Connect with us

Articles

മന്ത്രിസഭാ തീരുമാനങ്ങളും വിവരാവകാശവും

Published

|

Last Updated

വിവരം എന്നുള്ളത് അധികാരമാണ്. ആ അധികാരം ജനങ്ങളുമായി പങ്കുവെക്കാനുള്ള വൈമുഖ്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ കൈവശം വന്നുചേരുന്ന വിവരങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവെക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായാണ് ഭരണാധികാരികള്‍ പരിഗണിച്ചു വന്നിട്ടുള്ളത്. അതിന് ഒരു മാറ്റം വരുത്തുന്ന നയമമായിരുന്നു വിവരാവകാശ നിയമം. ഭരണാധികാരികളുടെ കൈയില്‍ വന്നു ചേരുന്ന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനെ സംബന്ധിച്ച വ്യവസ്ഥകളാണ് ആ നിയമത്തിന്റെ കാതല്‍.
നമ്മുടെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതു പോലും “ഓത്ത് ഓഫ് സീക്രസി” എന്ന പേരിലാണ്. മന്ത്രി എന്ന നിലയില്‍ തന്റെ കൈവശം വന്നു ചേരുന്ന വിവരങ്ങള്‍ ഒരു കാരണവശാലും പുറത്തുവിടില്ല എന്ന് സത്യം ചെയ്തുകൊണ്ട് മന്ത്രിയാകുന്ന ഒരാള്‍ ക്യാബിനറ്റില്‍ വരുമ്പോള്‍ ഇതേ രീതി അവലംബിക്കുകയാണ്. ഓത്ത് ഓഫ് സീക്രസി ഭരണഘടനയുടെ ഭാഗമായതി എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് 2005 ഒക്ടോബര്‍ 12ാം തീയതി വിവരാവകാശ നിയമം രാജ്യത്ത് നടപ്പാക്കിയത്. ഓത്ത് ഓഫ് സീക്രസിക്ക് പകരം “ഓത്ത് ഓഫ് ട്രാന്‍സ്പരന്‍സി”യാണ് വിവരാവകാശ നിയമം വിഭാവനം ചെയ്യുന്നത്. നിയമപരമായി ഒഴിവാക്കപ്പെട്ട വിവരങ്ങളൊഴികെ എല്ലാം ജനങ്ങളോട് പറയും എന്നാണ് ഒരു മന്ത്രി സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ജനങ്ങളും ഭരണകൂടവും തമ്മിലുള്ള അകലം കുറഞ്ഞിരിക്കണം. അത്തരത്തിലേക്ക് നമ്മുടെ ഭരണസംവിധാനത്തെ തന്നെ മാറ്റിമറിക്കുന്ന ഒരു നിയമം വന്നിട്ടും രഹസ്യാത്മകത നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളെ ചൂഴ്ന്നു നില്‍ക്കുകയാണ്.
രാജ്യത്തിന്റെ/ സംസ്ഥാനത്തിന്റെ പരമോന്നത നയരൂപവത്കരണ സമിതി എന്ന് വിശേഷിപ്പിക്കാവുന്ന മന്ത്രിസഭ ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ അത് പൊതുജനങ്ങള്‍ക്ക് നല്‍കണം എന്നാണ് വിവരാവകാശ നിയമം പറയുന്നത്. തീരുമാനമെടുക്കുന്നതിന് മുമ്പുള്ള നടപടിക്രമങ്ങളോ പരിഗണനയിലിരിക്കുന്ന കാര്യങ്ങളോ വെളിപ്പെടുത്തേണ്ടതില്ല. പല കാര്യങ്ങളും മന്ത്രിസഭായോഗങ്ങളില്‍ ചര്‍ച്ചാ വിഷയമാകാറുണ്ട്. രാജ്യരക്ഷയെ തന്നെ അപകടത്തിലാക്കാവുന്ന വിവരങ്ങള്‍ പുറത്തുവിടാന്‍ വൈമുഖ്യമുണ്ടാകും. ഇതെല്ലാം വിവരാവകാശ നിയമത്തില്‍ തന്നെ ഒഴിവാക്കുന്നുമുണ്ട്. അങ്ങനെയല്ലാത്ത, ജനങ്ങള്‍ അറിയേണ്ട നിരവധി തീരുമാനങ്ങള്‍ നമ്മുടെ മന്ത്രിസഭകള്‍ പതിവായി എടുക്കുന്നു. ഇതിന്റെ മുഴുവന്‍ ഗുണഫലങ്ങളും അനുഭവിക്കേണ്ടത് ജനങ്ങളാണെങ്കിലും പലപ്പോഴും ജനങ്ങള്‍ ഇത് അറിയുന്നില്ല. അങ്ങനെ മന്ത്രിസഭ ഒരു തീരുമാനമെടുക്കുമ്പോള്‍ ആ തീരുമാനം അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ സംരക്ഷിക്കുന്ന ഒരു തീരുമാനമാണ് അടുത്തിടെ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഭാഗത്തു നിന്നുണ്ടായത്.
