എന്‍എസ്ജിയിലെ പരാജയം

Posted on: June 26, 2016 6:00 am | Last updated: June 25, 2016 at 11:29 pm
SHARE

ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ (എന്‍ എസ് ജി) ഇടംനേടാനുള്ള ഇന്ത്യയുടെ ശ്രമം പാളി. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍ പി ടി)ഒപ്പുവെക്കാത്ത രാജ്യങ്ങളുടെ അംഗത്വ പ്രശ്‌നം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന ചൈനയുടെ ഉറച്ച നിലപാടാണ് ഇന്ത്യയുടെ എന്‍ എസ് ജി സ്വപ്‌നങ്ങള്‍ക്ക് വിനയായത്. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയൂളില്‍ നടന്ന എന്‍ എസ് ജി പ്ലീനറി യോഗത്തില്‍ അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങി 38 രാജ്യങ്ങള്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനെ അനുകൂലിച്ചപ്പോള്‍ ചൈനയുടെ നേതൃത്വത്തില്‍ പത്ത് രാജ്യങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇന്ത്യ ഉള്‍പ്പെടുന്ന ബ്രിക്‌സ് ഗ്രൂപ്പിലെ അംഗമായ ബ്രസീല്‍ എതിര്‍ത്തതും നേരത്തെ ഇന്ത്യക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്ന സ്വിറ്റ്‌സര്‍ലാന്‍ഡ് കളംമാറിയതും ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ നിലപാട് മാറ്റം അപ്രതീക്ഷിതമായിരുന്നു. രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശന വേളയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഇന്ത്യക്ക് പിന്തുണ ഉറപ്പ് നല്‍കിയതാണ്.
എന്‍ എസ് ജിയില്‍ അംഗത്വം നേടാനായാല്‍ രാഷ്ട്രീയമായും സാമ്പത്തികമായും സാങ്കേതികമായും ഇന്ത്യക്ക് വന്‍നേട്ടം കൈവരുമായിരുന്നു. എന്‍ എസ് ജി അംഗരാജ്യങ്ങളുടെ വശമുള്ള അത്യാധുനിക സാങ്കേതികവിദ്യകള്‍ ലഭ്യമാകുന്നതിന് ഇന്ത്യയെ സഹായിക്കുകയും ആണവ ഇന്ധനമായ യുറേനിയം കൂടുതല്‍ ലഭ്യമാകുന്നതിന് അവസരമൊരുക്കുകയും ചെയ്യും. ആണവ പരീക്ഷണം നടത്തിയിട്ടില്ലാത്ത രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യ കൈമാറാനും പ്രസ്തുത രാജ്യങ്ങളില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കാനും സഹായകമാകും. ആണവ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഉപകരണങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക് വില്‍ക്കാവുന്നതുമാണ്. ഇത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പുതിയ ഐടി വ്യവസായങ്ങള്‍ക്ക് കളമൊരുക്കുകയും ചെയ്യും. ജൈവ ഇന്ധനങ്ങളോടുള്ള ആശ്രിതത്വം കുറച്ച് ആണവ വൈദ്യുതി ഉത്പാദനം കൂട്ടുന്നതിനും കാലാവസ്ഥാവ്യതിയാനം തടയുന്നതിനുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും വഴിയൊരുക്കും. എന്‍ എസ് ജി അംഗത്വം പ്രതീക്ഷിച്ച് ആണവ വൈദ്യുത ഉപകരണങ്ങളുടെ ഉത്പാദനം ഊര്‍ജ്ജിതമാക്കി വ്യവസായ മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു അടുത്തിടെ രാജ്യം.
