രണ്ടര വയസ്സുകാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു

Posted on: June 25, 2016 12:36 pm | Last updated: June 25, 2016 at 12:36 pm
SHARE

മുണ്ടക്കയം (കോട്ടയം): രണ്ടര വയസ്സുകാരിയായ മകളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. തലക്കടിയേറ്റ മൂത്തമകളെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏന്തയാര്‍ ഈസ്റ്റ് പന്തപ്ലാക്കല്‍, സാജുവിന്റെ മകള്‍ അനീറ്റ(രണ്ടര)യാണ് കൊല്ലപ്പെട്ടത്. മേലോരത്തെ സ്വകാര്യ എസ്റ്റേറ്റില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മൂത്തമകള്‍ അനുമോളെ (ഏഴ്)തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമം നടത്തിയ ശേഷം അമിതമായി ഗുളികകള്‍ കഴിച്ച മാതാവ് ജെസിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ അനുമോളെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവം സംബന്ധിച്ച് പെരുവന്താനം പോലീസ് പറയുന്നത്: നാലുവര്‍ഷം മുമ്പ് മേലോരത്തെ സ്വകാര്യ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗ് ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് സാജുവും കുടുംബവും താമസത്തിനായി ഇവിടെ എത്തുന്നത്. മാനസിക രോഗത്തിനു ചികില്‍സയിലായിരുന്ന ജെസി ഇന്നലെ പുലര്‍ച്ചെ ഇളയമകള്‍ അനീറ്റയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൂത്തമകള്‍ അനുമോളെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടുണര്‍ന്ന സാജു അനുമോളുടെ മൂക്കിലൂടെ രക്തമൊലിച്ചുകിടക്കുന്നതാണ് കണ്ടത്. അമിതമായി പാരസിറ്റമോള്‍ ഗുളിക കഴിച്ച ജെസിയും അവശ നിലയിലായിരുന്നു. ഉടന്‍ തന്നെ ലയത്തിന്റെ അടുത്തമുറിയിലെ താമസക്കാരെ വിളിച്ചുണര്‍ത്തി മൂന്ന് പേരെയും മുപ്പത്തിയഞ്ചാം മൈലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. അനുമോള്‍ക്കും ജെസിക്കും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ജെസിയുടെ നില ഗുരുതരമല്ലന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ചികിത്സയിലായ ഇവരെ പോലീസിന്റെ നിര്‍ദേശപ്രകാരം പോലീസ് കാവലില്‍ ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടര വര്‍ഷം മുമ്പ് ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താന്‍ ജെസി ശ്രമിച്ചിരുന്നതായും തങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയതെന്നും അയല്‍വാസി പോലീസിനോട് പറഞ്ഞു. കുറച്ചു നാളുകളായി ജെസി രോഗത്തിന് മരുന്നു കഴിക്കുന്നില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മേലോരം മരിയഗരോത്തി എല്‍ പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അനുമോള്‍. പീരുമേട് സി ഐ. പി വി മനോജ്, പെരുവന്താനം എസ് ഐ മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഇന്‍്ക്വസ്റ്റ് നടത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കോട്ടയത്ത്‌നിന്നും ഫോറന്‍സിക് വിദഗ്ധ പ്രിയ മേരി ചാക്കോയെത്തി പരിശോധന നടത്തി.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം ഇന്ന് രാവിലെ ഏന്തയാര്‍ സെന്റ് മേരീസ് പളളി സെമിത്തേരിയില്‍ നടക്കും.