‘ബ്രെക്‌സിറ്റ്’ ആഘാതം നാമമാത്രമെന്ന് വിദഗ്ധര്‍

Posted on: June 26, 2016 6:27 pm | Last updated: June 26, 2016 at 6:27 pm
SHARE

ദുബൈ:യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറിയത് മധ്യപൗരസ്ത്യദേശത്ത് ധന, വാണിജ്യ മേഖലകളില്‍ കനത്ത പ്രത്യാഘാതം സൃഷ്ടിക്കില്ല എന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. ബ്രിട്ടീഷ് കറന്‍സിക്ക് വിലകുറഞ്ഞത് താത്കാലിക പ്രതിഭാസമായിരിക്കും. മിക്ക ഗള്‍ഫ് കറന്‍സികളും അമേരിക്കന്‍ ഡോളര്‍ ആശ്രിതമാണെന്നതിനാല്‍, പൗണ്ടിന് വിലകുറയുന്നത് ധനവിനിമയ രംഗത്ത് വലിയമാറ്റം ഉണ്ടാക്കില്ല. പൗണ്ടിന്റെ മൂല്യം കുറഞ്ഞതും ഡോളര്‍ ശക്തിപ്പെട്ടതും താത്കാലിക പ്രതിഭാസമാണ്. ഡോളറും ഗള്‍ഫ് കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം ഇടിഞ്ഞതും നീണ്ടുനില്‍ക്കുന്ന വ്യതിയാനങ്ങളല്ല.

എന്നാല്‍, ബ്രിട്ടനില്‍ നിക്ഷേപം നടത്തിയവര്‍ക്കും പൗണ്ട് കരുതിവെച്ചവര്‍ക്കും ആശങ്കയുണ്ട്. ബ്രിട്ടനില്‍ നിക്ഷേപം നടത്തിയ കൂട്ടത്തില്‍ ഗള്‍ഫ് മലയാളികളുമുണ്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി ഈയിടെ ധാരാളം നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍, ‘ബ്രെക്‌സിറ്റി’ന്റെ തുടര്‍ചലനങ്ങള്‍ എത്രത്തോളം ആകുമെന്ന് ഊഹിക്കാന്‍ കഴിയാത്തതിനാല്‍ നിഗമനത്തിലെത്തിച്ചേരുന്നതില്‍ അര്‍ഥമില്ല. ചിലപ്പോള്‍, ബ്രിട്ടന്‍ കൂടുതല്‍ ശക്തി കൈവരിച്ചേക്കാം. മറ്റുചിലപ്പോള്‍ സ്‌കോട്‌ലാന്‍ഡ് അടക്കം ചില പ്രദേശങ്ങള്‍ ബ്രിട്ടനില്‍നിന്ന് വിടുതല്‍ നേടിയാല്‍ അന്തഃചിദ്രമായേക്കാം. എന്തായാലും പുതിയ സാഹചര്യം യൂറോപ്യന്‍ യൂണിയന് ക്ഷീണമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബ്രിട്ടന്റെ സാന്നിധ്യം യൂണിയന് കരുത്തായിരുന്നു. ഫ്രാന്‍സിലും നെതര്‍ലന്‍ഡ്‌സിലും, യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ മാതൃകയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റ ബ്ലോക്കായി, ജി സി സി യൂണിയനായി മാറാനുള്ള നീക്കത്തിന് ‘ബ്രെക്‌സിറ്റ്’ തിരിച്ചടി നല്‍കിയിരിക്കുന്നു. ജി സി സി ഏകീകൃത കമ്പോളം, ഒറ്റ നാണയം എന്നിവ യാഥാര്‍ഥ്യമാക്കുന്നതിന് ഗള്‍ഫ് ഭരണാധികാരികള്‍ പുനരാലോചന നടത്തിയേക്കും. സൈനിക, വാണിജ്യ സഹകരണത്തിലേക്ക് മാത്രമായി ചുരുങ്ങും. അതേസമയം, ബ്രിട്ടനും ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെട്ടേക്കും.

യു എ ഇ-യു കെ ഉഭയകക്ഷി വ്യാപാരം 2020 ഓടെ 2,500 കോടി പൗണ്ടിന്റേതായി വര്‍ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ആഗ്രഹിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ബ്രിട്ടനുമായാണ് യു എ ഇക്ക് കൂടുതല്‍ അടുപ്പമുള്ളത്. യൂറോപ്യന്‍ യൂണിയന്റെ നിബന്ധനകള്‍ ചില മേഖലകളില്‍ മെല്ലെപ്പോക്കിന് കാരണമായിരുന്നു. ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാരകരാര്‍ സാധ്യമായിരുന്നില്ല. ബ്രിട്ടന്‍ സ്വതന്ത്രമാകുന്നതോടെ, അത്തരം നൂലാമാലകള്‍ ഉണ്ടിക്കില്ല.

ഊര്‍ജം, ചില്ലറ ഇടത്തരം സംരംഭങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലാണ് സഹകരണം വര്‍ധിക്കാന്‍ പോകുന്നത്. 2015ല്‍ ഉഭയ കക്ഷി ബന്ധം 1,200 കോടി പൗണ്ടിന്റേതായിരുന്നെങ്കില്‍ 2020ന് മുമ്പേ അത് ഇരട്ടിയാകും.
‘ബ്രെക്‌സിറ്റ് മൂലമുള്ള വലിയ മാറ്റം ഇതിനകം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴുള്ള ചാഞ്ചാട്ടം, ഏതാനും ദിവസത്തിനകം അവസാനിക്കും’- ലുലു ഇന്റര്‍നാഷനല്‍ എക്‌സ്‌ചേഞ്ച് സി ഇ ഒ അദീബ് അഹ്മദ് ചൂണ്ടിക്കാട്ടി. പൗണ്ടിനും രൂപക്കും വില കുറഞ്ഞതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മണി എക്‌സ്‌ചേഞ്ചുകളിലേക്ക് ആളുകളുടെ ഒഴുക്കുണ്ടായിരുന്നു.

പൗണ്ടും രൂപയും വാങ്ങിക്കൂട്ടാന്‍ ചിലര്‍ അവസരം ഉപയോഗപ്പെടുത്തി. അപ്രതീക്ഷിതമായ ഈ സംഭവ വികാസം കാരണം പൗണ്ടിന് ക്ഷാമം നേരിട്ടു. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ പൗണ്ടിന്റെ മൂല്യത്തില്‍ പത്തുശതമാനം ഇടിവാണ് സംഭവിച്ചത്. തല്‍ക്കാലത്തേക്ക്, ഇത് ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവ് വര്‍ധിപ്പിക്കും.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇന്ത്യ, ചൈന തുടങ്ങിയ ഏഷ്യന്‍ മേഖലയുമായാണ് കൂടുതല്‍ വാണിജ്യബന്ധം എന്നതും രക്ഷയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here