Connect with us

Gulf

ബ്രിട്ടന്റെ പുറത്തുപോകല്‍ ജി സി സി പരമോന്നത സ്വത്ത് ഫണ്ടുകളെ ബാധിക്കും

Published

|

Last Updated

ദോഹ: യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്റെ പുറത്തുപോകല്‍ യാഥാര്‍ഥ്യമാകുന്നതോടെ ജി സി സിയുടെ പരമോന്നത സ്വത്ത് ഫണ്ടുകളെ സാരമായി ബാധിക്കുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷനല്‍ ഫിനാന്‍സി (ഐ ഐ എഫ്)ന്റെ മുന്നറിയിപ്പ്. വിവിധ വഴികളിലൂടെ ബ്രിട്ടനില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയ ജി സി സിയിലെ കമ്പനികളെയും ബാധിക്കുമെന്ന് അമേരിക്കന്‍ സ്ഥാപനം മുന്നറിയിപ്പ് നല്‍കി.
ബ്രിട്ടനില്‍ നിന്ന് പരമോന്നത സ്വത്ത് ഫണ്ടിന്റെ നല്ലൊരു ഭാഗം യു എസ് പോലെയുള്ള പക്വതയുള്ളതോ വളര്‍ന്നുകൊണ്ടിരിക്കുന്നതോ ആയ സമ്പദ്ഘടനയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. ഖത്വര്‍, സഊദി അറേബ്യ, കുവൈത്ത്, യു എ ഇ എന്നീ രാഷ്ട്രങ്ങളുടെ പരമോന്നത സ്വത്ത് ഫണ്ട് ബ്രിട്ടീഷ് സ്വത്തുകള്‍ വാങ്ങുന്നതില്‍ മുന്‍പന്തിയിലാണ്. പ്രത്യേകിച്ച് ലണ്ടനില്‍ വലിയ സ്വത്തുക്കുള്‍ ഇവ സ്വന്തമാക്കിയിട്ടുണ്ട്. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് ഈയടുത്ത് ഇതില്‍ മാറ്റം വന്നിരുന്നു. ദ ഷാര്‍ഡ്, ഹരോഡ്‌സ്, ഒളിംപിക്‌സ് വില്ലേജ്, നിരവധി ആഡംബര ഹോട്ടലുകള്‍ തുടങ്ങിയവ ലണ്ടനില്‍ ഖത്വര്‍ സ്വന്തമാക്കിയിട്ടുണ്ട്. ലോകതലത്തില്‍ 256 ബില്യന്‍ ഡോളറിന്റെ സ്വത്തുള്ള ഖത്വര്‍ പരമോന്നത സ്വത്ത് ഫണ്ട് ആയ ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് ബാര്‍ക്ലേയ്‌സ്, സൈന്‍സ്ബറീസ്, കാനറി വാര്‍ഫ് തുടങ്ങിയ സംരംഭങ്ങളില്‍ ഓഹരിയുണ്ട്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് അമേരിക്കയില്‍ 35 ബില്യന്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ക്യു ഐ എ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഏഷ്യയില്‍ അഞ്ച് വര്‍ഷം കൊണ്ട് 20 ബില്യന്‍ ഡോളര്‍ ആണ് നിക്ഷേപിക്കുന്നത്. പൗണ്ടിന്റെ വിനിമയ നിരക്ക് കുത്തനെ കുറഞ്ഞതും ബ്രിട്ടനിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വേഗം കുറയുന്നതും അവിടെ നിക്ഷേപമുള്ള ജി സി സി കമ്പനികളെ ബാധിക്കും. 31 വര്‍ഷത്തിനിടെയണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണ് പൗണ്ടിന് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്നത്. പലിശനിരക്ക് കൂടി ഉയരുന്നതോടെ വായ്പയെടുക്കുന്നത് വന്‍ ബാധ്യതയായി മാറും.

Latest