ജമ്മുകാശ്മീരില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Posted on: June 26, 2016 11:58 pm | Last updated: June 26, 2016 at 11:58 pm

MADHUതിരുവനന്തപുരം: രാജ്യസേവനത്തിനിടയില്‍ തീവ്രാദികളുടെ ആക്രമണത്തില്‍ മരിച്ച സി ആര്‍ പി എഫ് ഇന്‍സ്പക്ടര്‍ നന്ദിയോട് കള്ളിപ്പാറ ചടച്ചിക്കരിക്കകം സ്‌നേഹശ്രീയില്‍ ജി ജയചന്ദ്രന്‍നായരുടെ ഭൗതികശരീരം നാട്ടിലെത്തിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ തിങ്കളാഴ്ച്ച രാവിലെ പതിനൊന്നിന് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. ഇന്നലെ രാത്രി 10.45 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചു.
ജമ്മുകാശ്മീരിലെ പുല്‍വാര ജില്ലയിലെ പാംപോറില്‍ വച്ചാണ് ജയചന്ദ്രന്‍ നായരും സംഘവും സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക് നേരേ തീവ്രവാദി ആക്രമം ഉണ്ടായത്. ജയചന്ദ്രന്‍ നായര്‍ ഉള്‍പ്പടെ എട്ടുപേര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെട്ടു. പതിനെട്ടാം വയസില്‍ സൈന്യത്തില്‍ ചേര്‍ന്ന ജയചന്ദ്രന്‍ നായര്‍ 33 വര്‍ഷം സേവനം പൂര്‍ത്തിയാക്കി മടങ്ങാനിരിക്കവേയാണ് ദുരന്തം സംഭവിച്ചത്.
മോട്ടോര്‍ ട്രൈയിനിംഗ് തസ്തികയില്‍ നാല് വര്‍ഷമായി ജമ്മുകാശ്മീരില്‍ ജോലി നോക്കി വരികയായിരുന്നു. വര്‍ക്കല ചെറിന്നിയൂര്‍ വെള്ളിയാഴ്ച്ചക്കാവ് മുടിയക്കോട് കളിയിക്കവിള വീട്ടില്‍ പരേതനായ ഗോപിനാഥന്‍ നായരുടേയും രാജമ്മയുടേയും ഏഴുമക്കളില്‍ മൂന്നാമനാണ് ജയചന്ദ്രന്‍ നായര്‍.
ഭാര്യ. മക്കള്‍ : സ്‌നേഹ എസ് നായര്‍,ശ്രുതി എസ് നായര്‍. (ഇരുവരും ചായം ആള്‍സൈന്‍സ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ്) സഹോദരങ്ങള്‍ : രാജീവ്, ശാന്തകുമാരി, മിനി, മായ, ദിലീപ്, പ്രദീപ്.