Connect with us

Kerala

വിദ്യാലയങ്ങളെ ദുരന്തമുക്തമാക്കാന്‍ കര്‍മപദ്ധതി

Published

|

Last Updated

കണ്ണൂര്‍ : സംസ്ഥാനത്തെ വിദ്യാലയങ്ങളിലും പരിസരങ്ങളിലും ചെറുതും വലുതുമായ ദുരന്തങ്ങളുണ്ടാവുന്നത് ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. മതിലിടിഞ്ഞും കെട്ടിടം തകര്‍ന്നും മരം കടപുഴകിയും കാറ്റ് വീശിയും വെള്ളം കയറിയും ഉണ്ടാകുന്ന അപകടങ്ങള്‍ നിരവധി തവണ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആവര്‍ത്തിച്ചിരുന്നു. ഇത് വിദ്യാലയങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെയും ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകൃതി ദുരന്തങ്ങളില്‍ നിന്നുള്‍പ്പെടെ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് പദ്ധതി തയ്യാറാക്കുന്നത്. ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യപടിയെന്ന നിലയില്‍ വിദഗ്ധ സംഘം സ്‌കൂളുകളില്‍ പരിശോധന നടത്തും.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത് തുടര്‍ക്കഥയായി മാറിയ സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സമഗ്ര പദ്ധതിക്ക് ദുരന്തനിവാരണ സേനയുമായി കൈകോര്‍ത്ത് വിദ്യാഭ്യാസ വകുപ്പ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ സുരക്ഷാസമിതികള്‍ രൂപവത്ക്കരിക്കും. അതത് ജില്ലാ ദുരന്ത നിവാരണ സേനയുടെ മേല്‍നോട്ടത്തിലായിരിക്കും ഈ സുരക്ഷാസമിതികള്‍ പ്രവര്‍ത്തിക്കുക. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളെ ഉള്‍പ്പെടുത്തി പദ്ധതി വിപുലപ്പെടുത്താന്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് തന്നെ നടപടികള്‍ ആരംഭിച്ചിരുന്നു. അന്നത്തെ റവന്യൂമന്ത്രി അടൂര്‍പ്രകാശാണ് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നത്. ദുരന്തസാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് പുതിയ തലമുറയ്ക്കു പരിശീലനം നല്‍കി പ്രാപ്തരാക്കുകയെന്നതാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ എല്ലാവര്‍ക്കും അപകടങ്ങളെ നേരിടേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ഇത്തരം അവസരങ്ങളില്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് ദുരന്തനിവാരണ പരിശീലനം വഴിയൊരുക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് ചെറിയ പ്രായത്തില്‍ ലഭിക്കുന്ന ഈ പരിശീലനം സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.
പരിശോധനയും ദുരന്തനിവാരണ മാസ്റ്റര്‍ പ്ലാനും വരുന്നതോടെ സ്‌കൂള്‍ കെട്ടിടങ്ങളും പരിസരവും ഏറെക്കുറെ അപകട വിമുക്തമാവുമെന്നാണ് അധികൃതരുടെ കണക്ക്കൂട്ടല്‍. കുട്ടികള്‍ നടന്നുപോകുന്നതിനിടെ വാഹനാപകടങ്ങളില്‍ പെടുന്നത് ഒഴിവാക്കുക കൂടി പദ്ധതിയുടെ ലക്ഷ്യമാണ്. സ്‌കൂളിലെത്തുന്ന കുട്ടികള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനുള്ള എല്ലാ മുന്‍കരുതലും സ്ഥാപനങ്ങളുടെ അധികൃതര്‍ കൈക്കൊണ്ടിരിക്കണം. മാസങ്ങള്‍ ഇടവിട്ട് സമ്പൂര്‍ണ സുരക്ഷാപരിശോധന നടത്തുകയും വേണമെന്ന് നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്‌കൂളുകളില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചിരുന്നു. ഏതെങ്കിലും ഒരു ദിവസമായിരുന്നു ഈ പരിപാടി. അസമയത്ത് ലോംഗ്‌ബെല്‍ മുഴങ്ങുന്നതോടെ കുട്ടികള്‍ ഓടി പുറത്ത് കടക്കുന്നതാണിത്. അപകടങ്ങളെ നേരിടുന്നതിന് ഈ രീതി പര്യാപ്തമാകില്ലെന്ന പൊതുവിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാര്യക്ഷമമായ പുതിയ പദ്ധതി തയ്യാറാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്. അധ്യാപകര്‍, പി ടി എ അംഗങ്ങള്‍, നാട്ടുകാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെയും എന്‍ സി സി, എന്‍ എസ് എസ്, സ്‌കൗട്ട് അംഗങ്ങള്‍ എന്നിവരെയും ഈ പദ്ധതിയില്‍ പങ്കാളികളാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടന്‍ പരസ്യപ്പെടുത്തും.
ഏതുതരം ദുരന്തത്തേയും നേരിടാനും ജീവന്‍ രക്ഷിക്കാനും ആവശ്യമായ ആധുനീക ഉപകരണങ്ങള്‍ ഇന്ന് ദുരന്തനിവാരണ സേനയുടെ പക്കലുണ്ട്. മണ്ണിടിച്ചില്‍, മരം വീഴ്ച, എന്നിവുണ്ടായാല്‍ അവ നീക്കം ചെയ്ത് ഉടന്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ സേനക്ക് സാധിക്കും. അപകടത്തില്‍പ്പെടുന്ന ആളെ താഴ്ച്ചയില്‍ നിന്നുയര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഉപകരണം. വാഹനാപകടം ഉണ്ടായാല്‍ പെട്ടെന്നുയര്‍ത്താന്‍ കഴിയുന്ന എയര്‍ ലിഫ്റ്റ് ബാഗ്, അണു ബാധയുണ്ടായാല്‍ അതിനെ നേരിടാനും ഇരയാകുന്നവരുടെ ജീവന്‍ രക്ഷിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇന്ന് സേനക്ക് സ്വന്തമാണ്. പ്രത്യേക പരിശീലനം നേടിയ മുങ്ങല്‍ വിദഗ്ധരുമുണ്ട്. വിദ്യാലയ പരിസരങ്ങളിലുണ്ടാകുന്ന അപകടം തടയാന്‍ ദുരന്തനിവാരണ സേനയുമായി സഹകരിച്ച് തയ്യാറാക്കുന്ന ഈ പദ്ധതി വിജയം കാണുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ (ഐഎല്‍ ഡി എം) ആഭിമുഖ്യത്തില്‍ നാഷനല്‍ സര്‍വീസ് സ്‌കീം (എന്‍ എസ് എസ്) ടെക്‌നിക്കല്‍ സെല്ലുമായി സഹകരിച്ച് മിക്ക ജില്ലകളിലും ദുരന്ത നിവാരണ സേന ഇതിനകം രൂപവത്ക്കരിച്ചിട്ടുണ്ട്.

Latest