Connect with us

Gulf

വ്യാഴാഴ്ച മുതല്‍ ദുബൈയില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധം

Published

|

Last Updated

ദുബൈ: എമിറേറ്റിലെ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷ്വറന്‍സ് നിയമം അടുത്ത വ്യാഴം മുതല്‍ പ്രാബല്യത്തില്‍. “ഇസ്ഹദ്” എന്ന പേരിലുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് ഈ മാസം 30ന് മുമ്പായി എല്ലാ താമസക്കാര്‍ക്കും എടുത്തിരിക്കണമെന്ന് ദുബൈ ഹെല്‍ത് അതോറിറ്റി അറിയിച്ചിരുന്നു. നിയമം എല്ലാവരും പാലിക്കണമെന്ന് ദുബൈ ഹെല്‍ത് അതോറിറ്റി ഹെല്‍ത് ഫണ്ടിംഗ് ഡയറക്ടര്‍ ഡോ. ഹൈദര്‍ അല്‍ യൂസുഫ് പറഞ്ഞു.
ജീവനക്കാരുടെ ഇന്‍ഷ്വറന്‍സ് ചെലവ് വഹിക്കേണ്ടത് കമ്പനികളാണെങ്കിലും കുടുംബാംഗങ്ങളുടേതും വീട്ടുജോലിക്കാരുടേതും സ്‌പോണ്‍സര്‍മാര്‍ നല്‍കണം.
ദുബൈ വിസയുള്ള 75 ശതമാനം താമസക്കാര്‍ക്കും ഇപ്പോള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയുണ്ട്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 95 ശതമാനം താമസക്കാരും ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ വരുമെന്നാണ് പ്രതീക്കുന്നതെന്ന് ഡോ. ഹൈദര്‍ വ്യക്തമാക്കി. മൂന്ന് ഘട്ടങ്ങളാണ് പദ്ധതിക്കുള്ളത്. ആയിരത്തിലധികം ജീവനക്കാരുള്ള കമ്പനികള്‍ക്ക് ആദ്യഘട്ടത്തിലും 100 മുതല്‍ 999 വരെ ജീവനക്കാരുള്ള കമ്പനികള്‍ക്ക് രണ്ടാം ഘട്ടത്തിലും ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കി. നൂറില്‍ താഴെ ജീവനക്കാരുള്ള കമ്പനികളാണ് മൂന്നാം ഘട്ടത്തില്‍ വരുന്നത്. ഗാര്‍ഹിക തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഇതില്‍ ഉള്‍പെടും. ഇത്തരം കമ്പനികളാണ് വ്യാഴാഴ്ചക്കകം എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കേണ്ടത്. മൂന്നാം ഘട്ടത്തിലുള്ള 30 മുതല്‍ 40 ശതമാനം വരെ ആളുകളുടെ ഇന്‍ഷ്വറന്‍സ് നടപടിക്രമങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
തൊഴില്‍ ദാതാവിന് ഇന്‍ഷ്വറന്‍സ് സംബന്ധമായ വിവരങ്ങള്‍ക്ക് www.isahd.ae വെബ്‌സൈറ്റില്‍ സന്ദര്‍ശിച്ചാല്‍ മതിയാകും. നിയമം സംബന്ധിച്ച് വ്യക്തമായ പൂര്‍ണ വിവരങ്ങള്‍ സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നിയമം പൂര്‍ണമായും നടപ്പാക്കുന്നതിനായി ഡി എച്ച് എ ശില്‍പശാലകളും റോഡ് ഷോയും സംഘടിപ്പിച്ചുവരുന്നുണ്ട്. നാളെ (ഞായര്‍) മുതല്‍ 30 (വ്യാഴം) വരെ റാശിദ് ഹോസ്പിറ്റലില്‍ റോഡ് ഷോയും ശില്‍പശാലയും നടക്കും. ജൂലൈ 11 മുതല്‍ 14 വരെ ഹത്ത ആശുപത്രിയിലും ജൂലൈ 17 മുതല്‍ 21 വരെ നാദ് അല്‍ ഹമര്‍ ആരോഗ്യ കേന്ദ്രത്തിലുമാണ് പരിപാടികള്‍.
ജൂലൈ 24 മുതല്‍ 28 വരെ അല്‍ ബര്‍ഷ ആരോഗ്യ കേന്ദ്രത്തിലും സെപ്തംബര്‍ ഒന്നു മുതല്‍ നാലു വരെ മിസ്ഹര്‍ ആരോഗ്യ കേന്ദ്രത്തിലും ശില്‍പശാലയും റോഡ് ഷോയും സംഘടിപ്പിക്കും.

Latest