ഈ വേര്‍പിരിയലില്‍ അപകടമുണ്ട്

ലോകവിശേഷം
Posted on: June 26, 2016 6:30 am | Last updated: June 25, 2016 at 11:36 pm

BREXIT 2പ്രായോഗികതക്ക് മേല്‍ വൈകാരികതയുടെ വിജയമെന്ന് ബ്രെക്‌സിറ്റ് എന്ന് വിളിക്കപ്പെട്ട ഹിതപരിശോധനയുടെ ഫലത്തെ വിശേഷിപ്പിക്കാം. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍വാങ്ങണമെന്ന ജനഹിതം ആഗോളവത്കരണത്തിന് മേല്‍ ദേശീയ സ്വത്വബോധം നേടിയ വിജയമെന്നും അടയാളപ്പെടുത്താം. വിദ്യാസമ്പന്നരും സാമ്പത്തിക ശ്രേണിയില്‍ ഉന്നതിയില്‍ നില്‍ക്കുന്നവരും വ്യാപാര പ്രമുഖരും എടുത്ത നിലപാടുകള്‍ തോല്‍ക്കുകയും സാധാരണക്കാരും തൊഴിലാളികളും എടുത്ത സമീപനം ജയിക്കുകയും ചെയ്തു. പഴയ തലമുറ വേര്‍പിരിയാന്‍ പറഞ്ഞു; പുതിയ തലമുറ ഒരുമിച്ച് പോകാനും. സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ക്ക് മേല്‍ സ്വത്വപരമായ ഉത്കണ്ഠ വിജയിക്കുകയാണ് ചെയ്തത്. എന്നാല്‍ ഈ വിലയിരുത്തലകള്‍ക്കെല്ലാം അപ്പുറം അപകടകരമായ കുടിയേറ്റവിരുദ്ധതയും വംശീയതയും തീവ്രവലതുപക്ഷ അവബോധവുമാണ് ബ്രെക്സ്റ്റിലൂടെ വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. യൂറോപ്പിലാകെ പടര്‍ന്ന് പിടിക്കുന്ന തീവ്രവലതുപക്ഷ മഹാമാരിയാണ് ബ്രിട്ടനിലും കണ്ടത്. ആ അര്‍ഥത്തില്‍ ബ്രെക്‌സിറ്റ് ഫലം ഗുരുതരമായ ആപത്സൂചനകളാണ് നല്‍കുന്നത്. യൂറോപ്യന്‍ യൂനിയനും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തില്‍ എന്ത് സംഭവിക്കും, അത് ആ മേഖലയില്‍ രാഷ്ട്രീയമായും സാമ്പത്തികമായും എന്ത് പ്രത്യാഘാതമുണ്ടാക്കും, ഇന്ത്യയടക്കമുള്ള മറ്റ് രാഷ്ട്രങ്ങളെ ഇത് എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നത്, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇത് എന്ത് സ്വാധീനമുണ്ടാക്കും തുടങ്ങിയ ചോദ്യങ്ങളെല്ലാം പ്രസക്തമായിരിക്കാം. എന്നാല്‍ മനുഷ്യരെ അകറ്റി നിര്‍ത്തി സ്വന്തം അതിര്‍ത്തി അടച്ച് പൂട്ടി സംരക്ഷക്കണമെന്ന അത്യന്തം കുടുസ്സായ ചിന്താഗതി ഉയര്‍ത്തുന്ന ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് യഥാര്‍ഥത്തില്‍ ലോകം ചോദിക്കേണ്ടത്. ഏറ്റവും വിശാലമായ സാമ്രാജ്യത്വ ശക്തിയെന്ന നിലയില്‍ ബ്രിട്ടന്‍, കോളനിയാക്കി വെച്ച പ്രദേശങ്ങളില്‍ നിന്നെല്ലാം ആര്‍ജിച്ച സമ്പത്തിന്റെ ആത്മവിശ്വാസത്തിലാണ് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായത്. അത്‌കൊണ്ട് തന്നെ ആ രാജ്യത്തിന്റെ അതിരുകള്‍ക്കകത്തേക്ക് മനുഷ്യര്‍ വന്നു കൊണ്ടിരിക്കുന്നത് ചരിത്രത്തിന്റെ മനോഹരമായ പങ്കു ചോദിക്കലാണ്. ബ്രിട്ടന്റെ തൊഴില്‍ ഘടനയും സാമൂഹിക പരിരക്ഷാ സംവിധാനങ്ങളും ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കലാപ കലുഷിതമായ രാജ്യങ്ങളില്‍ നിന്നും മനുഷ്യരെ അങ്ങോട്ട് ആകര്‍ഷിക്കുന്നുവെങ്കില്‍ അത് ചരിത്രപരമായി ബ്രിട്ടന്‍ കൊടുത്തു തീര്‍ക്കേണ്ട കടം വീട്ടല്‍ മാത്രമാണ്.
