റമസാന്‍ രാത്രികാല ചന്തക്ക് ഗംഭീര തുടക്കം

Posted on: June 25, 2016 7:34 pm | Last updated: June 25, 2016 at 7:34 pm

Food stalls at Ramadan Night Marketദുബൈ: പത്തു ദിവസം നീണ്ടുനില്‍ക്കുന്ന റമസാന്‍ രാത്രികാല ചന്തക്ക് (നൈറ്റ് സൂഖ്) ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഗംഭീര തുടക്കം. ആദ്യ ദിവസം തന്നെ ആയിരക്കിന് ഉപഭോക്താക്കളാണ് ട്രേഡ് സെന്ററിലെ വിവിധ പവലിയനുകള്‍ സന്ദര്‍ശിച്ചത്. 300 ഓളം പ്രദര്‍ശകരാണ് പെരുന്നാളിന് മുന്നോടിയായി ഇവിടെ ചന്തകള്‍ ഒരുക്കിയിരിക്കുന്നത്. തുണിക്കടകള്‍, ആഭരണ കടകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവ വിലക്കുറവില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയാണ് രാത്രി ചന്ത പ്രവര്‍ത്തിക്കുക. ഇത്തവണ ഒരു ലക്ഷം ഉപഭോക്താക്കള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകരായ സുമാന്‍സ ബ്രാന്‍ഡ് മാനേജര്‍ സാമന്ത കോര്‍ഡീറോ ഇറാന്ത പറഞ്ഞു.
ഇത്തവണ അഞ്ച് ദിര്‍ഹം പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ധാരാളം ആസ്വാദ്യ പരിപാടികള്‍ ഒരുക്കിയത് കൊണ്ടാണിത്. സുഗന്ധ ദ്രവ്യങ്ങള്‍, വീട്ടു സാമഗ്രികള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ വില്‍പനക്കെത്തി. 80 ശതമാനത്തോളം വിലക്കുറവിലാണ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതെന്നും സാമന്ത പറഞ്ഞു. ദുബൈ സാമ്പത്തിക വികസന വിഭാഗം ഡയറക്ടര്‍ ജനറല്‍ സാമി അല്‍ ഖംസി ഉദ്ഘാടനം ചെയ്തു. സൗജന്യ ആരോഗ്യ പരിശോധനയും ഇവിടെ ലഭ്യമാണ്.
സന്ദര്‍ശകര്‍ക്ക് ഓരോ ദിവസം നറുക്കെടുപ്പിലൂടെ വിമാന ടിക്കറ്റ് ലഭിക്കുമെന്നും അറിയിച്ചു.