Connect with us

National

ആം ആദ്മി എംഎല്‍എ റിമാന്‍ഡില്‍; ഡല്‍ഹിയില്‍ അടിയന്തരാവസ്ഥയെന്ന് കെജരിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ആം ആദ്മി പാര്‍ട്ടി എംഎല്‍എ ദിനേശ് മൊഹാനിയെ റിമാന്‍ഡ് ചെയ്തു. വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് പോലീസ് നാടകീയമായി എത്തി എംഎല്‍എയെ അറസ്റ്റ് ചെയ്തത്. തന്നെ തിരിച്ചറിഞ്ഞില്ല എന്ന കാരണത്തിന് തെക്കന്‍ ഡല്‍ഹിയിലെ തുക്ലകാബാദില്‍ വച്ച് എംഎല്‍എ ഒരു മുതിര്‍ന്ന പൗരനെ മര്‍ദ്ദിച്ചു, പരാതി പറയാനെത്തിയ സ്ത്രീകളെ അപമാനിച്ചു എന്നീ പരാതികളുടെ പേരിലാണ് എംഎല്‍എയുടെ പേരില്‍ കേസെടുത്തത്.

വെള്ളിയാഴ്ച വൈകിട്ട് എംഎല്‍എക്ക് നോട്ടീസ് നല്‍കാന്‍ പോലീസ് ശ്രമിച്ചെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. പരാതിയെക്കുറിച്ച് വിവരങ്ങള്‍ ആരായാന്‍ അദ്ദേഹം പോലീസുമായി സഹകരിക്കാനും തയ്യാറായില്ല. ഇതേതുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് തെക്കന്‍ ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ഈശ്വര്‍ സിംഗ് പറഞ്ഞു.

എംഎല്‍എയുടെ അറസ്റ്റിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്തെത്തി. പ്രധാനമന്ത്രി മോദി ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കെജരിവാള്‍ ആരോപിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പാര്‍ട്ടിക്കും എംഎല്‍എക്കും എതിരെ ഉന്നയിക്കുന്നത്. ഇതിന് പോലീസിനെ കൂട്ടുപിടിച്ചിരിക്കുകയാണെന്നും കെജരിവാള്‍ പറഞ്ഞു.