യൂറോപ്യന്‍ യൂനിയനില്‍ അംഗമായത് കൊണ്ടാണ് ഈ കുടിയേറ്റ പ്രവാഹം നടക്കുന്നതെന്നും ഇങ്ങനെ വരുന്നവര്‍ തങ്ങളുടെ സമ്പത്തിന്റെ നല്ല പങ്ക് ഒരു സംഭാവനയും തിരിച്ച് നല്‍കാതെ അടിച്ചു മാറ്റുകയാണെന്നുമുള്ള തീവ്രവലതുപക്ഷ പ്രചാരണം ചരിത്രപരമായ വസ്തുതകളെ നിരാകരിക്കുന്നതായിരുന്നു. അത് വൈകാരികവും നൂറ്റിപ്പത്ത് വോള്‍ട്ട് ദേശീയതയില്‍ അധിഷ്ടിതവുമായിരുന്നു. അത് കൊണ്ട് കുടിയേറ്റ വിരുദ്ധതയും തീവ്രദേശീയതയും പെട്ടെന്ന് കത്തിപ്പടര്‍ന്നു. സാധാരണക്കാരായ മനുഷ്യര്‍ തങ്ങളുടെ ആപേക്ഷിക ദാരിദ്ര്യത്തിന്റെ കാരണം കുടിയേറ്റമാണെന്ന് തെറ്റുദ്ധരിക്കാന്‍ നിജല്‍ ഫറാഷിനെപ്പോലുള്ള നേതാക്കളുടെ പ്രചാരണം കാരണമായി. യൂറോപ്യന്‍ യൂനിയനില്‍ തുടര്‍ന്നാല്‍ കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കേണ്ടി വരുമെന്നും ഇത് രാജ്യത്ത് തീവ്രവാദ പ്രവണത വര്‍ധിക്കുന്നതിന് കാരണമാകുമെന്നും ലീവ് (യൂറോപ്യന്‍ യൂനിയന്‍ വിടണമെന്ന് വാദിക്കുന്ന) പക്ഷം വാദിച്ചു. ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സന്റെ മിക്ക പ്രഭാഷണങ്ങളിലും ഈ വാദമാണ് നിറഞ്ഞ് നിന്നിരുന്നത്. ഇത് സാധാരണക്കാരെ വലിയ തോതില്‍ സ്വാധീനിച്ചു. പ്രത്യേകിച്ച് ഇസില്‍ തീവ്രവാദികള്‍ ഉയര്‍ത്തിയ ഭീതിയുടെ പശ്ചാത്തലത്തില്‍ അഭയാര്‍ഥികളെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്ന വിദ്വേഷ പ്രചാരണത്തിന് മേല്‍ക്കൈ ലഭിച്ചു.
