ഉപഭോക്താക്കളുടെ സംതൃപ്തി: നൂതന പദ്ധതിയുമായി ട്രാ

Posted on: June 24, 2016 10:52 pm | Last updated: June 24, 2016 at 10:52 pm

Image 1ദുബൈ: ഉപഭോക്തൃസേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ടെലി കമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി (ട്രാ) ‘എര്‍ടിഖ’ എന്ന നൂതന പദ്ധതിയുമായി രംഗത്ത്.
യു എ ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ പദ്ധതി. ഇതിലൂടെ ഇത്തിസലാത്ത്, ഡു ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സംതൃപ്തി, കസ്റ്റമര്‍ സര്‍വീസ് സെന്ററുകളുടെ പ്രവര്‍ത്തനം നിലവാരമുള്ളതുമാക്കിത്തീര്‍ക്കുക എന്നിവയാണ് ലക്ഷ്യം വെക്കുന്നത്.
ടെലിക്കോം സേവന ദാതാക്കളുടെ ഉത്പന്നങ്ങളുടെയും സേവനങ്ങളെയും വിശദാംശങ്ങള്‍ മികച്ച രീതിയില്‍ ഉപഭോക്താക്കളുടെ ഇടയില്‍ എത്തിക്കുക. ഉന്നത നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് സേവനങ്ങളില്‍ പരിപൂര്‍ണ സംതൃപ്തി നല്‍കുന്നതാക്കുക. ടെലികോം തൊഴിലാളികളുടെ സേവനങ്ങള്‍ കാലോചിതവും, കാര്യക്ഷമതയുള്ളതും, അവരുടെ തൊഴില്‍ വൈശിഷ്ട്യം മികച്ചതുമാക്കുക തുടങ്ങിയതാണ് ‘എര്‍ട്ടിമ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിയിലൂടെ പ്രാവര്‍ത്തികമാക്കുക. ടെലികമ്യൂണിക്കേഷന്‍ സര്‍വീസ് സെന്ററുകളുടെ സേവനങ്ങള്‍ ഉന്നത നിലവാരത്തിലേക്കെത്തിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് പരിപൂര്‍ണ സംതൃപ്തി നല്‍കുക എന്നാണ് ട്രാ മുഖ്യമായി ലക്ഷ്യം വെക്കുന്നതെന്ന് പുതിയ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ട്രാ ഡയറക്ടര്‍ ജനറല്‍ ഹമദ് ഉബൈദ് അല്‍ മന്‍സൂരി പറഞ്ഞു.
വിവിധ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വിനിമയങ്ങള്‍ സൗകര്യപ്രദമാക്കുന്നതിന് സ്മാര്‍ട് സെല്‍ഫ്-സര്‍വീസ് ഉപകരണങ്ങള്‍, സ്മാര്‍ട് ആപ്ലിക്കേഷനുകള്‍, സധാസമയം പ്രവര്‍ത്തന സജ്ജമായ തങ്ങളുടെ ഇ-പോര്‍ട്ടല്‍ സേവനങ്ങള്‍, ഉപഭോക്തൃസേവന കേന്ദ്രങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് ഇത്തിസലാത്ത് സി ഇ ഒ സാലഹ് അല്‍ അബ്ദുലി അറിയിച്ചു.
ട്രായുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ കണിശമായി നടപ്പിലാക്കുന്നതിലൂടെ ടെലികോം ഉപഭോക്താക്കളായ വിവിധ ജന വിഭാഗങ്ങള്‍ക്കിടയില്‍ മികച്ച സേവനങ്ങള്‍ കൊണ്ട് സംതൃപ്തി കൈവരിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഡു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉസ്മാന്‍ സുലൈമാന്‍ പറഞ്ഞു.