Connect with us

National

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ ആം ആദ്മി എംഎല്‍എമാര്‍ കസ്റ്റഡിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ള 65 ആം ആദ്മി എംഎല്‍എമാരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. തുഗ്ലക് റോഡിന് സമീപം മാര്‍ച്ച് തടഞ്ഞശേഷമാണ് എംഎല്‍എമാരെ പോലീസ് കസ്റ്റഡിയിലെടുത്തത്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കണമെന്ന് സിസോദിയ ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുവദിച്ചില്ല.

ആം ആദ്മി എംഎല്‍എ ദിനേഷ് മൊഹാനിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഉപമുഖ്യമന്ത്രി സിസോദിയക്കെതിരെ ഖാസിപൂര്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ പരാതി നല്‍കി. സിസോദിയ മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നതിനിടെ കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.

എന്നാല്‍ മാര്‍ക്കറ്റില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് താന്‍ മിന്നല്‍ പരിശോധന നടത്തിയതെന്ന് സിസോദിയ പറഞ്ഞു. തന്നെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് പരാതിയെന്നും സിസോദിയ പറഞ്ഞു.

തന്നെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് മോദിക്ക് മുന്നില്‍ കീഴടങ്ങുമെന്ന് പ്രഖ്യാപിച്ചാണ് സിസോദിയയുടെ നേതൃത്വത്തില്‍ ആം ആദ്മി പ്രതിനിധികള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.