പിണറായി സര്‍ക്കാറിന്റെ നയപ്രഖ്യാപനം

Posted on: June 25, 2016 6:14 am | Last updated: June 25, 2016 at 12:16 am

SIRAJകേരളത്തെ അഴിമതിരഹിത സംസ്ഥാനമാക്കി മാറ്റുമെന്നാണ് പിണറായി സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപനത്തിലെ പ്രധാന വാഗ്ദാനം. മുന്‍ സര്‍ക്കാറിന്റെ അഴിമതികളാണ് ഇടതുമുന്നണിയുടെ തിളക്കമാര്‍ന്ന വിജയത്തിന് പ്രധാന കാരണം. സോളാര്‍ തട്ടിപ്പ്, ബാര്‍ കോഴ, സര്‍ക്കാര്‍ ഭൂമികളുടെ ഇഷ്ടദാനം തുടങ്ങി നിരവധി അഴിമതിക്കഥകള്‍ അഞ്ച് വര്‍ഷത്തിനിടെ ഉയര്‍ന്നു വരികയുണ്ടായി. ഇതിനെതിരായ ജനരോഷമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. സംസ്ഥാനത്തിന്റെ വികസനത്തിന് മുഖ്യവിലങ്ങുതടി അഴിമതിയും ധൂര്‍ത്തുമാണ്. വികസന രംഗത്ത് വിനിയോഗക്കേണ്ട പണമാണ് ഇതുവഴി പൊതുഖജനാവില്‍ നിന്ന് ചോരുന്നത്. ഈ സാഹചര്യത്തില്‍ അഴിമതി തുടച്ചുനീക്കുമെന്ന പ്രഖ്യാപനം ആശ്വാസകരമാണ്.
കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വ്, ഐ ടി രംഗത്ത് കേരളത്തെ ഒന്നാമത് എത്തിക്കല്‍, തൊഴില്‍, പരിസ്ഥിതി ആഘാതം സൃഷ്ടിക്കാത്ത സ്വകാര്യ മേഖലാ പദ്ധതികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പുതിയ വകുപ്പ്, ന്യൂനപക്ഷങ്ങളുടെ പ്രശ്‌ന പരിഹാരത്തില്‍ പ്രത്യേക ശ്രദ്ധ, കുടുംബശ്രീ മാതൃകയില്‍ വൃദ്ധര്‍ക്ക് സഹായ പദ്ധതി, വിദ്യാഭ്യാസ മേഖലയില്‍ ആരോഗ്യകരമായ പരിഷ്‌കരണം, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍, ആഗോളവത്കരണത്തിന് ബദല്‍ എന്നിങ്ങനെ സര്‍വത്ര മേഖലകളിലും സംസ്ഥാനത്തിന്റെ വകസനവും ജനക്ഷേമവും ലക്ഷ്യം വെക്കുന്നതാണ് നയപ്രഖ്യാപനത്തിലെ വാഗ്ദാനങ്ങള്‍.
കൃഷി, വ്യവസായ മേഖലകളില്‍ 15 ലക്ഷവും ഐ ടി ടൂറിസം മേഖലകളില്‍ 10 ലക്ഷവുമടക്കം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് നയപ്രഖ്യാപനത്തിലെ മറ്റൊരു വാഗ്ദാനം. സംസ്ഥാനത്ത് തൊഴില്‍ രഹിതരുടെ എണ്ണം വര്‍ഷം തോറും വന്‍തോതില്‍ കൂടി വരികയാണ്. 50 ലക്ഷത്തോളം വരും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ റജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരുടെ എണ്ണം. പ്രൊഫഷനല്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ വര്‍ഷം തോറും പതിനായിരിക്കണക്കിന് യുവാക്കള്‍ പുറത്തിറങ്ങുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരുള്ള സംസ്ഥാനം കേരളമാണെന്നാണ് 2013ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയില്‍ പറയുന്നത്. ഗള്‍ഫ് നാടുകളില്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതമായതോടെ ആ മേഖലയിലുള്ള പ്രതീക്ഷയും നഷ്ടമാകുകയാണ്. ഇതിന് പരിഹാരം കാണാന്‍ അടിയന്തിര നടപടികള്‍ ആവശ്യമാണ്. കാര്‍ഷിക മേഖലകളിലുള്‍പ്പെടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വെള്ളക്കോളര്‍ സ്വപ്‌നത്തില്‍ നിന്ന് യുവതയെ മുക്തമാക്കി സമ്പാദനം അധ്വാനത്തിലൂടെ എന്ന ചിന്ത അവരില്‍ വളര്‍ത്തിയെടുക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ തൊഴില്‍ രാഹിത്യം പരിഹൃതമാകുകയുള്ളു.