ഈ പ്രചാരണത്തിന് ഇസ്‌ലാമോഫോബിയയുടെ തലം കൂടിയുണ്ട്. ഏതെങ്കിലും ഒരു ഇ യു അംഗരാജ്യത്ത് കര പറ്റുന്ന അഭയാര്‍ഥികള്‍ക്ക് വലിയ നിയന്ത്രണങ്ങളില്ലാതെ മറ്റു രാജ്യങ്ങളിലേക്ക് പോകാമെന്ന സാധ്യതയാണ് യൂനിയന്‍ മുന്നോട്ട് വെച്ചിരുന്നത്. ബ്രിട്ടന്‍ യൂനിയനില്‍ നിന്ന് പുറത്ത് പോകുന്നതോടെ അവിടേക്കുള്ള ഈ സാധ്യത നിലക്കുന്നു. തുര്‍ക്കിയെ മുന്‍നിര്‍ത്തിയും ലീവ് പക്ഷം പ്രചാരണമഴിച്ചു വിട്ടിരുന്നു. തുര്‍ക്കി ഇ യുവില്‍ അംഗമാകാന്‍ പോകുന്നുവെന്നായിരുന്നു മുറവിളി. തുര്‍ക്കി യൂനിയനില്‍ വരുന്നത് അപകടകരമാണെന്ന ധാരണ പരത്താനാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്. യൂനിയനിലെ ഗ്രീസ്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ ദുര്‍ബല രാജ്യങ്ങളെ സഹായിക്കാനുള്ള ബാധ്യതയേല്‍ക്കുന്നത് ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥക്ക് വലിയ ആഘാതമാണെന്നും വേര്‍പെടല്‍ പക്ഷം വാദിച്ചിരുന്നു. പഴയ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വ തഴമ്പില്‍ തടവി ആത്മനിര്‍വൃതി കൊള്ളുന്നവര്‍ എന്നും ബ്രിട്ടനിലുണ്ട്. രാജ്ഞിയുടെ പടമില്ലാത്ത കറന്‍സി സഹിക്കാനാകാത്തതു കൊണ്ടാണ് ബ്രിട്ടന്‍ യൂറോ കറന്‍സി സ്വീകരിക്കാതിരുന്നത്. ഇത്തരം ചരിത്രാഭിമാനികള്‍ അഥവാ പൊങ്ങച്ചക്കാര്‍ ഒന്നടങ്കം ലീവ് പക്ഷത്ത് വോട്ട് ചെയ്തു. ബ്രിട്ടന്‍ അനുസരിപ്പിച്ചിട്ടേയുള്ളൂ അനുസരിക്കാറില്ലെന്ന ധാര്‍ഷ്ട്യമാണ് അവര്‍ക്ക്.
യൂറോപ്യന്‍ യൂനിയന്‍ പോലുള്ള രാഷ്ട്ര കൂട്ടായ്മകളുടെ ദൗര്‍ബല്യങ്ങളെയും ഈ ഹിതപരിശോധനാ ഫലം സജീവ ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നുണ്ട്. രണ്ട് തരം ഇടപെടലാണ് യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളില്‍ നടത്തുന്നത്. ഒന്ന്, നിര്‍ദേശങ്ങളാണ്. യൂറോപ്യന്‍ യൂനിയന്‍ പാര്‍ലിമെന്റ് അതാത് കാലങ്ങളില്‍ ഇത്തരം ഡയറക്ടീവ്‌സ് മുന്നോട്ട് വെക്കുന്നു. ഇവ സാവധാനം നടപ്പാക്കിയാല്‍ മതി. എന്നാല്‍ രണ്ടാമത്തെ വിഭാഗം ഉത്തരവുകള്‍ തന്നെയാണ്. അവ അടിയന്തിരമായി നടപ്പാക്കിയേ തീരൂ. ഇ യുവില്‍ അംഗമാകുന്നതോടെ തന്നെ ഇത്തരം ഉത്തരവുകള്‍ പാലിക്കാന്‍ ബാധ്യസ്ഥമാകുന്നു. ഇത് ഒരു സൂപ്പര്‍ പവര്‍ പ്രതിച്ഛായയാണ് ഇ യു നേതൃത്വത്തിന് നല്‍കിയത്. അംഗരാജ്യത്തിന്റെ സാധ്യതകളെയും പരിമിതികളെയും ഒട്ടും ഗൗനിക്കാതെയാണ് ഇത്തരം തീരുമാനങ്ങള്‍ ബ്രസല്‍സ് അടിച്ചേല്‍പ്പിക്കാറുള്ളത്. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ മുന്നോട്ട് വെച്ച ചെലവ് ചുരുക്കല്‍ നടപടികള്‍ ഇത്തരത്തിലുള്ളതായിരുന്നു. ഗ്രീസ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് ഇതിനെതിരെ ഉയര്‍ന്നത്. അവിടെ അലക്‌സി സിപ്രാസ് എന്ന നേതാവ് വളര്‍ന്നു വന്നത് തന്നെ ഈ പ്രക്ഷോഭത്തിന്റെ മുന്‍ നിരയില്‍ നിന്നത് കൊണ്ടാണ്. വന്‍ അംഗത്വ ഫീസ്. നികുതി വരുമാനത്തിന്റെ നല്ല പങ്ക്. വ്യാപാര കരാറുകളില്‍ മിക്കവയും മുകളില്‍ നിന്ന് വരുന്നു. രാജ്യത്തിന്റെ പരമാധികാരത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് പല കരാറുകളും. വമ്പന്‍മാരുടെ ഇംഗിതമാണ് നടക്കുക. സ്വതന്ത്ര വ്യാപാരത്തിന്റെ കെടുതികള്‍ വേറെയും. ആഗോളവത്കരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ട തൊണ്ണൂറുകളിലാണ് ഇ യുവും ഉരുവം കൊണ്ടതെന്നോര്‍ക്കണം. അതിര്‍ത്തികള്‍ മായ്ച്ചു കളയുകയും രാഷ്ട്രങ്ങളുടെ വ്യക്തിത്വം നിഷ്‌കാസനം ചെയ്യുകയും വസ്തുക്കളും സേവനവും ബുദ്ധിയും തടസ്സമേതുമില്ലാതെ ഒഴുകുകയുമാണല്ലോ ആഗോളവത്കരണത്തിന്റെ അടിസ്ഥാനഭാവം. അതിര്‍ത്തി മായ്ച്ചു കളയുന്ന സാമ്പത്തിക വ്യാപാര സഹകരണം മുന്നോട്ട് വെക്കുന്ന ആശയധാരക്ക് നേരെ വിപരീതമായ നിലപാടാണ് ബ്രിട്ടനില്‍ വിജയിച്ചിരിക്കുന്നത്. ആഗോളവത്കരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചതിനോട് ചേര്‍ന്നാണ് യൂറോപ്യന്‍ യൂനിയന്‍ എന്ന ആശയവും വികസിച്ചത്. പൊതു കറന്‍സി, പൊതു സാമ്പത്തിക നയങ്ങള്‍, പൊതു ബാധ്യത, അംഗരാജ്യങ്ങള്‍ക്കിടയില്‍ തുറന്ന വിപണി തുടങ്ങിയ യൂനിയന്റെ സവിശേഷതകളെല്ലാം അംഗരാജ്യത്തിന്റെ വ്യക്തിത്വത്തെ ഇല്ലാതാക്കുക തന്നെയാണ് ചെയ്യുന്നത്. ബ്രിട്ടന്റെ വ്യക്തിത്വവും പാരമ്പര്യവും മഹത്വവും തിരിച്ചു പിടിക്കണമെന്നാണ് ലീവ് പക്ഷം സംവാദങ്ങളിലെല്ലാം ആവശ്യപ്പെട്ടത്. വിട്ടുപോകുന്നത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞപ്പോള്‍ ലീവ് പക്ഷം കൊടുത്ത മറുപടി, ബ്രിട്ടന്റെ ശക്തിയില്‍ വിശ്വസിക്കൂ എന്നായിരുന്നു. ഇത് കടുത്ത രാജ്യാഭിമാനം സൂക്ഷിക്കുന്ന പഴയ തലമുറയെ സ്വാധീനിച്ചു. അഥവാ ആഗോളവത്കരണത്തിന് പകരം പ്രാദേശികവത്കരണത്തെ അവര്‍ പിന്തുണച്ചു.
ഇതാദ്യമായാണ് ഒരു രാജ്യം ഇ യു വിടുന്നത്. നെതര്‍ലാന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം കുടിയേറ്റവിരുദ്ധ പാര്‍ട്ടികള്‍ ശക്തിയാര്‍ജിക്കുകയാണ്. അവയെല്ലാം തീവ്ര ദേശീയത പടര്‍ത്തുന്നവരാണ്. ഡെക്‌സിറ്റും നെക്‌സിറ്റും ഫ്രക്‌സിറ്റുമെല്ലാം വരും നാളുകളില്‍ വരും. ഇ യു കെട്ടുറപ്പോടെ നില്‍ക്കുമെന്ന ഴാന്‍ ക്ലൗഡ് ജങ്കറിന്റെ പ്രഖ്യാപനം പുലരണമെങ്കില്‍ ഇ യു വല്ലാതെ മാറേണ്ടി വരും. അംഗരാജ്യങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കേണ്ടി വരും. കുടിയേറ്റ നിയമങ്ങള്‍ പുനഃപരിശോധിക്കേണ്ടി വരും. ദുര്‍ബല അംഗരാജ്യങ്ങളെ കൂടുതല്‍ സഹായിക്കും. ഇതിന്റെ ബാധ്യത തുല്യമായി വീതിക്കപ്പെടും. ഈ മാറ്റങ്ങള്‍ ഒരര്‍ഥത്തില്‍ ആഗോളവത്കരണ, ഉദാരവത്കരണത്തിനെതിരായ ക്രിയാത്മകമായ മാറ്റമായിരിക്കും. മറുവശത്ത് വംശശുദ്ധി പോലുള്ള മനുഷ്യത്വവിരുദ്ധമായ ആശയങ്ങളില്‍ ഊന്നുന്നതുമായിരിക്കും.
