ഗള്‍ഫില്‍ വന്‍കിട എയര്‍പോര്‍ട്ട് വികസനം; ചെലവിടുന്നത് പതിനായിരം കോടി ഡോളര്‍

Posted on: June 25, 2016 7:59 pm | Last updated: June 25, 2016 at 7:59 pm

qatar-airways-emiratesദോഹ: എണ്ണവിലക്കുറവില്‍ സാമ്പത്തിക പ്രതിസന്ധിയുടെ വാര്‍ത്തകള്‍ വരുമ്പോഴും ആറു ഗള്‍ഫു നാടുകളിലും നടക്കുന്നത് വന്‍കിട എയര്‍പോര്‍ട്ട് വികസന പദ്ധതികള്‍. പതിനായിരം കോടി ഡോളറിന്റെ വികസന പ്രവര്‍ത്തനമാണ് നടന്നു വരുന്നത്. ഇന്‍ഡസ്ട്രി വിദഗ്ധരാണ് കഴിഞ്ഞ ദിവസം കണക്കുകള്‍ പുറത്തു വിട്ടത്. ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ കണക്കുകള്‍ അനുസരിച്ച് മിഡില്‍ ഈസ്റ്റില്‍ അടുത്ത പതിനഞ്ചു വര്‍ഷം വിമാന യാത്രക്കാരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 4.9 ശതമാനം വീതം വര്‍ധനയുണ്ടാകും. ഇതുകൂടി പരിഗണച്ചുള്ള വികസനമാണ് ഖത്വര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടന്നു വരുന്നത്.
ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈ ഇന്റര്‍നാഷല്‍ എയര്‍പോര്‍ട്ടിന്റെയും അല്‍ മക്തൂം ഇന്റര്‍നാഷലിന്റെയും ശേഷി പ്രതിവര്‍ഷം 160 ദശലക്ഷം യാത്രാക്കാരിലേക്ക് ഉയര്‍ത്തുന്നതിനുള്ള ശ്രമം നടന്നു വരികയാണ്. അബുദാബി വിമാനത്താവളം 40 ദശലക്ഷം യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്ന വികസനം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും. പ്രവര്‍ത്തനമാരംഭിച്ച് രണ്ടു വര്‍ഷത്തിനകം ലോകത്തെ മുന്‍ നിര എയര്‍പോര്‍ട്ടായി വളര്‍ന്ന ദോഹ ഹമദ് ഇന്റര്‍നാഷനലിന്റെ അടുത്തഘട്ട വികസന പ്രവര്‍ത്തനം കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പു മന്ത്രി പ്രഖ്യാപിച്ചത്. ഇരട്ട ശേഷിയുള്ള രണ്ട് റണ്‍വേകള്‍ എന്ന സവിശേഷതയുള്ള എയര്‍പോര്‍ട്ടുകൂടിയാണ് ഹമദ്. സഊദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലും എയര്‍പോര്‍ട്ട് വികസനം നടന്നു വരുന്നു.
മിഡില്‍ ഈസ്റ്റ് എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടാകുന്നതെന്നും ഇതു പരിഗണിച്ച് ഉയര്‍ന്ന നിലവാരത്തിലുള്ള വികസനവും യാത്രാനുഭവങ്ങളുമാണ് തയാറാക്കുന്നതെന്നും രാജ്യാന്തര എയര്‍പോര്‍ട്ട് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഹണ്ടര്‍ ഡൗഗ്ലസ് കണ്‍ട്രി മാനേജര്‍ മുഹമ്മദ് നവറ പറഞ്ഞു. എയര്‍പോര്‍ട്ടുകളില്‍ മികച്ച വെയിറ്റിംഗ്, ഡൈനിംഗ്, ഷോപ്പിംഗ് സൗകര്യങ്ങളാണ് സജ്ജീകരിക്കുന്നത്. ശബ്ദങ്ങള്‍ കുറച്ച് ശാന്തമായ എയര്‍പോര്‍ട്ട് അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ലോകത്തെ മുന്‍ നിര എയര്‍പോര്‍ട്ടുകള്‍ സ്വീകരിച്ച രീതിയിലുള്ള വികസനാണ് മിഡില്‍ ഈസ്റ്റ് എയര്‍പോര്‍ട്ടുകളും സ്വീകരിക്കുന്നത്. ഇടുങ്ങിയ വഴികളിലൂടെയും കൂടുതല്‍ കോണിപ്പടികളിലൂടെയും സഞ്ചരിക്കേണ്ടാത്തതും യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ഡിപ്പാര്‍ച്ചര്‍ ഗേറ്റുകളില്‍ എത്തിച്ചേരാന്‍ കഴിയുന്നതുമാണ് സജ്ജീകരണം. എളുപ്പത്തില്‍ പുറത്തു കടക്കാനും ബാഗേജ് എടുക്കാനു എയര്‍പോര്‍ട്ടുകളില്‍ സാധിക്കും.
എയര്‍പോര്‍ട്ട് സംവിധാനങ്ങളിലും സൗകര്യങ്ങളിലും വലിയ മാറ്റങ്ങള്‍ വന്നു. രൂപകല്പനയിലും നിര്‍മാണത്തിലുമെല്ലാം ഉണ്ടായ മാറ്റവും നവീകരണവും മിഡില്‍ ഈസ്റ്റ് എയര്‍പോര്‍ട്ടുളും സ്വീകരിക്കുന്നു. കൂടുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനും കോഡ് ഷെയറിംഗിലൂടെ വിവിധ ഭൂഖണ്ഡങ്ങളുമായുള്ള എയര്‍ കണക്റ്റിവിറ്റി വികസിപ്പിക്കുന്നതിനുമാണ് ഗള്‍ഫ് രാജ്യങ്ങള്‍ മത്സരബുദ്ധ്യാ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ദേശീയ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനംകൂടി ചേരുന്നതിനാല്‍ വികസനവേഗവും തോതും ഉയരുന്നു.