വാഗ്ദാനങ്ങള്‍ നടപ്പിലാകണമെങ്കില്‍ ആദ്യമായി പൊതുഖജനാവിന്റെ ശോച്യാവസ്ഥ പരിഹൃതമാകേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക നില അതീവ ഗുരുതരമാണെന്നാണ് ധനമന്ത്രി പറയുന്നത്. ട്രഷററിയില്‍ അവശേഷിക്കുന്നത് 700കോടി രൂപയാണ്. അതേസമയം മുന്‍ സര്‍ക്കാര്‍ ട്രഷറിയില്‍ മാറ്റി വെച്ച ബില്ലുകള്‍, പെന്‍ഷന്‍ കുടിശ്ശിക, കരാറുകാര്‍ക്കുള്ള കുടിശ്ശിക എന്നിങ്ങനെ അടിയന്തിരമായി കൊടുത്തു തീര്‍ക്കേണ്ട ബാധ്യത 5784 കോടി വരും. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കണമെങ്കില്‍ മൂന്ന് വര്‍ഷമെങ്കിലും വേണ്ടി വരുമത്രെ. ഈ സാഹചര്യത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നേറണമെങ്കില്‍ കര്‍ശനമായ സാമ്പത്തിക അച്ചടക്കം ആവശ്യമാണ്. ഭരണ ചെലവില്‍ നിയന്ത്രണം എല്ലാ സര്‍ക്കാറുകളും പ്രഖ്യാപിക്കാറുണ്ടെങ്കില്‍ പ്രായോഗികമാകാറില്ല. കടുത്ത സാമ്പത്തിക ഞെരുക്കത്തിലും ഭരണരംഗത്തെയും ഉദ്യോഗതലത്തിലെയും ധൂര്‍ത്തിനും ആര്‍ഭാടത്തിനും കുറവ് വരുന്നില്ല. ഇക്കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ പ്രയോഗികമാക്കാനുള്ള ആര്‍ജവം കാണിക്കണം. ബജറ്റില്‍ ഒതുങ്ങി നിന്ന് ചെലവ് ചെയ്യുക, നികുതി ചോര്‍ച്ച തടയുക, ചെക്ക് പോസ്റ്റുകള്‍ ആധുനികവത്കരിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുക അമിതമായി കടമെടുക്കുന്ന പ്രവണതക്ക് അറുതി വരുത്തുക, കടമെടുക്കുന്ന പണം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം വിനിയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ ആശാവഹമായ മാറ്റം പ്രതീക്ഷിക്കാം.
ഉദ്യോഗസ്ഥരാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കേണ്ടത്. അവരുടെ കാര്യക്ഷമതയെ ആശ്രയിച്ചിരിക്കും സര്‍ക്കാറിന്റെ വിജയവും സംസ്ഥാനത്തിന്റെ വികസനകുതിപ്പും. മുഖ്യമന്ത്രി പറഞ്ഞത് പോലെ ജോലി ചെയ്യാതിരിക്കുന്നത് അവകാശമായി കാണുന്ന അവസ്ഥയില്‍ നിന്ന് ഉത്തരവാദിത്തം യഥാവിധി നിര്‍വഹിക്കാനുള്ള മാനസികാവസ്ഥയിലേക്ക് ഉദ്യോഗസ്ഥ വൃന്ദം ഉയര്‍ന്നുവരണം. ഭരണപക്ഷത്തിന്റെ നയങ്ങളെ അപ്പാടെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിന്റെ പിന്തിരിപ്പന്‍ നിലപാടും മാറേണ്ടതുണ്ട്. സര്‍ക്കാര്‍ നയങ്ങളിലെ അപാകങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമല്ല, നല്ല വശങ്ങളെ ഉള്‍ക്കൊണ്ട് അവയോട് സഹകരിക്കാനും പ്രതിപക്ഷത്തിന് ബാധ്യതയുണ്ട്. കക്ഷി രാഷ്ട്രീയം നാടിന്റെ വികസനത്തിന് വിലങ്ങ് തടിയാകരുത്.