യൂറോപ്പ് അതിന്റെ എല്ലാ തരം ലിബറല്‍ മൂല്യങ്ങളില്‍ നിന്നും ഉള്‍ക്കൊള്ളല്‍ ശേഷിയില്‍ നിന്നും അതിവേഗം അകന്ന് കൊണ്ടിരിക്കുകയാണ്. പകരം അവിടുത്തെ ജനസാമാന്യം രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നത് വംശീയ വിദ്വേഷത്തില്‍ കെട്ടിപ്പടുത്ത പാര്‍ട്ടികളെയാണ്. ജര്‍മനിയില്‍ കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി സമീപനമെടുത്ത ആഞ്ചലാ മെര്‍ക്കലിന്റെ പാര്‍ട്ടി തിരിച്ചടി നേരിടുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും തീവ്ര വലതു പക്ഷ പാര്‍ട്ടികള്‍ വിജയം കൊയ്യുന്നു. പോളണ്ടില്‍ ഭരണം കൈയാളുന്നത് ദി ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയെന്ന തീവ്രവലതുപക്ഷ സംഘമാണ്. ഹംഗറിയില്‍ വിക്ടര്‍ ഓര്‍ബാന്റെ നേതൃത്വത്തിലുള്ള ഫിഡസ് പാര്‍ട്ടിക്ക് പാര്‍ലിമെന്റില്‍ കേവല ഭൂരിപക്ഷമുണ്ട്. നോര്‍വേയില്‍ ദി പോര്‍ച്ചുഗീസ് പാര്‍ട്ടിയെന്ന തീവ്രവലതുപക്ഷ ഗ്രൂപ്പ് 2013 മുതല്‍ സഖ്യ സര്‍ക്കാറില്‍ അംഗമാണ്. ഫിന്‍ലാന്‍ഡില്‍ ദി ഫിന്‍സ് പാര്‍ട്ടിയുണ്ട് സര്‍ക്കാറില്‍. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ദി സ്വിസ്സ് പീപ്പിള്‍സ് പാര്‍ട്ടിയും.
സ്വീഡനില്‍ ദി സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പാര്‍ലിമെന്റില്‍ നിര്‍ണായക ശക്തിയാണ്. ബ്രിട്ടനില്‍ 2014ല്‍ നടന്ന യൂറോപ്യന്‍ തിരഞ്ഞെടുപ്പില്‍ 27.5 ശതമാനം വോട്ട് നേടി മൂന്നാമത്തെ വലിയ കക്ഷിയായ ദി യു കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി ലക്ഷണമൊത്ത മുസ്‌ലിം വിരുദ്ധ തീവ്ര ഗ്രൂപ്പാണ്. നെതര്‍ലാന്‍ഡ്‌സില്‍ പാര്‍ട്ടി ഫോര്‍ ഫ്രീഡം, ഡെന്‍മാര്‍ക്കില്‍ ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടി, ബെല്‍ജിയത്തില്‍ ഫഌമിഷ് ഇന്ററസ്റ്റ് പാര്‍ട്ടി, ആസ്ട്രിയയില്‍ ഫ്രീഡം പാര്‍ട്ടി ഓഫ് ആസ്ത്രിയ, ഇറ്റലിയില്‍ ദി നോര്‍തേണ്‍ ലീഗ് തുടങ്ങിയവക്കെല്ലാം പാര്‍ലിമെന്റില്‍ നിര്‍ണായക സ്ഥാനമുണ്ട്. ഫ്രാന്‍സില്‍ ഫ്രന്റ് നാഷനലിന്റെ നേതാവ് മാറിനെ ലി പെന്‍ വര്‍ഗീയ വിഷം ചീറ്റി ആളെക്കൂട്ടുന്നു. ഇനി അമേരിക്കയുടെ കാര്യമോ? അവിടെ ഡൊണാള്‍ഡ് ട്രംപിനെപ്പോലെ ഒരു വര്‍ണ്ണ വെറിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായല്ലോ. എന്തിനേറെ, ഇങ്ങ് ഇന്ത്യയില്‍ ബി ജെ പി രാഷ്ട്രീയ വിജയങ്ങള്‍ ആവര്‍ത്തിക്കുകയും സംഘ് ശക്തികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ ഫണം വിടര്‍ത്തയാടുകയും ചെയ്യുന്നുണ്ടല്ലോ. ബ്രെക്‌സിറ്റിനെ ഈ പ്രവണതയോട് ചേര്‍ത്ത് വെച്ചാണ് കാണേണ്ടത്. ആഗോള സമൂഹമെന്ന് പേര്‍ കൊണ്ട അമേരിക്കന്‍ ചേരി ബ്രിട്ടന്റെ വേര്‍പിരിയലിനെ എതിര്‍ക്കുന്നത് സാമ്പത്തിക താത്പര്യങ്ങളുടെ പുറത്താണ്. മനുഷ്യപക്ഷത്ത് നില്‍ക്കുന്നവര്‍ അതില്‍ അപകടം കാണുന്നത് അതിന്റെ സങ്കുചിത ഉള്ളടക്കം കൊണ്ടാണ്.

കാമറൂണ്‍ പടിയിറങ്ങുന്നു; ഇനി?
david cameronഹിതപരിശോധനക്ക് മുന്‍കൈയെടുത്തത് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തന്നെയായിരുന്നു. അത് അദ്ദേഹം സ്വമനസ്സാലെ എടുത്ത തീരുമാനമായിരുന്നില്ല. അതിന്റെ പരിണതി അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നു. പക്ഷേ, രാഷ്ട്രീയമായ സമ്മര്‍ദം അതിജീവിക്കാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഹിതപരിശോധനാ വാഗ്ദാനം അദ്ദേഹം മുന്നോട്ട് വെക്കുകയായിരുന്നു. ബ്രിട്ടീഷ് ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ വളര്‍ച്ചയും സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ള ശക്തമായ സമ്മര്‍ദവും അദ്ദേഹത്തെ ഈ ഉദ്യമത്തിലേക്ക് പിടിച്ച് വലിച്ച് കൊണ്ടുപോയെന്ന് പറയുന്നതാകും ശരി. ഇ യുവില്‍ ഉറച്ച് നില്‍ക്കുകയെന്ന തന്റെ പക്ഷം വിജയിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹത്തിന് തന്നെ അറിയാമായിരുന്നു. അതുകൊണ്ടാണ് ലേബര്‍ പാര്‍ട്ടിയിലെ ഉന്നതരും തന്റെ മന്ത്രിസഭയിലെ അംഗങ്ങളുമായ ചിലരെയെങ്കിലും ലീവ് പക്ഷത്ത് നിലയുറപ്പിക്കാന്‍ അദ്ദേഹം അനുവദിച്ചത്. വിടാനാണ് ഫലമെങ്കില്‍ രാജിവെക്കുമെന്ന് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. അത് അദ്ദേഹം പാലിച്ചിരിക്കുന്നു. ഒക്‌ടോബറില്‍ അദ്ദേഹം പടിയിറങ്ങും. അതുകൊണ്ട് പക്ഷേ രാഷ്ട്രീയ പ്രതിസന്ധി തീരുന്നില്ല. പുതിയ പ്രധാനമന്ത്രിക്ക് പിടിപ്പത് പണിയുണ്ടാകും.
