ജനപ്രിയ ഈത്തപ്പഴങ്ങളിലെ പോഷക ഘടകങ്ങളെ തിരിച്ചറിയാന്‍ ഗവേഷണം

Posted on: June 25, 2016 8:06 pm | Last updated: June 25, 2016 at 8:06 pm

mmദോഹ: രാജ്യത്തെ രണ്ട് ജനപ്രിയ ഈത്തപ്പഴ ഇനങ്ങളില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യദായനികളെ കണ്ടെത്താന്‍ ഖത്വറിലെ ഗവേഷകര്‍. ഖലാസ്, ദെഗ്ലത് നൂര്‍ എന്നിവയില്‍ അടങ്ങിയ ആരോഗ്യം പ്രദാനം ചെയ്യുന്ന ഘടകങ്ങളെ സംബന്ധിച്ച് വീല്‍ കോര്‍ണല്‍ മെഡിസിന്‍- ഖത്വറിലെ (ഡബ്ല്യു സി എം- ക്യു) ഗവേഷകരാണ് പഠനം നടത്തുന്നത്.
‘ഈത്തപ്പഴങ്ങളിലെ രാജ്ഞി’ എന്നറിയപ്പെടുന്ന ഖലാസ് ഈര്‍പ്പം അടങ്ങിയതും തവിട്ടുകലര്‍ന്ന ചുവപ്പ് നിറത്തിലുള്ളതുമാണ്. ഗള്‍ഫ് മേഖലയിലെ ജനപ്രിയ ഈത്തപ്പഴമാണിത്. ടുണീഷ്യ, അള്‍ജീരിയ തുടങ്ങിയ വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഡിമാന്‍ഡുള്ളതാണ് ദെഗ്ലത് നൂര്‍. ഫഌവനോയ്ഡ്‌സ്, കാരോറ്റിനോയ്ഡ്‌സ്, പോളിഫിനോല്‍സ്, ഫൈറ്റോഈസ്‌ട്രൊജന്‍സ്, സ്റ്റെര്‍ലോസ് തുടങ്ങി മനുഷ്യശരീരത്തിന് ഏറെ ഗുണപ്രദമായ ഫൈറ്റോകെമിക്കല്‍സ് അടങ്ങിയ ഈത്തപ്പഴ ഇനങ്ങളാണിവ. ഈ ഈത്തപ്പഴങ്ങള്‍ തിന്നുമ്പോള്‍ ഏത് ഘടകമാണ് ഏറ്റവും കൂടുതല്‍ ആരോഗ്യത്തിന് ഗുണപ്രദമാകുകെയന്നതാണ് തങ്ങളുടെ കണ്ടുപിടുത്തമെന്ന് ഫുഡ് സയന്‍സ്, ഹെല്‍ത്ത് പ്രൊജക്ട് സ്‌പെഷ്യലിസ്റ്റ് സ്വീറ്റി മാത്യു പറഞ്ഞു. രണ്ട് ഈത്തപ്പഴങ്ങളിലെയും വിവിധയിനം ഫൈറ്റോകെമിക്കല്‍സുകള്‍ ശരീരപോഷണത്തിനും ആരോഗ്യത്തിനും എങ്ങനെയാണ് പ്രയോജനപ്പെടുകയെന്നത് കണ്ടുപിടിക്കും. ഈത്തപ്പഴത്തിലെ നാരുകള്‍, മിനറല്‍സ്, വിറ്റാമിന്‍ തുടങ്ങിയ പരിശോധിക്കുന്നതിനപ്പുറം 12 മണക്കൂര്‍ വ്രതത്തിന് ശേഷം ഈത്തപ്പഴം കഴിക്കുന്നവരുടെ രക്തത്തിലെ ഫൈറ്റോകെമിക്കല്‍സുകളുടെ മാറ്റവും സാന്നിധ്യവും ശാസ്ത്രീയമായി പരീക്ഷിക്കും. പഞ്ചസാരയിട്ട പാനീയം കുടിക്കുന്നവരുമായി ഈത്തപ്പഴം കഴിച്ചവരെ താരതമ്യം ചെയ്യും. പുതിയ മരുന്നിന്റെ പരീക്ഷണത്തിന് ഈ പഠനത്തിലെ കണ്ടെത്തല്‍ ഏറെ സഹായകരമാകും.
സ്വയംസന്നദ്ധരായ ആരോഗ്യവാന്മാരായ 21 പേരെയാണ് പഠനത്തിന് വിധേയരാക്കുന്നത്. വ്രതം തുടങ്ങി തൊട്ടുടനെ രക്തം ഇവരില്‍ നിന്ന് ശേഖരിക്കും. ഇഫ്താറിന് ദെഗ്ലത് നൂര്‍ ഈത്തപ്പഴം നല്‍കി അര മണിക്കൂര്‍ ഇടവിട്ട് അഞ്ച് തവണ രക്തം ശേഖരിക്കും. ഒരാഴ്ചക്ക് ശേഷം ഖലാസ് ഈത്തപ്പഴം കൊണ്ടും ഇങ്ങനെ പരീക്ഷണം നടത്തും. ഷുഗര്‍ മാത്രം അടങ്ങിയ ഗ്ലൂക്കോസ് പാനീയം കൊണ്ടും സമാന പരീക്ഷണം നടത്തും. രക്ത സാമ്പിളുകള്‍ ശേഖരിച്ചതായും വിശകലനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഡബ്ല്യു സി എം- ക്യുവിലെ ഫിസിയോളജി, ബയോഫിസിക്‌സ് പ്രൊഫസന്‍ ഡോ. കാഴ്സ്റ്റന്‍ സുഹ്‌രി പറഞ്ഞു.