ന്യൂക്ലിയര്‍ റെഗുലേറ്ററി ബില്‍ കേന്ദ്ര മന്ത്രിസഭ പരിഗണിക്കുകയും ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്ത സമയത്ത് അതിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷ നിരസിക്കപ്പെടുകയുണ്ടായി. ഇതേ തുടര്‍ന്ന് ഒരു നിയമം നിര്‍മിക്കുന്നതിന് ക്യാബിനറ്റ് അനുവാദം നല്‍കിയാല്‍ അതിന്റെ വിശദാംശങ്ങളും ബില്ലിന്റെ കരടും വിശദാംശങ്ങളും ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് അന്നത്തെ വിവരാവകാശ കമ്മീഷണര്‍ ശൈലേഷ് ഗാന്ധി പുറപ്പെടുവിച്ച ഉത്തരവാണ് ദേശീയ തലത്തില്‍ ഈ ദിശയില്‍ നാഴികക്കല്ലായത്. ജനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കുമ്പോള്‍ അക്കാര്യം ഉചിതമായ സമയത്ത് ജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാറിന് ചുമതലയുണ്ട്്. ഇവിടെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പുറത്തുവരുന്നത് പലപ്പോഴും മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളിലാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്ന വാര്‍ത്താ സമ്മേളനം പോലും ഒഴിവാക്കുന്ന രീതിയാണ് കാണുന്നത്. മന്ത്രിസഭ എന്തു തീരുമാനമെടുത്തുവെന്നറിയുന്നതിന് പത്രക്കുറിപ്പ് മാത്രമാണ് അവലംബം. പത്രക്കുറിപ്പ് പലപ്പോഴും പൂര്‍ണമായി കാര്യങ്ങള്‍ പറയാതെ അവര്‍ക്ക് താത്പര്യമുള്ള കാര്യങ്ങള്‍ മാത്രമാണ് മാധ്യമങ്ങളെ അറിയിക്കുന്നത്. മാധ്യമങ്ങള്‍ക്ക് ജനങ്ങളെ കാര്യങ്ങള്‍ വേണ്ട രീതിയില്‍ അറിയിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഭരണകൂടത്തിന്റെ ഈ നിരുത്തരവാദ നിലപാട് മൂലം ഉണ്ടാകുന്നത്. ഇത് ജനങ്ങളും ഭരണകൂടവും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കുന്നതിന് കാരണമാകുമെന്നതില്‍ സംശയമില്ല.
തങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ അധികാരത്തിലേറ്റിയ ഒരു സര്‍ക്കാര്‍ എന്തു ചെയ്യുന്നു എന്ന് അറിയാന്‍ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. ആ അവകാശം നിഷേധിക്കുന്ന നടപടിയാണ് വിവരാവകാശ നിയമ പ്രകാരം ആ രേഖകള്‍ നല്‍കില്ലെന്ന നിലപാടിലൂടെ സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് അഴിമതി നിറഞ്ഞ ദുരൂഹമായ 800 ഓളം മന്ത്രിസഭാ തീരുമാനങ്ങള്‍ മുന്‍ സര്‍ക്കാര്‍ എടുത്തുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതില്‍ മൂന്ന് തീരുമാനങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന് വലിയ വിവാദമായത്. മെത്രാന്‍ കായല്‍, സന്തോഷ് മാധവന്റെ വിവാദ ഭൂമി ഇടപാട്, കടമക്കുടി ഭൂമി ഇടപാട് വിവാദ ഉത്തരവുകള്‍ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും മറ്റു തീരുമാനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇത്തരത്തില്‍ ഭരണകൂടങ്ങള്‍ ഗോപ്യമായി തീരുമാനങ്ങളെടുക്കുകയും അത് നടപ്പാക്കുകയും ചെയ്യുമ്പോള്‍ ജനാധിപത്യ സര്‍ക്കാറിന് അവശ്യം വേണ്ട സുതാര്യത ഇല്ലാതാകുകയും അഴിമതിക്ക് വളക്കൂറുള്ള മണ്ണായി നമ്മുടെ ഭരണസംവിധാനം മാറുകയും ചെയ്യുന്നു. ആ സാഹചര്യത്തിലാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രസക്തമാകുന്നത്. ക്യാബിനറ്റ് തീരുമാനങ്ങള്‍ ഒരു അപേക്ഷ നല്‍കുമ്പോള്‍ കൊടുത്താല്‍ പോരാ; വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം എന്നു കൂടി കമ്മീഷന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
17 കാര്യങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും അത് അധിക വിവരങ്ങള്‍ ഉള്‍പ്പെടുത്തി കൃത്യമായി നവീകരിക്കുകയും ചെയ്യണമെന്നാണ് വിവരാവകാശ നിയമത്തിന്റെ 4-1 ബി വകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. നിയമം നിലവില്‍ വന്ന് 120 ദിവസങ്ങള്‍ക്കകം ചെയ്യണമെന്നാണ് ഇതില്‍ നിഷ്‌കര്‍ഷിച്ചിട്ടുളള്ളത്. ഈ സമയ പരിധി കഴിഞ്ഞ് പത്ത് വര്‍ഷം പൂര്‍ത്തിയായി. എന്നിട്ടും നമ്മുടെ ബഹുഭൂരിപക്ഷം ഭരണ സ്ഥാപനങ്ങളും ഈ വ്യവസ്ഥ നടപ്പാക്കിയിട്ടില്ല എന്നതാണ് ദൗര്‍ഭാഗ്യകരം. ഈ ഭരണ സംവിധാനത്തില്‍ എന്ത് നടക്കുന്നു, അവരുടെ തീരുമാനം എന്താണ്, ഏത് കമ്മിറ്റികള്‍ എന്ന് കൂടി, അവരുടെ ബജറ്റ് വിഹിതം എത്രയാണ് ഇത്തരം സുപ്രധാന തീരുമാനങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. സ്ഥാപനത്തിന്റെ മേധാവി ആരാണെന്ന വിവരം പോലും പല സ്ഥാപനത്തിന്റെയും വെബ് സൈറ്റുകളില്‍ ഉണ്ടാകാറില്ല. ബ്യൂറോക്രസി ഇലക്ട്രോണിക് സംവിധാനങ്ങളെ ശക്തമായി ഉപയോഗിക്കുന്ന ഈ കാലത്ത് സമ്പൂര്‍ണ സാക്ഷരത കൈവരിച്ച ജനതയില്‍ നിന്ന് വിവരങ്ങള്‍ മറച്ചു പിടിക്കുന്നത് യാദൃശ്ചികല്ല. പ്രധാനപ്പെട്ട ചില ഉത്തരവുകള്‍ പോലും അത് അപ്‌ലോഡ് ചെയ്ത ശേഷം പിന്‍വലിക്കുകയും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്ന രീതിയും കണ്ടുവരുന്നു. ചില ഉത്തരവുകള്‍ പുറത്തുവിട്ടാല്‍ തത്പര കക്ഷികള്‍ കേസ് കൊടുക്കാന്‍ സാധ്യതയുണ്ടെന്നും ആ രേഖകള്‍ ഉപയോഗിച്ച് നടപടികള്‍ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും മറ്റുമാണ് പറയുന്ന ന്യായം. പക്ഷേ, ഇതൊക്കെ ജനാധിപത്യത്തില്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ്്. നമ്മുടെ രാജ്യത്തെ ജുഡീഷ്യറിക്ക് നിയമവിരുദ്ധ ഉത്തരവുകള്‍ റദ്ദാക്കാനോ സ്റ്റേ ചെയ്യാനോ ഉള്ള അധികാരം ഭരണഘടനാദത്തമാണ്. അതിനെ ഒരു ഭരണാധികാരിയും ഭയപ്പെട്ടിട്ട് കാര്യമില്ല. ഉത്തരവുകള്‍ പുറത്തുവിടാതെ ഭരണസംവിധാനത്തെയും സെക്രട്ടേറിയറ്റിന്റെ ഉപശാലകളെയും രഹസ്യാത്മകമായി നിലനിര്‍ത്തുന്ന ഭരണമല്ല ജനാധിപത്യത്തില്‍ വിവക്ഷിക്കുന്നത്.
