യുവതിയുടെ നഗ്‌നഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

Posted on: June 25, 2016 9:47 am | Last updated: June 25, 2016 at 9:47 am
ആശിഖ്
ആശിഖ്

തിരൂര്‍: ബലാത്സംഗ കേസില്‍ യുവാവ് അറസ്റ്റില്‍. തൃപ്രങ്ങോട് ആലിങ്ങല്‍ സ്വദേശി എരഞ്ഞിക്കാട്ടില്‍ ആഷിഖ് (24)നെയാണ് തിരൂര്‍ സി ഐ സിനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പ് ഇരുപതുകാരിയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 2011ലാണ് കേസിനാസ്പദമായ സംഭവം.
പ്ലസ് ടു പഠന കാലത്ത് യുവതിയെ പീഡിപ്പിച്ചതായാണ് പരാതി. തുടര്‍ന്ന് യുവതിയുടെ നഗ്‌നഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പഠനത്തിന് ശേഷം യുവതി വിവാഹിതയായി. എന്നാല്‍ തന്റെ ഇംഗിതത്തിന് വഴങ്ങണമെന്നും ഇല്ലെങ്കില്‍ നഗ്‌ന ഫോട്ടോ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ യുവതി തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടില്‍ കയറി അതിക്രമം, ബലാത്സംഘം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സി ഐ പറഞ്ഞു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.