Connect with us

Gulf

റാസല്‍ ഖൈമയിലെ വലിയ മസ്ജിദ് ബലി പെരുന്നാളിന് തുറന്നുകൊടുക്കും

Published

|

Last Updated

റാസല്‍ ഖൈമ: എമിറേറ്റിലെ ഏറ്റവും വലിയ മസ്ജിദിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ നാമധേയത്തില്‍ 2.2 കോടി ദിര്‍ഹം ചെലവില്‍ ഡൗണ്‍ ടൗണ്‍ റാക് സിറ്റിയില്‍ നിര്‍മിക്കുന്ന മസ്ജിദ് ബലി പെരുന്നാളിന് വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കും. ഒരേ സമയം 3,000 പേര്‍ക്ക് ഇവിടെ ആരാധന നിര്‍വഹിക്കാന്‍ സാധിക്കും. രണ്ട് ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍, ഗ്രന്ഥശാല, സ്ത്രീകള്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കാനുള്ള പ്രത്യേക മുറിയും ഒരുക്കുന്നുണ്ടെന്ന് എന്‍ജി. ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി അറിയിച്ചു.
പ്രധാന മേഖലകളായ നഖീല്‍, അല്‍ മനാര്‍ ട്രാഫിക് ഇന്റര്‍ സെക്ഷന്‍, ഇത്തിസാലാത്ത് ഹെഡ് ക്വാര്‍ട്ടേര്‍സ്, ഹോം സെന്റര്‍ എന്നിവയെല്ലാം മസ്ജിദിനടുത്താണ്. മൂന്ന് മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാകും.
ഓട്ടോമന്‍ വാസ്തുശില്‍പ കലയില്‍ അതുല്യമായ രൂപകല്‍പനയിലാണ് മസ്ജിദ് ഒരുക്കുന്നത്. അവസാന മിനുക്ക് പണികളും ആന്തരിക അലങ്കാര പ്രവര്‍ത്തികളുമാണ് ഇനി ബാക്കിയുള്ളത്. പദ്ധതിയുടെ രൂപരേഖയനുസരിച്ച് 2,600 പുരുഷന്മാരെയും 400 സ്ത്രീകളേയും മസ്ജിദില്‍ ഉള്‍കൊള്ളാനാകുമെന്ന് ശൈഖ് സാലിം വിശദീകരിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള പ്രത്യേക ഹാളിനു പുറമെ 62 മീറ്റര്‍ ഉയരത്തില്‍ രണ്ട് ഗോപുരങ്ങളും മസ്ജിദിനുണ്ട്. മസ്ജിദിന്റെ മധ്യത്തില്‍ 32 മീറ്റര്‍ ഉയരത്തില്‍ ഒരു താഴികക്കുടവും നിര്‍മിച്ചിട്ടുണ്ട്.
ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളില്‍ ഒന്ന് പുരുഷന്മാര്‍ക്കും മറ്റൊന്ന് സ്ത്രീകള്‍ക്കുമുള്ളതാണ്. ഇതിനു പുറമെ വിശാലമായ പാര്‍കിംഗ് സൗകര്യവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.

Latest