ദുബൈ വാട്ടര്‍ കനാല്‍; അബുദാബി ഭാഗത്തേക്കുള്ള പാലം വെള്ളിയാഴ്ച തുറക്കും

Posted on: June 26, 2016 6:33 pm | Last updated: June 26, 2016 at 6:33 pm
SHARE

DUBAI CANALദുബൈ:ശൈഖ് സായിദ് റോഡില്‍ അബുദാബി ഭാഗത്തേക്കുള്ള പാലം വെള്ളിയാഴ്ച തുറക്കുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍തായര്‍ അറിയിച്ചു. ദുബൈ വാട്ടര്‍ കനാല്‍ പദ്ധതിയുടെ ഭാഗമായാണ് പാലം. എട്ട് വരിയാണിതിനുള്ളത്. ആദ്യ ഘട്ടത്തില്‍ ആറ് വരിയാണ് തുറക്കുക. ബാക്കിയുള്ളവ ജൂലൈ മധ്യത്തോടെ തുറക്കും. ജലനിരപ്പില്‍ നിന്ന് 8.5 മീറ്റര്‍ ഉയരത്തിലുള്ളതാണ് പാലം. അതുകൊണ്ടുതന്നെ 24 മണിക്കൂറും കനാലിലൂടെ ബോട്ടുകള്‍ക്കും മറ്റും സഞ്ചരിക്കാന്‍ കഴിയും.

ദുബൈ വാട്ടര്‍ കനാല്‍ പദ്ധതിയുടെ ഭാഗമായാണ് 800 മീറ്റര്‍ നീളത്തില്‍ പാലം നിര്‍മിച്ചത്. അനുബന്ധ റോഡുകളിലും മാറ്റംവരുത്തി. ജല വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിച്ചു. പ്രത്യേക രൂപകല്‍പനയാണ് പാലം പണിയാന്‍ ഉപയോഗിച്ചിട്ടുള്ളത്. മുകളില്‍ നിന്ന് ജലധാര ഒഴുകുന്ന പ്രതീതിയുണ്ടാകും. ആപ്ലിക്കേഷന്‍ വഴിയാണ് വിളക്കുകള്‍ പ്രവര്‍ത്തിക്കുക. ത്രി ജി സാങ്കേതിക വിദ്യ ഉപയോഗിച്ച് ആര്‍ ടി എയുമായി സംവദിക്കാന്‍ പാലത്തില്‍ സൗകര്യമുണ്ടായിരിക്കും. ദുബൈ ഭാഗത്തേക്ക് അല്‍ വാസല്‍ പാലത്തിന്റെ മൂന്ന് വരി ആര്‍ ടി എ നേരത്തെ തുറന്നിരുന്നു. അബുദാബി ഭാഗത്തേക്ക് രണ്ട് വരി പാതമാത്രമാണ് തുറന്നത്.

അല്‍ വാസല്‍ റോഡില്‍ നിന്ന് അല്‍ അതാര്‍ റോഡിലേക്കുള്ള പാലമാണിത്. ഇവിടെ വാഹനഗതാഗതം സുഗമമായി നടക്കുന്നു. ജുമൈറ ഒന്ന് മുതല്‍ ജുമൈര രണ്ട്, മൂന്ന് വരെയും അതീഖ റോഡിലേക്കും തിരിച്ചും വാഹന ഗതാഗതം സുഗമമായി. പുതിയ പാലത്തില്‍ പ്രതിദിനം 50,000ത്തിലധികം വാഹനങ്ങള്‍ കടന്നുപോവുന്നുണ്ട്.
അല്‍ അതാര്‍ റോഡില്‍ നിന്ന് അതീഖ, അല്‍ വാസല്‍ റോഡിലേക്കുള്ള പാലത്തിന്റെ നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയായി. ജുമൈറ റോഡ്, അല്‍ അതാ റോഡ് എന്നിവിടങ്ങളില്‍ നിന്ന് അതീഖ റോഡിലേക്കും ശൈഖ് സായിദ് റോഡിലേക്കും വാഹനങ്ങള്‍ക്ക് സുഗമമായി പോകാന്‍ കഴിയുന്നുണ്ട്.

ഇതിനു പുറമെ ജുമൈറ പാലത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ജൂലൈയില്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കും. കനാലിനെ മുറിച്ചുകടക്കുന്ന മൂന്ന് പാലങ്ങളുടെയും നിര്‍മാണം ഏതാണ്ട് അന്തിമഘട്ടത്തിലാണ്. കനാല്‍ നിര്‍മാണവും അനുബന്ധമായി നടക്കുന്നു. മൂന്ന് നടപ്പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു.
10 മറൈന്‍ സ്റ്റേഷനുകളും നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ജുമൈറ പാര്‍ക്കിന്റെ ഭാഗങ്ങളില്‍ സിന്തറ്റിക്ക് പെനിന്‍സുല നിര്‍മിക്കുന്നുണ്ടെന്നും മതര്‍ അല്‍തായര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here