Connect with us

Eranakulam

വഖഫ് സ്വത്ത് തിരിമറി: മന്ത്രിക്ക് നിവേദനം നല്‍കി

Published

|

Last Updated

കൊച്ചി: കേരളത്തില്‍ കോടിക്കണക്കിനു രൂപയുടെ വഖഫ് സ്വത്ത് തിരിമറി ചെയ്തിട്ടുണ്ടെന്നും ഇതിനെകുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള വഖഫ് സംരക്ഷണ വേദി വഖഫ് മന്ത്രി കെ ടി ജലീലിന് നിവേദനം നല്‍കി. വഖഫ് അഴിമതിയെ കുറിച്ച് അന്വേഷിച്ച നിസാര്‍ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ കോടികളുടെ വഖഫ് അഴിമതി കണ്ടെത്തിയിരുന്നു. മുന്‍ സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം ഈ മേഖലയില്‍ ചെലുത്തിയിരുന്നില്ല. സമുദായത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കായി നിര്‍ധന കുടുംബങ്ങളുടെ അവകാശമായ വഖഫ് സ്വത്ത് ചില സ്വാര്‍ഥ താത്പര്യക്കാര്‍ സ്വന്തമെന്നോണം കൈയടക്കി വെക്കുകയും റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തി വരികയും ചെയ്യുന്നു. വഖഫ് ബോര്‍ഡ് സി ഇ ഒയുടെ ഒത്താശയോടെയാണ് കേരളത്തില്‍ അഴിമതി വ്യാപകമായി നടക്കുന്നത് എന്ന നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാവങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഉദ്യോഗസ്ഥവൃന്ദം തട്ടിയെടുക്കുന്നതായും സംസ്ഥാന പ്രസിഡന്റ് ടി എം അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.
വഖഫ് സംരക്ഷണ വേദി നല്‍കിയ നിവേദനത്തെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വേണ്ട നടപടി കൈക്കൊള്ളാമെന്ന് മന്ത്രി അറിയിച്ചതായി വഖഫ് സംരക്ഷണവേദി ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ടി എം അബ്ദുസ്സലാം, വൈസ് പ്രസിഡന്റുമാരായ റശീദ് അറക്കല്‍, പൂക്കോയ ആലപ്പുഴ എന്നിവരുടെ നേതൃത്വത്തിലാണ് വഖഫ് മന്ത്രിക്ക് നിവേദനം നല്‍കിയത്.