ബംഗാളിലെ കോണ്‍ഗ്രസ് സഖ്യം: സി പി എം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശം

Posted on: June 27, 2016 1:15 am | Last updated: June 27, 2016 at 12:18 am

തിരുവനന്തപുരം:പാര്‍ട്ടി ബംഗാള്‍ ഘടകത്തിന്റെ കോണ്‍ഗ്രസ് സഖ്യത്തിനെതിരെ സി പി എം സംസ്ഥാന സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം. സി പി എം കേന്ദ്രനേതൃത്വത്തിന് ഇക്കാര്യത്തില്‍ തെറ്റുപറ്റിയെന്നും ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമിതി യോഗം വിലയിരുത്തി. പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലെ ചില നേതാക്കളുടെ മൗനാനുവാദത്തോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി പി എം സഖ്യത്തിലേര്‍പ്പെട്ടതെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച അടവുനയത്തിന്റെ ലംഘനമാണ് ബംഗാളില്‍ നടന്നത്.

പാര്‍ട്ടി വിരുദ്ധ നിലപാടാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ബംഗാളിലെ നേതാക്കള്‍ കോണ്‍ഗ്രസ് സഖ്യവുമായി മുന്നോട്ടുപോയത് ഗൗരവതരമാണ്. ഇവരുടെ സമ്മര്‍ദത്തിന് കേന്ദ്ര നേതൃത്വം വഴങ്ങിയെന്നതാണ് വാസ്തവം. ബംഗാള്‍ സംസ്ഥാന കമ്മിറ്റിയുടെ പാര്‍ട്ടി നയത്തില്‍ നിന്നുള്ള വ്യതിചലനം ചെറുക്കാന്‍ കേന്ദ്രനേതൃത്വത്തിനായില്ലെന്നത് പരിശോധിക്കപ്പെടേണ്ടതാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു. ഇനിയെങ്കിലും കേന്ദ്രനേതൃത്വം ഈ വിഷയം അവധാനതയോടെ കൈകാര്യം ചെയ്യണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു.

പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലെ ചിലരുടെ മൗനാനുവാദവും സഖ്യത്തിന് പിന്നിലുണ്ടായിരുന്നു. ബംഗാളില്‍ കോണ്‍ഗ്രസുമായി പാര്‍ട്ടി ഉണ്ടാക്കിയ സഖ്യം പാര്‍ട്ടി നയത്തില്‍ നിന്നുള്ള വ്യതിചലനമാണെന്ന സി പി എം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍ പോളിറ്റ ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വിഷയത്തില്‍ ചര്‍ച്ച ഇന്നും തുടരും. കൂടാതെ ജൂലൈ മാസത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭം സി പി എം നടത്തും. ഇതിന്റെ ഭാഗമായി സമര പ്രചാരണ പരിപാടികള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. വിലക്കയറ്റം, അമേരിക്കയുമായുളള അടുത്തബന്ധം, വ്യോമയാന പ്രതിരോധമേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുളള തീരുമാനം എന്നിവക്കെതിരെയാണ് പ്രക്ഷോഭം. ബോര്‍ഡ്, കോര്‍പറേഷന്‍ പദവികള്‍ സംബന്ധിച്ച ചര്‍ച്ച ഇന്നത്തെ യോഗത്തിലേ നടക്കൂ. യോഗത്തില്‍ എ വിജയരാഘവന്‍ അധ്യക്ഷനാണ്.