അഞ്ജു ‘ഖേലോ ഇന്ത്യ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍

Posted on: June 26, 2016 12:56 pm | Last updated: June 26, 2016 at 12:56 pm

anju bobby georgeന്യൂഡല്‍ഹി: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ കേന്ദ്ര സര്‍ക്കാറിന്റെ ‘ഖേലോ ഇന്ത്യ’ പദ്ധതിയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗമാക്കി. അഞ്ജുവിനെ കൂടാതെ ബാഡ്മിന്റണ്‍ താരവും കോച്ചുമായ പുല്ലേല ഗോപിചന്ദിനെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര കായിക സെക്രട്ടറിയാണ് ആറംഗ ഭരണസമിതിയുടെ ചെയര്‍മാന്‍. പുരുഷ, വനിതാ കായിക താരങ്ങളുടെ പ്രതിനിധികളായാണ് അഞ്ജു ബോബി ജോര്‍ജിനെയും പുല്ലേല ഗോപിചന്ദിനെയും സമിതിയില്‍ ഉള്‍പ്പെടുത്തിയത്.

‘ഖേലോ ഇന്ത്യ’ ഭരണസമിതി അംഗം എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് അഞ്ജു ബോബി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ താരങ്ങള്‍ക്ക് മികവ് തെളിയിക്കാനാവുന്ന ഇനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

രാജീവ്ഗാന്ധി ഖേല്‍ അഭിയാന്‍ പദ്ധതിയാണ് എന്‍ഡിഎ സര്‍ക്കാര്‍ ‘ഖേലോ ഇന്ത്യ’ എന്ന് പുനര്‍നാമകരണം ചെയ്തത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കായിക വികസനത്തിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുന്നതും അടക്കമുള്ളവയുടെ മേല്‍നോട്ടവും ഈ സമിതിക്കാണ്.