ദാനവും ധര്‍മവും

Posted on: June 27, 2016 3:19 am | Last updated: June 27, 2016 at 12:21 am

സൂറതുല്‍ ബഖറയില്‍ ഖുര്‍ആനിന്റെ അവതരണം അല്ലാഹുവിനെ ഭയന്ന് ജീവിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതിന് വേണ്ടിയാണെന്ന് പരാമര്‍ശിക്കുന്ന സൂക്തത്തിന് തൊട്ടടുത്ത് ഭയന്ന് കഴിയുന്നവര്‍ ആരാണെന്ന് വിശേഷണസഹിതം വിവരിക്കുന്നുണ്ട്. അപ്രത്യക്ഷ കാര്യങ്ങളില്‍ വിശ്വസിക്കുന്നവരും നിസ്‌കരിക്കുന്നവരും നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന് ചെലവഴിക്കുന്നവരുമാണവര്‍. (സൂറതുല്‍ ബഖറ: 3). ഇതില്‍ മൂന്നാമതായി പറഞ്ഞ കാര്യം അടിവരയിടാം.

ദാനം (സ്വദഖ) അല്ലാഹു പ്രശംസിച്ച കാര്യമാണ്. ഇതിന് പ്രോത്സാഹനം നല്‍കുന്ന തിരുവചനങ്ങളില്‍ വലിയ പ്രതിഫലം വാഗ്ദാനം നല്‍കുന്നതായും കാണാം. അദിയ്യുബ്‌നു ഹാതിം (റ) നബി (സ) പറയുന്നത് കേട്ട സംഭവം ഹദീസിലുണ്ട്. ‘നിങ്ങളില്‍ നിന്ന് ഒരാള്‍ക്ക് നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്നത് ഒരു ഈത്തപ്പഴചീന്ത് കൊണ്ടാണെങ്കില്‍ അവനത് പ്രവര്‍ത്തിക്കണം’. (മുസ്‌ലിം: 2236).
പണം, ഭക്ഷണം, വസ്ത്രം, ധാന്യം എന്നിങ്ങനെ അപരന് ഉപകാരപ്രദമായ എന്തും ദാനം ചെയ്യാം. എന്നാല്‍, കേടായതും പഴകിയതും മറ്റുള്ളവര്‍ക്ക് കൊടുക്കല്‍ അനുവദനീയമല്ല. നല്‍കുന്നവനാണ് കിട്ടിയിരുന്നതെങ്കില്‍ സ്വീകരിക്കാന്‍ മനഃപ്രയാസം തോന്നുന്നവിധം മോശമായതാണെങ്കില്‍ കൊടുക്കാതിരിക്കുകയാണ് വേണ്ടത്.
ദാനധര്‍മങ്ങള്‍ക്ക് പ്രത്യേക സ്ഥലമോ സമയമോ നിര്‍ണയിച്ചിട്ടില്ലെങ്കിലും മക്കയും മദീനയും ധനം വിനിയോഗിക്കല്‍കൊണ്ട് വര്‍ധിച്ച പ്രതിഫലം സിദ്ധിക്കുന്ന സ്ഥലങ്ങളാണ്. വെള്ളിയാഴ്ചകളിലും ദുല്‍ഹിജ്ജയിലെ പത്ത് ദിവസങ്ങളിലും പെരുന്നാള്‍ സുദിനങ്ങളിലും ചെയ്യുന്ന സഹായ ഹസ്തങ്ങള്‍ക്ക് പ്രത്യേക പവിത്രതയുണ്ട്. എന്നാല്‍, റമസാനില്‍ പ്രത്യേകിച്ച് അവസാനത്തെ പത്തില്‍ ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠത (ഫത്ഹുല്‍ മുഈന്‍).
നിര്‍ബന്ധമല്ലാത്ത ദാനധര്‍മങ്ങള്‍ പരസ്യമായി നല്‍കുന്നതിനേക്കാള്‍ നല്ലത് സ്വകാര്യമായി കൈമാറലാണ്. ‘നിങ്ങള്‍ അതിനെ രഹസ്യമാക്കി വെക്കുകയും പാവപ്പെട്ടവര്‍ക്ക് നല്‍കുകയും ചെയ്യുന്നുവെങ്കില്‍ അത് നിങ്ങള്‍ക്ക് നല്ലതാണ്’. (സൂറതുല്‍ ബഖറ: 271). രഹസ്യ സ്വഭാവത്തിലല്ലാതെ കൈമാറുന്നതുകൊണ്ടുള്ള ലക്ഷ്യം ധനാഢ്യനാണെന്ന് സ്വയം ബോധ്യപ്പെടുത്തലാണെങ്കില്‍ അതിനെ സത്കര്‍മമായി ഗണിക്കുകയില്ല. അതേസമയം, നിര്‍ബന്ധ ദാനം (സകാത്) ഇതിന് മാറ്റമാണ്. ഇത് പ്രത്യക്ഷമായാണ് വിതരണം ചെയ്യേണ്ടതെന്ന് പണ്ഡിതരുടെ ഏകോപനമുണ്ട്. തന്റെ സമ്പത്തില്‍ നിന്ന് അര്‍ഹതപ്പെട്ടവര്‍ക്കുള്ള അവകാശം നല്‍കാത്തവനെന്ന മിഥ്യാധാരണയില്‍ നിന്ന് രക്ഷപ്പെടാനിത് ഉപകരിക്കുകയും ചെയ്യും.
