Connect with us

International

ഹിതപരിശോധനാ ഫലം;ലേബര്‍ പാര്‍ട്ടിയില്‍ കൂട്ട രാജി; കോര്‍ബിന്റെ രാജിക്ക് മുറവിളി

Published

|

Last Updated

ലണ്ടന്‍: ഹിതപരിശോധനയില്‍ ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തുപോകാനുള്ള തീരുമാനം ഉറപ്പായതോടെ ബ്രിട്ടനിലെ പ്രതിപക്ഷ പാര്‍ട്ടി കലങ്ങിമറിയുന്നു. ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെ നേതൃത്വം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ നിന്ന് പത്ത് കാബിനറ്റ് അംഗങ്ങള്‍ രാജിവെച്ചു. കൂടുതല്‍ പേര്‍ വൈകാതെ രാജിനല്‍കുമെന്നാണ് സൂചന. ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടി നിഴല്‍ മന്ത്രിസഭയിലെ ഒരംഗത്തെ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെയാണ് വിദേശകാര്യ സെക്രട്ടറി ഹിലാരി ബെന്നിനെ തത്സ്ഥാനത്ത് നിന്ന് നീക്കം ചെയ്തുകൊണ്ടുള്ള അറിയിപ്പ് വന്നത്. ലേബര്‍ പാര്‍ട്ടി നേതാവിനെതിരെ അട്ടിമറി ശ്രമം നടത്തിയെന്ന പേരിലാണ് ഈ നടപടി. ഇത് ലേബര്‍ പാര്‍ട്ടിയിലെ പ്രതിസന്ധി കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ഇതിന് പുറമെ ജെറമി കോര്‍ബിന്റെ പാര്‍ട്ടി നേതൃത്വവും ചോദ്യചെയ്യപ്പെടുകയാണ്. സ്ഥാനമൊഴിയണമെന്ന സമ്മര്‍ദം ഇദ്ദേഹത്തിന് മേല്‍ ശക്തമായി. മണിക്കൂറുകള്‍ക്ക് ശേഷം, ലേബര്‍ പാര്‍ട്ടി ആരോഗ്യ സെക്രട്ടറി ഹെയ്ദി അലക്‌സാണ്ടറും മറ്റൊരു എം പിയായ ഗ്ലോറിയ ദി പിയറോയും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.
നിരവധി നല്ല തത്വങ്ങള്‍ കൊണ്ടുനടക്കുന്നു എന്ന നിലയില്‍ താങ്കളെ ബഹുമാനിക്കുന്നുണ്ടെങ്കിലും രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കുത്തരം നല്‍കാന്‍ താങ്കള്‍ക്ക് ശേഷിയില്ലെന്ന് മനസ്സിലാക്കുന്നതായി ജെറമി കോര്‍ബിനയച്ച കത്തില്‍ അലക്‌സാണ്ടര്‍ ചൂണ്ടിക്കാട്ടി. അടുത്ത സര്‍ക്കാര്‍ രൂപവത്കരിക്കുകയാണെങ്കില്‍ പാര്‍ട്ടി നേതൃത്വത്തില്‍ സമൂലമായ മാറ്റം അനിവാര്യമായിരിക്കുകയാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിന് വേണ്ടി ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ശക്തമായ ക്യാമ്പയിന്‍ നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശമുയരുന്നുണ്ട്. ലേബര്‍ പാര്‍ട്ടിയിലെ ചില എം പിമാര്‍ തന്നെയാണ് ആരോപണത്തിന് പിന്നില്‍. അതുപോലെ ലക്ഷക്കണക്കിന് വോട്ടര്‍മാരെ യൂറോപ്യന്‍ യൂനിയനില്‍ തുടരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടതായും എം പിമാര്‍ കുറ്റപ്പെടുത്തുന്നുണ്ട്.
തനിക്ക് മതിയായ പിന്തുണ ലഭിക്കുകയാണെങ്കില്‍ കോര്‍ബിനെ താഴെയിറക്കാന്‍ സന്നദ്ധനാണെന്ന് വിദേശകാര്യ സെക്രട്ടറി ഹിലാരി ബെന്‍ നേരത്തെ തന്റെ സഹപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ജെറമി കോര്‍ബിന്‍ സ്ഥാനമൊഴിയാന്‍ വിസമ്മതിക്കുകയാണെങ്കില്‍ തന്നോടൊപ്പം ചേരാന്‍ മറ്റുള്ള എം പിമാരോടും ഹിലാരി ബെന്‍ ആവശ്യപ്പെട്ടിരുന്നതായാണ് വാര്‍ത്ത. കോര്‍ബിന്റെ നേതൃത്വത്തിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടതായി അദ്ദേഹത്തെ ഫോണില്‍ വിളിച്ചറിയിക്കുകയും ഇതിന് ശേഷമാണ് തന്നെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് വന്നതെന്നും ബെന്‍ ചൂണ്ടിക്കാട്ടി. സിറിയന്‍ ആക്രമണത്തെ ചൊല്ലി കഴിഞ്ഞ സെപ്തംബറില്‍ ബെന്നും കോര്‍ബിനും കൊമ്പുകോര്‍ത്തിരുന്നു.
എന്തായാലും അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ജെറമിയുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്ന് ചില എം പിമാര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, തന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം ആളുകളും സംതൃപ്തരാണെന്നാണ് കോര്‍ബിയുടെ വിലയിരുത്തല്‍.

Latest