ഇത്തരം സംഭവങ്ങളാണ് കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന കാലത്ത് നമ്മള്‍ കണ്ടത്. പല തീരുമാനങ്ങളും രഹസ്യമായി എടുത്തു. പലതും രഹസ്യമായി നടപ്പാക്കി. അതിന്റെ ഓരോ വിവരങ്ങളും ഇപ്പോഴും ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. പുതിയ സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ച് അതിലെ തെറ്റായ തീരുമാനങ്ങള്‍ തിരുത്തുന്നതിന് നടപടിയെടുക്കുകയാണ്. ഭാവിയില്‍ ഈ സര്‍ക്കാറിന്റെ അഞ്ച് വര്‍ഷത്തെ തീരുമാനങ്ങള്‍ തിരുത്താന്‍ പിന്നാലെ വരുന്ന സര്‍ക്കാറിന് മറ്റൊരു ഉപസമതിയെ നിയോഗിക്കേണ്ടി വന്നേക്കാം. തെറ്റ് തിരുത്തുക എന്നത് അതാത് സമയത്ത് ചെയ്യേണ്ടതാണ്. ജനങ്ങള്‍ ഈ പ്രശ്‌നം മാധ്യമങ്ങളിലൂടെ അറിയുകയും കോടതികളില്‍ ചോദ്യം ചെയ്യുകയും കോടതികള്‍ നിയമവിരുദ്ധ കാര്യങ്ങളുണ്ടെങ്കില്‍ ഇടപെടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ കടന്നുപോയാലേ സംശുദ്ധ ഭരണം ഉണ്ടാകൂ. അത്തരമൊരു ഭരണ സംവിധാനമാണ് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം. അത്തരമൊരു സുതാര്യതയും പ്രതിബദ്ധതയും ഭരണത്തിലുണ്ടായാല്‍ മാത്രമേ അഴിമതി ഇല്ലാതാക്കാന്‍ കഴിയൂ. അഴിമതി ഇല്ലായ്മ ചെയ്യുക എന്നതാണ് വിവരാവകാശ നിയമത്തിന്റെ ആത്യന്തിക ലക്ഷ്യം. അഴിമതി ഇല്ലായ്മ ചെയ്യണമെങ്കില്‍ ആ സംവിധാനം വളരെ സുതാര്യതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. പുറത്തു നിന്ന് കാണാന്‍ കഴിയുന്നതാകണം ഭരണ സംവിധാനം. ഇവിടെ പുറത്തു നിന്ന് കാണാന്‍ കഴിയുന്നില്ല എന്ന് മാത്രമല്ല അകത്ത് എന്ത് നടക്കുന്നു എന്ന് ആര്‍ക്കുമറിയാന്‍ കഴിയാത്ത രാവണന്‍ കോട്ടയായി സെക്രട്ടേറിയറ്റിനെ മാറ്റുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്.
മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ മിനുട്‌സ് ആവശ്യപ്പെട്ട് പഴയ സര്‍ക്കാറിന്റെ കാലത്ത് ചീഫ്് സെക്രട്ടറിയുടെ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കാണ് ഈ ലേഖകന്‍ അപേക്ഷ കൊടുത്തത്. “സ്ട്രിക്ട്‌ലി കോണ്‍ഫിഡന്‍ഷ്യല്‍” എന്ന് പറഞ്ഞ് ഉദ്യോഗസ്ഥന്‍ ആ അപേക്ഷ നിരസിച്ചു. അതിനെ ചോദ്യം ചെയ്ത് കമ്മീഷനില്‍ അപ്പീല്‍ നല്‍കി. മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാന്‍ അവകാശമുണ്ടെന്നും പത്തു ദിവസത്തിനകം നല്‍കണം എന്നും വിവരാവകാശ കമ്മീഷണര്‍ എം എന്‍ ഗുണവര്‍ധനന്‍ ഉത്തരവിട്ടതോടെയാണ് തിരഞ്ഞെടുപ്പിന് മുമ്പ് എടുത്ത വിവാദ തീരുമാനങ്ങളുടെ പകര്‍പ്പ് പുറത്തുവന്നത്. അത് പുറത്തുവന്നപ്പോഴാണ് അറിയുന്നത് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇല്ലാതിരുന്ന പല കാര്യങ്ങളും അതില്‍ ഉണ്ടെന്ന്.