കുടുംബത്തിലുള്ളവര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ദാനം ചെയ്യലാണ് ഏറ്റവും നല്ലത്. ഇതിന് രണ്ട് പ്രതിഫലം ലഭിക്കുമെന്ന് പ്രവാചകര്‍ (സ)ഉറപ്പ് നല്‍കിയിട്ടുണ്ട്.
നബി തങ്ങളുടെ ക്ലാസില്‍ പങ്കെടുത്ത് വീട്ടിലെത്തിയ സൈനബ (റ) തന്റെ ഭര്‍ത്താവ് അബ്ദുല്ല (റ) യോട് പറഞ്ഞു. ‘ഇന്ന് ദാനം നല്‍കുന്നതിനെ കുറിച്ചാണ് നബി (സ) പറഞ്ഞത്. അങ്ങൊരു പാവമല്ലേ; ഞാന്‍ നല്‍കാനുദ്ദേശിക്കുന്നത് അങ്ങേക്ക് തന്നാല്‍ പറ്റുമോയെന്ന് നിങ്ങളൊന്ന് നബിയോട് ചോദിച്ച് വരുമോ?’ അദ്ദേഹം പറഞ്ഞു. ‘ഞാനെങ്ങനെ പോകും, നീയാണതിന് നല്ലത്’. സൈനബ ബീവി നബിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെയെത്തിയപ്പോള്‍ നബിയുടെ വീട്ടുമുറ്റത്ത് മറ്റൊരു സ്ത്രീ നില്‍പ്പുണ്ടായിരുന്നു. അവരും ഇതേ ആവശ്യത്തിനുവേണ്ടി വന്നതാണ്. അല്‍പ്പം കഴിഞ്ഞ് അവരിലേക്ക് ബിലാല്‍ (റ) വന്നു. അവര്‍ അദ്ദേഹത്തോട് പറഞ്ഞു. ‘രണ്ട് സ്ത്രീകള്‍ പുറത്തുണ്ടെന്നും സ്വന്തം ഭര്‍ത്താക്കന്മാര്‍ക്കും വീടുകളില്‍ തന്നെയുള്ള യതീമുകള്‍ക്കും സ്വദഖ ചെയ്താല്‍ പ്രതിഫലം ലഭിക്കുമോയെന്ന് അറിയാന്‍ വന്നതാണെന്നും നബിയോട് പറയുമോ?, ഞങ്ങള്‍ ആരാണെന്ന് പറയേണ്ട’. ബിലാല്‍ (റ) അകത്തു ചെന്ന് കാര്യം പറഞ്ഞു. നബി ചോദിച്ചു ‘ആരാണവര്‍?’ ബിലാലി (റ) ന് പറയാതിരിക്കാന്‍ കഴിഞ്ഞില്ല. ‘അന്‍സ്വാറുകളില്‍ പെട്ട സ്ത്രീയും സൈനബയുമാണ്. ഏത് സൈനബ?’ അബ്ദുല്ലയുടെ ഭാര്യ- അദ്ദേഹം പറഞ്ഞു. നബി (സ) പറഞ്ഞു. ‘അവര്‍ക്ക് രണ്ട് പ്രതിഫലമുണ്ട്. ഒന്ന് സ്വദഖയുടേതും മറ്റൊന്ന് കുടുംബത്തെ പരിഗണിച്ചതിനും. (മുസ്‌ലിം).
കുടുംബക്കാരുടെ സ്ഥാനം കഴിഞ്ഞാലടുത്തത് അയല്‍ക്കാരുടെതാണ്. അയല്‍വാസികളില്‍ നിന്നുള്ള ബന്ധുക്കള്‍ക്ക് മുന്‍ഗണന നല്‍കണം. അകലെയുള്ള ബന്ധുക്കള്‍ക്കു ശേഷമേ അയല്‍ക്കാരെ പരിഗണിക്കേണ്ടതുള്ളൂ.
സ്വന്തം ആവശ്യത്തിന് പണം തികയാത്തവന് ദാനം നല്‍കേണ്ടതില്ല. പണം ചോദിച്ച് വാങ്ങല്‍ നിരുത്സാഹപ്പെടുത്തിയിട്ടുണ്ടെങ്കിലും ചോദിച്ച് വരുന്നവര്‍ക്കും പണം നല്‍കണം. ചോദിക്കുന്നവര്‍ക്കും ലജ്ജ കാരണം ചോദിക്കാന്‍ മടിക്കുന്ന ദരിദ്രരെ കണ്ടെത്തി അവര്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കണമെന്നാണ് ഇസ്‌ലാമികാധ്യാപനം.