Connect with us

Malappuram

ജയില്‍ സാക്ഷരതാ പരിപാടിക്ക് മഞ്ചേരി സബ് ജയിലില്‍ തുടക്കം

Published

|

Last Updated

മഞ്ചേരി: വായനാ വാരത്തോടനുബന്ധിച്ച് തുടക്കമിട്ട ജയില്‍ സാക്ഷരതാ പരിപാടിയുടെ ഉദ്ഘാടനം മഞ്ചേരി സബ് ജയിലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. ജയില്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങളും ജയിലില്‍ മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് സര്‍ക്കാറിന്റെ വിവിധ ഏജന്‍സികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണ കാര്യാലയം, ജില്ലാ സാക്ഷരതാ മിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വായനയിലൂടെ നന്മ നിറഞ്ഞ വ്യക്തികളാവാന്‍ സാധിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ജയിലിലെ ലൈബ്രറിക്കായി നല്‍കിയ പുസ്തകങ്ങള്‍ ജില്ലാ കലക്ടര്‍ എസ് വെങ്കടേശപതി ജയില്‍ സൂപ്രണ്ട് കെ എസ് ഹസന് കൈമാറി.
സംസ്ഥാന സാക്ഷരതാ മിഷന്‍ ചെയര്‍മാന്‍ സലീം കുരുവമ്പലം, മഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി എം സുബൈദ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി പി സുലഭ കുമാരി, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി അബ്ദുല്‍ റശീദ്, മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ കൃഷ്ണദാസ് രാജ, ജയില്‍ സൂപ്രണ്ട് കെ ഹസന്‍ പ്രസംഗിച്ചു.