Connect with us

Ongoing News

ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ടിന് പത്ത് വിക്കറ്റ് ജയം

Published

|

Last Updated

ബിര്‍മിംഗ്ഹാം: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് റിക്കാര്‍ഡ് ജയം. ശ്രീലങ്ക ഉയര്‍ത്തിയ 255 റണ്‍സ് എന്ന ലക്ഷ്യം ആതിഥേയര്‍ വിക്കറ്റ് നഷ്ടപ്പെടാതെയാണ് മറികടന്നത്. ഇതോടെ ഒരു ടീം വിക്കറ്റ് നഷ്ടപ്പെടാതെ നേടുന്ന ഏറ്റവും മികച്ച ജയം എന്ന റിക്കാര്‍ഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. 2015 ഓഗസ്റ്റ് നാലിന് ന്യൂസിലന്‍ഡ് സിംബാബ്‌വെയ്‌ക്കെതിരേ 236 റണ്‍സ് എടുത്ത് നേടിയ 10 വിക്കറ്റ് ജയമായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. ജാസണ്‍ റോയിയും (95 പന്തില്‍ 112) അലക്‌സ് ഹെല്‍സും (110 പന്തില്‍ 133) ചേര്‍ന്നാണ് ഇംഗ്ലണ്ടിന് റിക്കാര്‍ഡ് ജയം ഒരുക്കിയത്.
സ്‌കോര്‍: ശ്രീലങ്ക 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 254. ഇംഗ്ലണ്ട് 34.1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 256.

ടോസ് ജയിച്ച് ക്രീസിലെത്തിയ ലങ്ക ദിനേഷ് ചന്‍ഡിമല്‍ (86 പന്തില്‍ 52), ഉപുല്‍ തരംഗ (49 പന്തില്‍ 53), എയ്ഞ്ചലോ മാത്യൂസ് (54 പന്തില്‍ 44) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 254 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കെറ്റ്, അദില്‍ റഷീദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഏകദിന ചരിത്രത്തില്‍ ഓപ്പണിംഗ് വിക്കറ്റില്‍ പിറക്കുന്ന മികച്ച അഞ്ചാമത്തെ കൂട്ടുകെട്ടിനാണ് ബിര്‍മിംഗ്ഹാമിലെ എഗ്ബാസ്റ്റണ്‍ മൈതാനം സാക്ഷ്യംവഹിച്ചത്. 2006ല്‍ ഉപുല്‍ തരംഗയും (109) സനത് ജയസൂര്യയും (152) ചേര്‍ന്ന് ഇംഗ്ലണ്ടിനെതിരെ നേടിയ 286 റണ്‍സാണ് നിലവിലെ റിക്കാര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ട്. തരംഗയും ദില്‍ഷനും ചേര്‍ന്ന് സിംബാബ്‌വെയ്‌ക്കെതിരേ 2010/11ല്‍ നേടിയ 282 റണ്‍സ് ആണ് രണ്ടാം സ്ഥാനത്ത്. 2008ല്‍ ന്യൂസിലന്‍ഡിനായി ബ്രണ്ടന്‍ മക്കല്ലവും ജയിംസ് മാര്‍ഷലും ഒന്നാം വിക്കറ്റില്‍ നേടിയ 274 റണ്‍സാണ് പട്ടികയില്‍ മൂന്നാമത്. കെനിയയ്‌ക്കെതിരേ ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ (146) സൗരവ് ഗാംഗുലി (111) കൂട്ടുകെട്ട് 2001/2002 ല്‍ നേടിയ 258 റണ്‍സാണ് നാലാമത്. 1998ല്‍ സച്ചിനും ഗാംഗുലിയും ശ്രീലങ്കയ്‌ക്കെതിരേ 252 റണ്‍സ് ഓപ്പണിംഗ് വിക്കറ്റില്‍ നേടിയതായിരുന്നു ഇതുവരെ പട്ടികയിലെ അഞ്ചാം സ്ഥാനത്ത്. അലക്‌സ് ഹെയ്ല്‍സും ജാസണ്‍ റോയിയും പുറത്താകാതെ 256 റണ്‍സ് നേടി അഞ്ചാം സ്ഥാനത്തെത്തിയതോടെ 1998ലെ സച്ചില്‍-ഗാംഗുലി കൂട്ടുകെട്ട് സ്‌കോര്‍ ആറാം സ്ഥാനത്തേക്ക് ഇറങ്ങി. ശ്രീലങ്കയ്‌ക്കെതിരേ ഒരു ടീമിന്റെ ഏറ്റവും മികച്ച ഓപ്പണിംഗ് പ്രകടനം എന്ന റിക്കാര്‍ഡും ഹെയ്ല്‍സ്, റോയി കൂട്ടുകെട്ട് നേടി. സച്ചിന്‍-ഗാംഗുലി ജോഡി 1998ല്‍ സ്ഥാപിച്ച 252 റണ്‍സ് എന്ന റിക്കാര്‍ഡാണ് ഇതോടെ പഴങ്കഥയായത്.