ഇനി പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം:ഇന്ന് മൂന്ന് മത്സരങ്ങള്‍

Posted on: June 25, 2016 12:30 am | Last updated: June 25, 2016 at 11:00 am
പരിശീലനം നടത്തുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
പരിശീലനം നടത്തുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പാരീസ്: യൂറോ കപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇനി രണ്ടിലൊരു ഫലം മാത്രം. ജയം അല്ലെങ്കില്‍ തോല്‍വി… സമനിലകളുടെ ആനുകൂല്യമില്ല. അഥവാ, നിശ്ചിത സമയത്ത് സമനിലയെങ്കില്‍ അധിക സമയം. അവിടെയും തീര്‍ന്നില്ലെങ്കില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ പിരിമുറുക്കം.പോരാട്ടങ്ങളുടെ പ്രകമ്പനങ്ങളാകും ഇനി മഴക്കാലരാവുകള്‍ സമ്മാനിക്കുന്നത്. ഇന്ന് മൂന്ന് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് പോളണ്ടിനെയും രണ്ടാമത്തെ കളിയില്‍ വെയ്ല്‍സ് വടക്കന്‍ അയര്‍ലാന്‍ഡിനെയും നേരിടും. ക്രൊയേഷ്യയും പോര്‍ച്ചുഗലും തമ്മിലാണ് മൂന്നാമത്തെ മത്സരം.

സ്വിറ്റ്‌സര്‍ലാന്‍ഡ്- പോളണ്ട്
വൈകീട്ട് 6.30
സ്വിറ്റ്‌സര്‍ലാന്‍ഡും പോളണ്ടും ഏറ്റുമുട്ടുമ്പോള്‍ മികച്ച മത്സരമാകും അത് ആരാധകര്‍ക്ക് സമ്മാനിക്കുക. സ്വിറ്റ്‌സ്വര്‍ലാന്‍ഡ് ഗ്രൂപ്പ് എലെ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ സി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് പോളണ്ടിന്റെ മുന്നേറ്റം. രണ്ട് ജയവും ഒരു സമനിലയുമായി ജര്‍മനിക്ക് പിന്നാലെയാണ് പോളണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ നിലയുറപ്പിച്ചത്. വടക്കന്‍ അയര്‍ലാന്‍ഡിനെയും ഉക്രൈനെയും 1-0 മാര്‍ജിനില്‍ തോല്‍പ്പിച്ച അവര്‍ക്ക് ലോക ചാമ്പ്യന്മാരായ ജര്‍മനിയെ ഗോള്‍രഹിത സമനിലയില്‍ തളക്കാനുമായി.
വഌദിമിര്‍ പെട്രോവിചിന്റെ കീഴിലിറങ്ങുന്ന പോളണ്ടിന് മൂന്ന് മത്സരങ്ങളില്‍ നിന്ന് ആകെ രണ്ട് ഗോളുകള്‍ മാത്രമേ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നത് ന്യൂനതയാണ്. ബയേണ്‍ മ്യൂണിക്കിന്റെ സൂപ്പര്‍ താരം ലെവെന്‍ഡോസ്‌കി ഫോമിലേക്കുയരാത്തതും ടീമിന് ക്ഷീണമേകുന്നു.
അതെ സമയം, ഒരു ജയവും രണ്ട് സമനിലയുമായാണ് സ്വിറ്റ്‌സ്വര്‍ലാന്‍ഡിന്റെ വരവ്. അല്‍ബേനിയക്കെതിരെ ജയിച്ചപ്പോള്‍ റുമാനിയയോടും കരുത്തരായ ഫ്രാന്‍സിനോടുമായിരുന്നു സമനില. ആതിഥേയരെ ഗോള്‍രഹിത സമനിലയില്‍ തളക്കാനായി എന്നത് സ്വിറ്റ്‌സര്‍ലാന്‍ഡിന് കരുത്തുപകരുന്ന ഘടകമാണ്. ആഴ്‌സണല്‍ താരം ഗ്രാനിത് ഷാക്ക മിന്നുന്ന ഫോമിലാണെന്നത് അനുകൂല ഘടകം. ഷാക്കീരി ഫോമിലേക്കുയരാത്തത് തിരിച്ചടി. വിജയികള്‍ക്ക് ക്രോയേഷ്യ- പോര്‍ച്ചുഗല്‍ മത്സത്തിലെ ഏതിരാളികളെയാണ് ക്വാര്‍ട്ടറില്‍ ലഭിക്കുക.

