അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം തുടങ്ങി

Posted on: June 25, 2016 12:59 pm | Last updated: June 25, 2016 at 12:59 pm

bangaleesനിലമ്പൂര്‍: പോലീസ് അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം തുടങ്ങി. ജിഷാ വധക്കേസിന്റെ പശ്ചാത്തലത്തില്‍ ഡി ജെ പി യുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് കണക്കെടുപ്പ് തുടങ്ങിയത്. അന്യ സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന കെട്ടിട ഉടമകള്‍, ഇവരെ ജോലിക്കായി കൊണ്ടു വന്നിട്ടുള്ള ഏജന്‍സികള്‍ എന്നിവരോട് കൃത്യമായ കണക്കുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നിലമ്പൂര്‍ എസ് ഐ കെ എം സന്തോഷ് പറഞ്ഞു. പകുതിയോളം തൊഴിലാളികളുടെ വിവരങ്ങള്‍ ലഭിച്ചു കഴിഞ്ഞു.
അന്യ സംസ്ഥാന തൊഴിലാളികള്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സ്റ്റേഷനില്‍ നല്‍കണം. ഇവര്‍ക്കായി സ്റ്റേഷനില്‍ പ്രത്യേക രജിസ്റ്റര്‍ ഫോം ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍ നാട്ടില്‍ പോകുമ്പോഴും തിരിച്ച് വരുമ്പോഴും സ്റ്റേഷനിലെത്തി വിവരം കൈമാറണം. ഇവര്‍ നാട്ടില്‍ നിന്ന് വരുമ്പോള്‍ കൂടെ ആരെയെങ്കിലും കൊണ്ടു വന്നാല്‍ അത് സ്റ്റേഷനില്‍ അറിയിക്കുകയും അവരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി നല്‍കുകയും വേണം.
അന്യ സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകളും ഇവരെ തൊഴിലിനായി കൊണ്ടു വരുന്ന ഏജന്‍സികളും കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ് ഐ പറഞ്ഞു.
അടുത്ത മാസം 15ന് മുമ്പായി മുഴുവന്‍ അന്യ സംസ്ഥാന തൊഴിലാളികളുടെയും വിവര ശേഖരണം പൂര്‍ത്തിയാക്കും.