ബന്ധുക്കള്‍ ഉപേക്ഷിച്ച കുഞ്ഞീന്റെ ചികിത്സാ സഹായം എസ് വൈ എസ് സാന്ത്വന തീരം ഏറ്റെടുത്തു

Posted on: June 25, 2016 12:49 pm | Last updated: June 25, 2016 at 12:49 pm
SHARE
ചികിത്സയില്‍ കഴിയുന്ന നെടിയില്‍ കുഞ്ഞീനെ സന്ദര്‍ശിക്കുന്ന എസ് വൈ എസ് സാന്ത്വന തീരം വളണ്ടിയര്‍മാര്‍
ചികിത്സയില്‍ കഴിയുന്ന നെടിയില്‍ കുഞ്ഞീനെ സന്ദര്‍ശിക്കുന്ന എസ് വൈ എസ് സാന്ത്വന തീരം വളണ്ടിയര്‍മാര്‍

തിരൂര്‍: ബന്ധുക്കള്‍ ജില്ലാ ആശുപത്രിയില്‍ ഉപേക്ഷിച്ച ചെമ്പ്ര സ്വദേശി നെടിയില്‍ കുഞ്ഞീന്റെ (55) ചികിത്സാ സഹായം എസ് വൈ എസ് സാന്ത്വന തീരം ഏറ്റെടുത്തു. കുഞ്ഞീന്റെ ദുരിതം പത്രവാര്‍ത്തയിലൂടെ അറിഞ്ഞ് ജില്ലാ ആശുപത്രിയില്‍ എത്തിയ സാന്ത്വന തീരം വളണ്ടിയര്‍മാര്‍ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് ദിവസം മുമ്പ് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീടാരും തിരിഞ്ഞു നോക്കിയിരുന്നില്ല.
ആശുപത്രിയിലെ കൂട്ടിരിപ്പുകാരും സഹ രോഗികളുമായിരുന്നു കുഞ്ഞീന് ആശ്രയമായുണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് വിഷയം മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞത്. എന്നാല്‍ സ്വന്തം കൂടെപ്പിറപ്പുകളും കുടുംബങ്ങളും ഇന്നലെയും സംരക്ഷണം ഏറ്റെടുക്കാന്‍ എത്തിയില്ല. 25 വര്‍ഷം സലാലയില്‍ ഇറച്ചിവെട്ടു തൊഴിലാളിയായി കഴിഞ്ഞ കുഞ്ഞീന് പ്രവാസ ജീവിതം സമ്മാനിച്ചത് ഒറ്റപ്പെടലും അവശതയും മാത്രമായിരുന്നു. ഭാര്യയും മക്കളും സഹോദരങ്ങളുമെല്ലാം ഇന്ന് കുഞ്ഞീനുണ്ട്. എന്നാല്‍ ഇവര്‍ക്കെല്ലാം അതികപറ്റായിരിക്കുകയാണ് ഈ മധ്യവയസ്‌കന്‍. ടിബിയും ചുമയും ശ്വാസംമുട്ടും പിടിപെട്ട് അവശനിലയിലാണ് കുഞ്ഞീന്‍. ഈ സാഹചര്യത്തില്‍ പരിചരണവും ചികിത്സാ ചെലവും ഏറ്റെടുത്ത് എസ് വൈ എസ് സാന്ത്വന തീരം പ്രവര്‍ത്തകര്‍ എത്തിയത് കുഞ്ഞീന് ആശ്വാസമായിരിക്കുകയാണ്. ഇന്നലെ വൈകിട്ട് ഏഴരയോടെ സാന്ത്വന തീരം കോ-ഓര്‍ഡിനേറ്റര്‍ അയ്യൂബ് താനാളൂരിന്റെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ സംഘം കുഞ്ഞീനെ സന്ദര്‍ശിച്ച് സഹായം അറിയിച്ചത്.
ദിവസങ്ങളായി ഉടുത്തിരുന്ന വസ്ത്രങ്ങള്‍ മാറി ഇവര്‍ പുതിയ വസ്ത്രങ്ങള്‍ കുഞ്ഞീനെ ഉടുപ്പിച്ചു. ഭക്ഷണ സാധനങ്ങള്‍ നല്‍കി. കുഞ്ഞീന്റെ പരിചരണത്തിനായി പ്രത്യേക വളണ്ടിയര്‍മാരെ നിയോഗിച്ചതായി കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. എസ് വൈ എസ് തിരൂര്‍ സോണ്‍ ഫിനാന്‍സ് സെക്രട്ടറി കെ പി അബ്ബാസ് മോന്‍ കൂട്ടായി, സാന്ത്വന തീരം വളണ്ടിയര്‍മാരായ അസീസ് മീനടത്തൂര്‍, ശഫീഖ് സ്ട്രീറ്റ് ലൈറ്റ്, അബ്ദുല്‍ ഖായിം എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here