ഗാരത് ബെയ്ല്‍ പരിശീലനത്തില്‍
ഗാരത് ബെയ്ല്‍ പരിശീലനത്തില്‍

വെയ്ല്‍സ്- വടക്കന്‍
അയര്‍ലാന്‍ഡ്- രാത്രി 9.30
യൂറോയില്‍ ചരിത്രം കുറിച്ചാണ് വെയ്ല്‍സും ഉത്തര അയര്‍ലാന്‍ഡും പ്രീ ക്വാര്‍ട്ടറില്‍ കൊമ്പുകോര്‍ക്കാനൊരുങ്ങുന്നത്. യൂറോയില്‍ കന്നിക്കാരായെത്തിയാണ് ഇരു ടീമുകളുടെയും മുന്നേറ്റം.
മൂന്ന് കളികളില്‍ രണ്ടെണ്ണം ജയിച്ച്, ഇംഗ്ലണ്ടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് വെയ്ല്‍സിന്റെ വരവ്. ആദ്യ മത്സരത്തില്‍ സ്ലോവാക്യയെ തോല്‍പ്പിച്ച വെയ്ല്‍സ് രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. മൂന്നാമത്തെ മത്സരത്തില്‍ റഷ്യയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി അവര്‍ യൂറോയില്‍ ആവേശം തീര്‍ത്തു. മൂന്ന് മത്സരങ്ങളിലും ഗോള്‍ നേടിയ റയല്‍ മാഡ്രിഡ് താരം ഗാരത് ബെയ്‌ലാണ് ടീമിന്റെ കുന്തമുന.
മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമായി ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് വടക്കന്‍ അയര്‍ലാന്‍ഡിന്റെ നോക്കൗട്ട് റൗണ്ട് പ്രവേശനം. ഗ്രൂപ്പ് ഡിയിലെ മൂന്നാം സ്ഥാനക്കാര്‍. ഉക്രൈനെ 2-0ത്തിന് തോല്‍പ്പിക്കാനായത് വടക്കന്‍ അയര്‍ലാന്‍ഡിന്റെ ആത്മവിശ്വാസമേറ്റുന്നു.
ക്രൊയേഷ്യ- പോര്‍ച്ചുഗല്‍
രാത്രി 12.30
ക്രൊയേഷ്യയും പോര്‍ച്ചുഗലും തമ്മിലുള്ള പോരാട്ടമാണ് പോരാട്ടം. യൂറോയില്‍ തകര്‍പ്പന്‍ ഫോമിലുള്ള ക്രോയേഷ്യയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ അവേശപ്പെരുമഴ തീര്‍ക്കമെന്നുറപ്പ്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ക്രൊയേഷ്യയുടെ വരവ്.
നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളിന് അട്ടിമറിക്കാനായത് അവരുടെ ആത്മവിശ്വസം ഇരട്ടിയാക്കുന്നു. ആദ്യ മത്സരത്തില്‍ ക്രൊയേഷ്യ തുര്‍ക്കിയെ ഒരു ഗോളിന് വീഴ്ത്തിയപ്പോള്‍, കാണികള്‍ തടസ്സപ്പെടുത്തിയ രണ്ടാം മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനോട് 2-2ന് സമനില വഴങ്ങി. ഇവാന്‍ പെരിസിചിന്റെ മിന്നുന്ന പ്രകടനത്തിന്റെ മികവിലാണ് ക്രൊയേഷ്യ നോക്കൗട്ട് റൗണ്ടിലെത്തിയത്. പെരിസിച് യൂറോയില്‍ രണ്ട് ഗോളുകള്‍ നേടിക്കഴിഞ്ഞു. പെരിസിചിനൊപ്പം റാക്കിടിചും ലൂക്ക മോഡ്രിച്ചും ചേരുന്ന ക്രൊയേഷ്യയെ തളക്കാന്‍ പോര്‍ച്ചുഗലിന് ഏറെ വിയര്‍ക്കേണ്ടിവരും.
കളിച്ച മൂന്ന് മത്സരങ്ങളിലും സമനില ഏറ്റുവാങ്ങിയ പോര്‍ച്ചുഗല്‍ കഷ്ടിച്ച് രക്ഷപ്പെട്ടാണ് പ്രീ ക്വാര്‍ട്ടര്‍ റൗണ്ടിലെത്തിയത്. ഗ്രൂപ്പ് എഫില്‍ മൂന്നാം സ്ഥാനത്തായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച അവര്‍ക്ക് തുണയായത് ഗോള്‍ ശരാശരിയിലെ ആധിക്യം. അവസാന മത്സരത്തില്‍ ഹംഗറിയോട് 3-3ന് സമനില നേടിയതാണ് അവര്‍ക്ക് രക്ഷയായത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫോമിലേക്ക് തിരികെയെത്തിയത് പറങ്കിപ്പടക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. ഓസ്ട്രിയക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ക്രിസ്റ്റ്യാനോ ഹംഗറിക്കെതിരെ രണ്ട് ഗോള്‍ നേടി തിരിച്ചുവന്നത് ആരാധകരെ ആവേശത്തിലാഴ്ത്തുന്നു.