ്രേറ്റ്‌നസ്സ് നഷ്ടപ്പെടുകയാണെന്ന തിരിച്ചറിവായിരിക്കാം ഈ പുതിയ ഒപ്പ് ശേഖരണത്തിന്റെയും കുറ്റസമ്മതത്തിന്റെയും കാരണം. ഒരു കാര്യം കൃത്യമാണ്. ദേശീയതയുടെ മുഖം മൂടി വെച്ച വംശീയതയും സ്വാശ്രയത്വത്തിന്റെ മുഖം മൂടിവെച്ച പര വിദ്വേഷവുമാണ് ബ്രിട്ടനില്‍ വിജയിച്ചത്. അമേരിക്കന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വിട്ടുപോകല്‍ തീരുമാനത്തെ അഭിനന്ദിച്ചപ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണല്ലോ.
ബ്രെക്‌സിറ്റ് ഫലം നല്‍കുന്ന രാഷ്ട്രീയ ആപത്‌സൂചനകളെ ഗൗരവമായി കാണാന്‍ യൂറോപ്പിലെ മതേതര കക്ഷികള്‍ തയ്യാറാകണം. സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മറികടക്കാനുതകുന്ന പ്രായോഗിക പരിഹാരങ്ങള്‍ ഉയര്‍ന്ന് വരികയും വേണം.