ശബരി പാതയുടെ കാര്യത്തിലുള്ള തീരുമാനമാണ് ഇതിലൊന്ന്. ചെലവഴിക്കുന്ന പണത്തിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയാല്‍ മാത്രമേ പദ്ധതി യാഥാര്‍ഥ്യമാകൂവെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശമുള്ളത്. ഒരു പൈസയും കൊടുക്കാന്‍ കഴിയില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചതിലൂടെ ശബരിപാത യാഥാര്‍ഥ്യമാകില്ല എന്ന വിവരം വിവരാവകാശ രേഖയിലൂടെയാണ് പുറത്തുവന്നത്. അതിന് ശേഷം സര്‍ക്കാര്‍ ആ നിലപാട് തിരുത്തി. ശബരി റെയില്‍പാതക്ക് വേണ്ടി ഒരുപാടു പേരെ സര്‍ക്കാര്‍ ഒഴിപ്പിച്ചിരുന്നു. ഭൂമിയുടെ ക്രയവിക്രയം മരവിപ്പിച്ചതിനാല്‍ അവര്‍ക്ക് ഭൂമി വില്‍ക്കാന്‍ കഴിയാതെ വന്നു. ജോലി വാഗ്ദാനവും നടപ്പായില്ല. ഒരുപാട് പേരുടെ ജീവിതം ഈ വിധത്തിലാക്കിയ ഒരു സ്വപ്‌ന പദ്ധതിയാണ് ഒരു സുപ്രഭാതത്തില്‍ വേണ്ട എന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പദ്ധതിക്ക് പണമൊന്നും നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നതിലൂടെ പാതിവഴിയിലായ പദ്ധതി അവിടെ അവസാനിക്കുകയാണ്. അത്തരമൊരു സുപ്രധാന തീരുമാനമെടുത്തിട്ടും അന്നത്തെ മുഖ്യമന്ത്രി അക്കാര്യം ക്യാബിനറ്റ് ബ്രീഫിംഗില്‍ പറഞ്ഞില്ല. ജനങ്ങള്‍ അതേക്കുറിച്ച് അറിഞ്ഞില്ല. മാസങ്ങള്‍ക്ക് ശേഷം വിവരാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് പുറത്തുവന്നത്.
അന്നത്തെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അദ്ദേഹത്തിന്റെ സ്വപ്‌ന നിയമം എന്ന നിലയില്‍ “കേള്‍ക്കപ്പെടാനുള്ള അവകാശ”ത്തിന് വേണ്ടി ശബ്ദമുയര്‍ത്തി. മധ്യപ്രദേശിലെ നിയമത്തിന്റെ മാതൃകയില്‍ നിയമം നടപ്പാക്കണമെന്ന് സര്‍ക്കാറിനോട് അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സബ് കമ്മിറ്റി രൂപവത്കരിച്ച് വിശദ പഠനത്തിന് ശേഷം ഒരുബില്ല് തയ്യാറാക്കുകയും മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ബില്ലിന് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല. ജി കാര്‍ത്തികേയന്‍ മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ചേര്‍ന്ന മന്ത്രിസഭാ യോഗം ആ ബില്ല് പിന്‍വലിക്കുകയായിരുന്നുവെന്ന് മാസങ്ങള്‍ക്ക് ശേഷം വിവരാവകാശ നിയമപ്രകാരമാണ് പുറത്തുവന്നത്.
ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നിയമനിര്‍മാണങ്ങള്‍ പോലും ഭരണകൂടത്തിന്റെ ഗര്‍ഭഗൃഹങ്ങളില്‍വെച്ച് കുരുതി കഴിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും ലഭിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഏത് സര്‍ക്കാര്‍ വന്നാലും ഈ അവസ്ഥയില്‍ മാറ്റം ഉണ്ടാകുന്നില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ വിവാദമന്ത്രിസഭാ യോഗങ്ങളുടെ പകര്‍പ്പ് പുതിയ ഗവണ്‍മെന്റ് വന്ന ശേഷം ചോദിച്ചപ്പോള്‍ അത് നല്‍കാനാകില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. പുതിയ സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന്റെ മിനുട്‌സ് ഒരാള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ അതും നല്‍കാന്‍ കഴിയില്ലെന്ന മറുപടി ലഭിച്ചു. ഈ ഉത്തരവുകളെല്ലാം നല്‍കുന്നത് പഴയ സര്‍ക്കാറിന്റെ കാലത്ത് ഈ വകുപ്പ് കൈകാര്യം ചെയ്ത പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തന്നെയാണ്. സര്‍ക്കാറുകള്‍ മാറുമ്പോഴും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുന്നില്ല എന്നാണിത് കാണിക്കുന്നത്. സെക്രട്ടേറിയറ്റിലെയും കലക്ടറേറ്റുകളിലെയും സര്‍വീസ് സംഘടനാ നേതാക്കള്‍ ലിസ്റ്റ് നല്‍കി അവര്‍ക്ക് താത്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിന് സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടും ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലിരിക്കുന്ന സുപ്രധാന ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥനരെ മാറ്റാന്‍ നടപടിയുണ്ടാകുന്നില്ല. വിവരാവകാശത്തിന്റെ കാര്യത്തില്‍ മാറി വരുന്ന സര്‍ക്കാറുകളെല്ലാം ഒരേ തൂവല്‍പക്ഷികളാണെന്നാണിത് കാണിക്കുന്നത്. ഭരണാധികാരികള്‍ അവരുടെ കൈവശം വന്നുചേരുന്ന വിവരങ്ങള്‍ ജനങ്ങളുമായ.ി പങ്കുവെക്കുന്നതില്‍ വൈമുഖ്യമാണ് പ്രകടിപ്പിച്ചുപോരുന്നത്. കാരണം, വിവരം എന്നുള്ളത് അധികാരമാണ്. ആ അധികാരം പങ്കിടുന്നതിലൂടെ തങ്ങളുടെ കൈയിലുള്ള അധികാരം നഷ്ടപ്പെടുമോ എന്ന ആശങ്ക ഉദ്യോഗസ്ഥ ബ്യൂറോക്രസിയെ പോലെ തന്നെ പൊളിറ്റിക്കല്‍ ബ്യൂറോക്രസിയെയും ഭരിക്കുന്നു. ഈ അവസ്ഥക്ക് മാറ്റമുണ്ടാകണം. സര്‍ക്കാറിന്റെ കൈവശം വന്നുചേരുന്ന വിവരങ്ങളെക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് പാര്‍ലമെന്റ് അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. പാര്‍ലിമെന്റ് പാസാക്കിയ ആ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല എന്ന പ്രാഥമിക വസ്തുത പോലും നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് അറിയാത്തതുകൊണ്ടാകണം പല സുപ്രധാന വിവരങ്ങളും മറച്ചുവെക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ അവസ്ഥക്ക് മാറ്റമുണ്ടാകുന്നതിന് തുടക്കം കുറിക്കുന്ന സുപ്രധാന ഇടപെടലാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തണമെന്ന ഉത്തരവിലൂടെ വിവരാവകാശ കമ്മീഷന്‍ നടത്തിയിരിക്കുന്നത്. അത് മുന്‍ സര്‍ക്കാറിന്റെ കാലത്ത് എടുത്ത മന്ത്രിസഭാ തീരുമാനങ്ങള്‍ക്ക് മാത്രമല്ല ഇനിയങ്ങോട്ടുള്ള എല്ലാ മന്ത്രിസഭാ യോഗങ്ങള്‍ക്കും ബാധകമാണ്. ഒരു അപേക്ഷക്ക് വേണ്ടി കാത്തു നില്‍ക്കാതെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 48 മണിക്കൂറിനകം മന്ത്രിസഭാ തീരുമാനങ്ങള്‍ അപ്‌ലോഡ് ചെയ്തുകൊണ്ട് വിവരം പൊതുജനങ്ങള്‍ക്ക് സ്വമേധയാ നല്‍കണമെന്ന്് നിര്‍ദേശിച്ചതിലൂടെ പാര്‍ലമെന്റ് വിവരാവകാശ നിയമം പാസാക്കിയതിന്റെ ലക്ഷ്യമാണ് സാര്‍ഥകമാകുന്നത്.

Latest