എസ്എന്‍ഡിപിയെ നയിക്കുന്നവര്‍ ജാതിദ്വേഷം പ്രചരിപ്പിക്കുന്നു: പിണറായി

Posted on: June 26, 2016 7:46 pm | Last updated: June 27, 2016 at 11:04 am
SHARE

pinarayi 2തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തെ നയിക്കുന്നവര്‍ ഗുരു നിന്ദയാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിയുടേയും മതത്തിന്റേയും പേരില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നവരാണ് ഇക്കൂട്ടരെന്നും ശിവഗിരിയിലെ നിഷ്‌കളങ്കരായ സന്യാസിമാര്‍ ഇത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവാണോ ശരി ഗുരുവിനെ ധിക്കാരപൂര്‍വ്വം കാണുന്ന ശിഷ്യരാണോ ശരിയെന്നും അദ്ദേഹം ചോദിച്ചു.

നമുക്ക് ജാതിയില്ല എന്ന മഹാവിളംബരത്തിന്റെ ശതാബ്ദി ആഘോഷം വി.ജെ.ടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ജാതിയില്ല എന്നു പറഞ്ഞ ഗുരുവിന്റെ ആദര്‍ശത്തില്‍ നിന്നും ജാതി പറഞ്ഞാലെന്താ എന്നു ചോദിക്കുന്നവരിലേക്ക് അധികം ദൂരമില്ലെന്ന് അദ്ദേഹം പറഞ്ഞു.
പിന്നോക്ക ജാതിക്കാര്‍ക്കും വോട്ടുണ്ടല്ലോ. ആ വോട്ടുകൂടി കണ്ടുകൊണ്ട് അവരെ കൂടി തങ്ങളുടെ മതവര്‍ഗീയ സംഘടനയിലേക്ക് കൊണ്ടു പോകാനുള്ള ഒരു തന്ത്രമായാണ് ഇതിനെ ഉപയോഗിക്കുന്നതെന്നും പിണറായി പറഞ്ഞു.

ശിവഗിരി മഠത്തെ റാഞ്ചാനുള്ള ചിലരുടെ ശ്രമത്തിനെതിരെ ജാഗ്രത പുലര്‍ത്തണം. ഗുരുവിന്റെ പേരു പറഞ്ഞ് ഹിന്ദുക്കളെ സംഘടിപ്പിക്കാനുള്ള ശ്രമം ഗുരുനിന്ദയാണ്. ഗുരുവിന്റെ ശിക്ഷ്യനാകാനുള്ള ഏറ്റവും വലിയ യോഗ്യത ജാതിയും മതവും ഇല്ലാത്തവനാകുക എന്നതാണ്. നിലവില്‍ യോഗത്തെ നയിക്കുന്നവര്‍ ഗുരുവിന്റെ ഈ ചിന്തകളേയാണോ പിന്തുടരുന്നതെന്ന് പരിശോധിക്കണമെന്നും പിണറായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here