മുകേഷിനെ കാണാനില്ലെന്ന പരാതി സ്വീകരിച്ച എസ്‌ഐക്കെതിരെ നടപടി

Posted on: June 26, 2016 1:11 pm | Last updated: June 26, 2016 at 1:11 pm

mukesh (1)കൊല്ലം: മുകേഷ് എംഎല്‍എയെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതി സ്വീകരിച്ച കൊല്ലം വെസ്റ്റ് എസ്‌ഐ ഗിരീഷിനെതിരെ നടപടിക്ക് ശിപാര്‍ശ. എസ്‌ഐയെ സ്ഥലം മാറ്റണമെന്ന് സിറ്റി പൊലീസ് കമീഷണറാണ് ശിപാര്‍ശ ചെയ്തത്.

വ്യക്തിഹത്യ നടത്തുന്നതിനുള്ള രാഷ്ട്രീയ നീക്കമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയതെന്ന് കാണിച്ച് അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ക്ക് സിപിഎം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കൊല്ലം പട്ടത്താനം സ്വദേശിയും നിയമസഭാംഗവുമായ മുകേഷിനെ ഒരു മാസമായി കാണാനില്ലെന്നാണ് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തങ്ങള്‍ക്ക് ഒരു തവണയെങ്കിലും നേരില്‍ കാണാന്‍ മുകേഷിനെ പൊലീസ് കണ്ടെത്തിത്തരണമെന്ന് പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രസീത് നല്‍കുകയും ചെയ്തിരുന്നു.

താന്‍ രാഹുല്‍ ക്ലബില്‍ അംഗത്വമെടുക്കാന്‍ പോയതായിരുന്നു എന്നായിരുന്നു ഇതിന് മുകേഷിന്റെ മറുപടി. പക്ഷെ വീട്ടില്‍ പറയാതെ നാല് മാസമെങ്കിലും മാറി നിന്നാല്‍ മാത്രമേ അംഗത്വം തരാനാവൂ എന്ന് പറഞ്ഞ് തന്നെ മടക്കി അയച്ചെന്നും മുകേഷ് പരിഹസിച്ചു.