ഇന്ത്യക്ക് കൈവരാനിരിക്കുന്ന ഈ നേട്ടങ്ങളാണ് എന്‍ എസ് ജിയില്‍ അംഗത്വം നല്‍കുന്നതിനോട് ചൈന പ്രകടിപ്പിക്കുന്ന എതിര്‍പ്പിന്റെ മൂലകാരണം. അല്ലാതെ ആണവ നിര്‍വ്യാപന കരാറില്‍ അംഗ്വത്വമില്ലായ്മയല്ല. എന്‍ പി ടിയില്‍ ഒപ്പുവക്കാതെ തന്നെ നേരത്തെ ഫ്രാന്‍സിന് എന്‍ എസ് ജി അംഗത്വം നല്‍കിയിട്ടുണ്ട്. അത് ചൈനയുടെ സമ്മതത്തോടെയുമായിരുന്നു. ഇന്ത്യ ഇന്ന് ഏഷ്യന്‍ മേഖലയില്‍ ചൈനയോട് കിടപിടിക്കുന്ന ഒരു ശക്തിയായി വളര്‍ന്നിട്ടുണ്ട്. എന്‍ എസ് ജി അംഗത്വം വഴി ലഭിക്കുന്ന നേട്ടങ്ങള്‍ വളര്‍ച്ചയില്‍ തങ്ങളെ കടത്തി വെട്ടാന്‍ ഇന്ത്യയെ സഹായിക്കുമെന്ന് ചൈന ആശങ്കിക്കുന്നു. ഇന്ത്യക്കെതിരായ നീക്കങ്ങള്‍ക്ക് പാക്കിസ്ഥാനെ ഉപയോഗപ്പെടുത്തുകയാണ് അവരുടെ മറ്റൊരു ലക്ഷ്യം. പാക്കിസ്ഥാന്റെ ആണവായുധ പരിപാടിയെ ചൈന കൈയയച്ചുസഹായിച്ചതും ഈ ലക്ഷ്യത്തോടെയായിരുന്നു. ചൈനയുടെ ആയുധ വാണിജ്യ താത്പര്യങ്ങള്‍ക്കും ഈ ബന്ധം ഉപയോഗപ്പെടുത്താനാകും.
അമേരിക്കയുമായുള്ള ബന്ധം ഇന്ത്യ ശക്തമാക്കിയതും ഏഷ്യ പസഫിക് മേഖലയില്‍ യു എസ് സൈനിക സാന്നിധ്യത്തിനുള്ള ഇന്ത്യയുടെ സഹകരണവും ചൈനയെ പ്രകോപിച്ചിരിക്കണം. അമേരിക്കയുടെ പുതിയ ഏഷ്യാപസഫിക് സഖ്യത്തിന്റെ ഉന്നം ചൈനയാണ്. റഷ്യയുടെ ശക്തി ക്ഷയിച്ചിരിക്കെ ചൈനയെയാണ് അമേരിക്ക ഇന്ന് മുഖ്യ എതിരാളിയായി കാണുന്നത.് സൈനിക മേഖലയില്‍ ഇന്ത്യയുമായി കൂടുതല്‍ അടുക്കുന്നതിലൂടെ ചൈനയെ ഒതുക്കുകയാണ് അമേരിക്കയുടെ തന്ത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ലക്ഷ്യത്തില്‍ ഇന്ത്യയെ സജീവ പങ്കാളിയാക്കാനാണ് അമേരിക്കയുടെ ശ്രമം. അവരുടെ തന്ത്രത്തില്‍ ഇന്ത്യ അകപ്പെട്ടിരിക്കെ ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ചൈന പാഴാക്കില്ല. അമേരിക്കയുമായുള്ള പുതിയ സൈനിക കരാറുകള്‍ രൂപപ്പെടുത്തുന്ന വേളയില്‍ രാജ്യത്തിന് ഇത് ദോഷം ചെയ്യുമെന്നും ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണി ഉയര്‍ത്തുമെന്നും പലരും ചൂണ്ടിക്കാട്ടിയതാണ്.
എന്‍ എസ് ജിയിലെ പരാജയം മോദിക്കെതിരെ കടുത്ത വിമര്‍ശനത്തിനിടയാക്കും. മോദിയുടെ നയതന്ത്രത്തിനേറ്റ കനത്ത തിരിച്ചടിയാണിത്. പ്രത്യേകിച്ചും സ്വിറ്റ്‌സര്‍ലാന്റിന്റെ മലക്കംമറിച്ചില്‍. മോദിയുടെ അടിക്കടിയുള്ള വിദേശ യാത്രയെ രാഷ്ട്രീയ പ്രതിയോഗികള്‍ ചോദ്യം ചെയ്യുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലും ഇതിനെതിരെ രൂക്ഷ വിമര്‍ശങ്ങളാണ് ഉയരുന്നത്. ആഗോള തലത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്താനും അന്താരാഷ്ട്ര വേദികളില്‍ രാജ്യത്തിന് കൂടുതല്‍ അംഗീകാരം നേടിയെടുക്കാനും ഈ യാത്രകള്‍ സഹായിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് വിമര്‍ശങ്ങളെ ബി ജെ പി കേന്ദ്രങ്ങള്‍ പ്രതിരോധിക്കുന്നത്. ഈ അവകാശ വാദം പൊള്ളയാണെന്നും മോദിയുടെ ദേശാടനം രാജ്യത്തിന് ഒന്നും നേടിത്തരുന്നില്ലെന്നും വിമര്‍ശകര്‍ക്ക് ഇനി ഉറക്കെ പറയാനാകും.