ജനഹിത പരിശോധനാ വിധി ബ്രിട്ടന്‍ ഇ യു വിടുന്നതിന്റെ ആദ്യ പടി മാത്രമാണ്. നടപടിക്രമങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷമെടുക്കും. ഇക്കാലയളവിനിടയില്‍ ആയിരക്കണക്കിന് കൂടിയാലോചനകള്‍ നടത്തണം. പതിനായിരക്കണക്കിന് നിയമങ്ങള്‍ പൊളിച്ചെഴുതണം. ഇത് സങ്കീര്‍ണമായ പ്രക്രിയയാണ്. ഈ കൂടിയാലോചനകള്‍ക്കിടയില്‍ ബ്രിട്ടീഷ് സര്‍ക്കാറിന് വേണമെങ്കില്‍ ഹിതപരിശോധനാഫലത്തെ അവഗണിച്ച് യൂനിയനില്‍ തുടരുക വരെ ചെയ്യാം. ഇ യു ട്രീറ്റിയുടെ ആര്‍ട്ടിക്കിള്‍ 50 ഇത്തരം സാധ്യതകളെല്ലാം മുന്നോട്ട് വെക്കുന്നുണ്ട്.
ഇ യു തന്നെയായിരിക്കുമല്ലോ ബ്രിട്ടന്റെ ഏറ്റവും അടുത്ത അയല്‍ ‘രാജ്യം’. ബ്രിട്ടന് വലിയ നഷ്ടങ്ങളില്ലാതെ വ്യാപാര, വ്യവസായ ഉടമ്പടികള്‍ രൂപപ്പെടുത്താന്‍ സാധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഗ്രേറ്റ് ബ്രിട്ടന്‍ എന്ന അഹംഭാവം അസ്തമിക്കും. ഇ യുവില്‍ നിന്ന് വേര്‍പിരിഞ്ഞ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥ 2030 നകം 3.6 ശതമാനം മുതല്‍ 7.5 ശതമാനം വരെ ചുരുങ്ങുമെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. ഇ യു നേതൃത്വം പക പോക്കല്‍ സമീപനത്തിലേക്ക് ചുവടുമാറില്ലെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ നിലയാകും സ്വീകരിക്കുക. നോര്‍വേയെപ്പോലെ യൂനിയനില്‍ അംഗമല്ലാതെ തന്നെ വ്യാപാര, വ്യാവസായിക രംഗത്ത് നീക്കുപോക്ക് സാധ്യമാണ്. ഇതിന് പക്ഷേ അംഗത്വ ഫീസിന്റെ 67 ശതമാനം നല്‍കേണ്ടി വരും. സ്‌കോട്ട്‌ലാന്‍ഡ് ഗ്രേറ്റ് ബ്രിട്ടന്‍ വിട്ടുപോകാനായി നടത്തിയ ശ്രമം ഹിതപരിശോധനയോടെ താത്കാലികമായി കൂമ്പടഞ്ഞിരുന്നു. പുതിയ സാഹചര്യത്തില്‍ അവര്‍ പുനര്‍ ഹിതപരിശോധനക്ക് മുറവിളി കൂട്ടും.
ഭാരതി എയര്‍ടെല്‍, ടാറ്റാ മോട്ടോഴ്‌സ്, മദര്‍സണ്‍ സുമി, എച്ച് സി എല്‍ ടെക്‌നോളജീസ്, എമിക്യുര്‍ ഫാര്‍മ, അപ്പോളോ ടയേഴ്‌സ് തുടങ്ങി നിരവധി ഇന്ത്യന്‍ കമ്പനികള്‍ ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടന്‍ ഇ യുവില്‍ ഉള്ളപ്പോള്‍ ഇവക്കെല്ലാം യൂറോപ്യന്‍ കമ്പോളം പൂര്‍ണമായി തുറന്ന് കിട്ടിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഇവക്ക് താത്കാലിക തിരിച്ചടിയുണ്ടാകും. ഇത് മറികടക്കാന്‍ പുതിയ കരാറുകളും കൂടിയാലോചനകളും വേണ്ടി വരും. ബ്രിട്ടനില്ലാത്ത ഇ യുവിനെ അവസരമാക്കി മാറ്റാന്‍ ശ്രമിക്കണം. പൗണ്ടിന്റെ വിലക്കുറവ് രൂപയുടെ മൂല്യത്തെയും സ്വാധീനിക്കുന്നതിനാല്‍ ശ്രദ്ധാപൂര്‍വം നയം രൂപപ്പെടുത്താന്‍ ഇന്ത്യ തയ്യാറാകേണ്ടി വരും.