ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള്

Posted on: June 26, 2016 10:49 am | Last updated: June 26, 2016 at 10:49 am

diftheriaകൊറൈന്‍ ബാക്ടീരിയം ഡിഫ്തീരിയെ എന്ന രോഗാണു ഉണ്ടാക്കുന്നതും വായുവില്‍ കൂടി പകരുന്നതുമായ രോഗമാണ് തൊണ്ടമുള്ള് (ഡിഫ്തീരിയ). കുത്തിവെപ്പ് എടുക്കാത്തവരെയും അപൂര്‍ണമായി എടുത്തവരെയുമാണ് രോഗം ബാധിക്കുന്നത്. പ്രധാനമായും കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും ബാധിക്കും. പനി, തൊണ്ട വേദന, ആഹാരം ഇറക്കാന്‍ പ്രയാസം, കഴുത്തില്‍ വീക്കം എന്നിവയാണ് പ്രാരംഭ രോഗ ലക്ഷണങ്ങള്‍. ലക്ഷണം കണ്ടാല്‍ സ്വയം ചികിത്സക്ക് മുതിരാതെ വൈദ്യസഹായം തേടണം. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മാരകമായ ഭവിഷ്യത്തുകള്‍ ഉണ്ടാകും. രോഗാണു പുറപ്പെടുവിക്കുന്ന വിഷ വസ്തു രക്തത്തില്‍ കലര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തി ഹൃദയം, മസ്തിഷ്‌കം, നാഡി ഞെരമ്പുകള്‍ എന്നിവയെ ബാധിച്ച് മരണ കാരണമാകുന്നു. മാത്രമല്ല കഴുത്തിലെ വീക്കം മൂലം ശ്വാസതടസ്സം ഉണ്ടായും മരണം സംഭവിക്കാം. എരിത്രോമൈസിന്‍ എന്ന ആന്റി ബയോട്ടിക് മെഡിസിനും ഡിഫ്തീരിയ ആന്റി ടോക്‌സിനും ഉപയോഗിച്ചുള്ള ചികിത്സയാണ് നിലവിലുള്ളത്. രോഗ പ്രതിരോധം യഥാസമയത്തുള്ള രോഗ പ്രതിരോധ കുത്തിവെപ്പുകള്‍ മാത്രമാണ്.